തിരുവനന്തപുരം: യുഎഇ കോണ്‍സലേറ്റു മുഖേനെയുള്ള കള്ളക്കടത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം മുറുകുമ്പോള്‍ അത് ജന്മഭൂമി വാര്‍ത്തയ്‌ക്കുള്ള അംഗീകാരം. ജന്മഭൂമി വാര്‍ത്ത നിഷേധിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ജലീലിനു സ്വയം കുരുക്കായിരിക്കുന്നത്. നിഷേധിക്കാനാകാത്ത തെളിവും. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തതോടെ രാജിയിലേയ്‌ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരളാ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.
അനുമതിയില്ലാതെ മന്ത്രി കെ.ടി. ജലീല്‍ യുഎഇയില്‍ നിന്ന് സഹായം സ്വീകരിച്ചെന്നതിനാണ് കേന്ദ്രധനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. യുഎഇ കോണ്‍സുലേറ്റിന്റെ റമസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന് പരാതികള്‍ ലഭിച്ചത്. ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ടും ജലീല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ഇടപെടുന്നതിനുള്ള ചട്ടങ്ങൾ പൂർണമായി ലംഘിക്കപ്പെട്ടുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിഗമനം.
സ്വര്‍ണ്ണക്കള്ളക്കത്തു കേസുമായി ജലീലിനുള്ള ബന്ധത്തെക്കുറിച്ച് ജന്മഭൂമി ഓണ്‍ലൈനാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ‘സ്വപ്നയെ കൂടുതല്‍ വിളിച്ചത് മന്ത്രി കെ ടി ജലീല്‍’ എന്ന തലക്കെട്ടില്‍ ജൂലൈ 11 ന് രാവിലെ നല്‍കിയ വാര്‍ത്തയില്‍ ജലീല്‍ 100 ല്‍ അധികം തവണ സ്വപ്‌ന സുരേഷിനെ വിളിച്ചതായി പറഞ്ഞിരുന്നു. വാര്‍ത്ത തെറ്റാണെന്നു പറഞ്ഞ് ഭീഷണിയും പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഉണ്ടായി. ഫലിക്കില്ലന്നു കണ്ടപ്പോള്‍ കേസുകൊടുക്കുമെന്നു പറഞ്ഞ് വക്കീല്‍ നോട്ടീസും അയച്ചു. മറ്റ് മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരുന്നതിനാല്‍ ‘ജന്മഭൂമി’ വാര്‍ത്ത തെറ്റാണെന്നു പറയാന്‍ ജലീല്‍ 14 ന് നടത്തിയ പത്ര സമ്മേളനമാണ് സ്വയം കുരുക്കായത്.
‘100 ലധികം തവണ വിളിച്ചതായി ജന്മഭുമി എഴുതിയത് തെറ്റാണ്. വിളിച്ചിട്ടുണ്ട്. അത് റംസാന്‍ കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു. കോണ്‍സലേറ്റ് അറ്റാഷെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്’ എന്നു പറഞ്ഞുകൊണ്ട് വാട്‌സ് അപ്പ് മെസേജിന്റെ കോപ്പിയും നല്‍കി. തവണ എത്രയാണെങ്കിലും മന്ത്രി കോണ്‍സലേറ്റ് ഉദ്യോഗസ്ഥരെ വിളിച്ചത് ചട്ടവിരുദ്ധമാണെന്നു വന്നതോടെ കൂടുതല്‍ വിശദീകരണവുമായി ജലീല്‍ വീണ്ടും രംഗത്തു വന്നു.
റംസാന്‍ കിറ്റിന്റെ ബില്ലിന്റെ കാര്യം പറയാനാണെന്നും കിറ്റിനൊപ്പം വിശുദ്ധ ഖുറാന്‍ ഉണ്ടായിരുന്നു എന്നു കൂടി ജലീല്‍ ഫേസ് ബുക്കിലൂടെ വിശദീകരിച്ചു. ഇതെല്ലാം സ്വയം ശക്തമായ തെളിവു നൽകലായി. യുഎഇ സര്‍ക്കാറില്‍ നിന്ന് റംസാന്‍ കിറ്റിനായി 5 ലക്ഷം രൂപ കിട്ടിയതായി ജലീല്‍ സമ്മതിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റമാണ്. ഖുറാന്‍ കടത്തിയത് നിയമവിരുദ്ധവുമാണ്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഖകളും കടത്തിയിട്ടുണ്ടോ എന്നത് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
അവിശ്വാസ പ്രമേയ ചർച്ചയക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വിശദീകരണവും ഫലത്തിൽ ജലീലിന് വിനയായി. മന്ത്രി അറ്റാഷെയുമായി സംസാരിച്ചതും ഖുറാൻ കൊണ്ടുവന്നതും ഒക്കെ നടന്നുവെന്നത് സഭാ രേഖയിലായി.പത്രസമ്മേളനത്തിൽ പറഞ്ഞതും ഫേസ് ബുക്കിൽ എഴുതിയതും കോടതിയിൽ മാറ്റി പറയാം. എന്നാൽ നിയമസഭാ രേഖയിലുള്ളത് അന്വേഷണ ഏജൻസിക്ക് തെളിവായി കോടതിയിൽ ഹാജരാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: