കാസര്‍കോട്: ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി സംസ്ഥാനത്തിന് കൈമാറിയെങ്കിലും ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് രൂപരേഖയായില്ല. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പും ആശയക്കുഴപ്പത്തിലാണ്.
സാധാരണഗതിയില്‍ പുതിയ ആശുപത്രി വരുമ്പോള്‍ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഒട്ടേറെയുണ്ട്. എത്ര കിടക്കകളുള്ള ആശുപത്രിയാണെന്നും എന്തൊക്കെ സംവിധാനങ്ങളാണ് അവിടെയുള്ളതെന്നും കണക്കാക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഒരു രൂപരേഖയുണ്ടാക്കും. ഇത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അയച്ചുകൊടുക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ പ്ലാനിങ് വിഭാഗം ഇതു പരിശോധിക്കുകയും അംഗീകാരം നല്‍കുകയും വേണം.
തുടര്‍ന്ന് ധനകാര്യവകുപ്പിലേക്കും മന്ത്രിസഭയിലേക്കും അംഗീകാരത്തിനായി അയയ്ക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജീവനക്കാരെ നിയമിച്ചു തുടങ്ങും.
ടാറ്റാ ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഏതുരീതിയിലുള്ള നടപടിക്രമങ്ങളാണ് വേണ്ടതെന്ന് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറയുന്നത്.
ഡോക്ടര്‍മാരുള്‍പ്പെടെ 400ലധികം ജീവനക്കാരുടെ തസ്തിക കണക്കാക്കുന്ന പട്ടികയാണ് പ്രാഥമികമായി തയ്യാറാക്കിയത്. ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുള്‍പ്പടെ 273 തസ്തിക നേരത്തെ അംഗീകരിച്ചിരുന്നു.
പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാതെ ഈ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത്രയും ജീവനക്കാരെ നിയമിക്കേണ്ടിയും വന്നില്ല. ബാക്കിയുള്ള ജീവനക്കരെ ടാറ്റാ ആശുപത്രിയിലേക്ക് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: