ദൈവങ്ങളായാലും മനുഷ്യരായാലും മക്കള്‍, അതൊരു വികാരമാണ്. അഴിമതിയും അതിക്രമങ്ങളും എന്നുവേണ്ട ഏത് കുന്ത്രാണ്ടമായാലും മക്കള്‍ ചെയ്തത് ധീരകൃത്യമാണെന്ന് വിശേഷിപ്പിക്കാന്‍ ഏത് അച്ഛനും അമ്മയും രക്ഷിതാക്കളും സന്നദ്ധരാകാറുണ്ട്. അപൂര്‍വം ചില ഉദാഹരണങ്ങള്‍ ഇല്ലാതില്ല. എനിക്ക് ഇങ്ങിനെ ഒരു അച്ഛനില്ലെന്ന് പ്രസ്താവിച്ച രാഷ്ട്രീയ നേതാവാണ് കെ. മുരളീധരന്. എനിക്കിങ്ങനെ ഒരു മകനില്ലെന്ന് കെ. കരുണാകരന് പറഞ്ഞോ? സംശയമാണ്. മുരളീധരന് അച്ഛനെ തിരിച്ചറിഞ്ഞോ? അത് ഇതുവരെ പരസ്യമാക്കപ്പെട്ടിട്ടില്ല.
ഇതൊക്കെ പഴയ കഥ. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന് പറയുന്നു ‘ബിനീഷേ, അവന് തെറ്റുകാരനാണെങ്കി’ല്‍ ശിക്ഷിക്കപ്പെടട്ടെ. ആര്‍ക്കുണ്ട് ആശങ്ക! ബിനോയ്യും ബിനീഷും കോടിയേരി ബാലകൃഷ്ണന് എന്ന സിപിഎം നേതാവിന്റെ മക്കളാണെന്നാണ് മാലോകരും മാര്‍ക്സിസ്റ്റുകാരും വിശ്വസിക്കുന്നത്. കോടിയേരിയും ഭാര്യ വിനോദിനിയും തള്ളിപ്പറയാത്തിടത്തോളം മറിച്ചൊന്നും ചിന്തിക്കാനേ പറ്റില്ല.
ഇവര്‍ കമ്യൂണിസ്റ്റുകാരാണോ എന്നു ചോദിച്ചാല്‍ ഉത്തരം പറയേണ്ടത് ആരാണ്? കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഒരു കേന്ദ്രവിരുദ്ധ പ്രക്ഷോഭം (1) നടന്നിരുന്നു. അതില്‍ പങ്കെടുത്തവരുടെ ചിത്രം നന്നായി മാധ്യമങ്ങൡ വന്നിട്ടുണ്ട്. അതില്‍ കോടിേയരി ബാലകൃഷ്ണനുണ്ട്. മകന് ബിനീഷുണ്ട്. കൊച്ചുമക്കളുമുണ്ട്.
പിന്നെങ്ങനെ ബാലകൃഷ്ണനും ബിനീഷും കുടുംബപരമായും പാര്‍ട്ടിപരമായും ബന്ധമിലെന്നു പറയും!
അതവിടെ നില്ക്കട്ടെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പാക്കണം എന്ന് കേണപേക്ഷിച്ച വാര്‍ത്ത കണ്ടു. അതിനുശേഷമാണ് എന്താണ് സംഭവിച്ചതെന്ന് അനേ്വഷിച്ചത്. സ്ത്രീവിരുദ്ധ പ്രസ്താവനയായിരുന്നു വിഷയം. സ്ത്രീപീഡനം ഡിവൈഎഫ്ഐക്കാരുടെ കുത്തകയാണാ എന്നോ മറ്റോ രമേശ് പറഞ്ഞത്രെ. രമേശ് സ്ത്രീവിഷയത്തില്‍ പക്വതയും പാകതയും പുലര്‍ത്തുന്ന നേതാവാണ്. എന്നിട്ടും എന്തേ ഇങ്ങിനെ എന്ന് ആരും ചോദിച്ചുപോകും!
ഇ.കെ. നായനാരുടെ പ്രസ്താവനയുമായി തട്ടിച്ചുനോക്കിയാല്‍ രമേശിന്റെ പരാമര്‍ശം വളരെ വളരെ ദുര്‍ബ്ബലം. പാതിരാമണലില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടതായിരുന്നു പ്രശ്നം. മുഖ്യമന്ത്രിയോട് കുസൃതിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ വിഷയം ആരാഞ്ഞു. ”പെണ്ണ് എവിടെ ഉണ്ടോ അവിടെയൊക്കെ പീഡനവും ഉണ്ടാകും.” അന്ന് ഒരു സ്ത്രീപക്ഷവാദികളും വാളോങ്ങിയില്ല. നായനാര്‍ക്ക് മാപ്പുപറയേണ്ടിയും വന്നില്ല. നായനാര്‍ ഒരു പടികൂടി കടന്ന് പറഞ്ഞു: ”അമേരിക്കയിലൊക്കെ ഇവിടെ ചായ കുടിക്കുംപോലെയാണ് സ്ത്രീപീഡനം. നായനാര്‍ മിടുക്കന്. ഒന്നും സംഭവിച്ചില്ല. ഇവിടെ ചെന്നിത്തല മാപ്പ് അപേക്ഷിച്ചു. എല്ലാം നല്ലതിന്.
കാലം മാറി. കഥയും മാറിമറിഞ്ഞു. പണ്ട് നായരു പിടിച്ച പുലിവാല് എന്നൊരു സിനിമ വന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടായിരുന്നോ? ഒരു നായരും മിണ്ടിയില്ല. പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നൊരു സിനിമ വന്നപ്പോള്‍ പോരെ പൂരം! വിവിധ സംഘടനകള്‍ രംഗത്തുവന്നു. അങ്ങിനെയാണ് ജയറാം നായകനായ ആ സിനിമ ‘പൊന്മുട്ടയിടുന്ന താറാവ്’ ആയത്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുത്തൂടാ എന്നൊരു ചൊല്ലുണ്ട്. അതിപ്പോള്‍ പ്രയോഗിച്ചാല്‍ പൊതിരെ തല്ലുകിട്ടിയില്ലെങ്കിലാണ് അത്ഭുതം.
പാണ്ഡവര്‍ക്കെല്ലാം കൂടി ഒരു ഭാര്യ. മഹാഭാരതത്തിലെ ഇക്കാര്യം പറഞ്ഞാലും നില്ക്കപ്പൊറുതി ഉണ്ടാകില്ല. അതും മറന്നേക്കാം എന്നേ പറയാനുള്ളൂ. പെണ്ണായാല്‍ ഒതുക്കവും അടക്കവും വേണമെന്നാണ് പഴമക്കാര്‍ പറയാറ്. ഇതൊക്കെ ചിന്തിക്കുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രന് കടന്നുവരുന്നത്.
മുല്ലപ്പള്ളി എന്നു പറഞ്ഞാല്‍ സ്വാതന്ത്ര്യസമരസേനാനി ഗോപാലേട്ടന്റെ മകനാണ്. എംപി, കേന്ദ്രമന്ത്രി. ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെക്കുറിച്ചെന്തോ പറഞ്ഞു. നാട്ടുകാരും മന്ത്രിയും ഓര്‍ക്കുന്നില്ല. മുല്ലപ്പള്ളി മാപ്പുപറയണമെന്ന് മുറവിളി. പറഞ്ഞതിനെക്കുറിച്ച് വിശദീകരിച്ചതല്ലാതെ മാപ്പൊന്നും മുല്ലപ്പള്ളി പറഞ്ഞില്ല. എന്റെ ശൈലി സ്ത്രീവിരുദ്ധമേ അല്ലെന്ന് മുല്ലപ്പള്ളി. പക്ഷേ ഏതൊരു മന്ത്രിയും ചെയ്യുംപോലെ ഗസ്റ്റ് ഹൗസില്‍ ഇരുന്ന് അവലോകനം ചെയ്തതുപോലെ ശൈലജയും ചെയ്തു എന്ന പരാമര്‍ശത്തെ എന്തിനിങ്ങനെ വിമര്‍ശിക്കുന്നു എന്നും മുല്ലപ്പള്ളി. എന്തായാലും കൊള്ളാം കാലം മാറിയും കലയും മാറി. നോക്കിയും കണ്ടും പെരുമാറിയില്ലെങ്കില്‍ പണി കിട്ടും.
രാഷ്ട്രപിതാവ് മഹാത്മജിക്ക് മക്കളുണ്ടായിരുന്നു. അവരെ രാഷ്ട്രീയക്കാരാക്കാനോ മാഫിയകളാക്കാനോ സമ്പന്നരാക്കാനോ മഹാത്മജി ശ്രമിച്ചില്ല. അത് വലിയ അപരാധം എന്ന് പറയുന്നവരുണ്ടാകാം. അതിനൊരു തിരുത്തല്‍ നെഹ്റു മുതല്‍ തുടങ്ങി. മകളെ കോണ്‍ഗ്രസ്സ് പ്രസിഡന്റാക്കി. പിന്നെ പ്രധാനമന്ത്രി. അവര്‍ക്കുശേഷം മകന് പ്രധാനമന്ത്രി. അയാള്ക്ക്ശേഷം ഭാര്യ കോണ്‍ഗ്രസ് അധ്യക്ഷ. അവര്‍ക്കുശേഷം ആരൊക്കെ എന്തൊക്കെ……’. കഥ തുടരുമ്പോള്‍ കക്ഷികള്‍ക്ക് എന്തിന് അയിത്തം? നാളെ ബിനേഷോ ബിനോയിയോ ആകാം കേരളത്തിന്റെ നായകര്‍. മക്കള്‍ മാഹാത്മ്യം ഒരു തുടര്‍ക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: