തൃശൂര്‍: ക്ഷേത്രകലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അഷ്ടമിരോഹിണി നാളില്‍ നല്കി വരുന്ന പുരസ്കാരമായ ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം 2020 കൊമ്പ് വാദ്യ കലാകാരനായ മച്ചാട് രാമകൃഷ്ണന് നായര്‍ക്ക് സമര്‍പ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചു.
പുരസ്കാര തുകയായ 25,555 രൂപയും പ്രശസ്തി പത്രവും ഫലകവും ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. കെ. ബി മോഹന്‍ദാസ് മച്ചാട് രാമകൃഷ്ണന് നായര്‍ക്ക് നല്കി. ഭരണസമിതിയംഗം ഇ. പി. ആര് വേശാല മാസ്റ്റര്‍, കെ. വി ഷാജി, എ. വി പ്രശാന്ത്, മുന്‍ എംഎല്‍എ കെ. അജിത്, പത്മശ്രീ പെരുവനം കുട്ടന്മാരാര്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി, മച്ചാട് രാമകൃഷ്ണന് നായരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാ പുരസ്കാരം കൊമ്പ് വാദ്യ കലയ്ക്ക് നല്‍കുന്നത്. ലോക ഗിന്നസ് ബുക്കില്‍ ഇടം നേടിയ കല കൂടിയായ കൊമ്പ് വാദ്യത്തിന് അംഗീകാരം നല്കാന് കഴിഞ്ഞതില്‍ ഗുരുവായൂര്‍ ദേവസ്വം സന്തോഷം അറിയിച്ചു. പതിനൊന്നാം വയസ്സില്‍ കൊമ്പ് വാദ്യകല ആരംഭിച്ച മച്ചാട് രാമകൃഷ്ണന് നായര്‍ കഴിഞ്ഞ 31 വര്‍ഷമായി തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യത്തിന് കൊമ്പ് വാദ്യം അവതരിപ്പിച്ചു വരുന്നു. 2010ല്‍ കേരള സംഗീത അക്കാദമി പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പൂമുള്ളി ഏഴാം തമ്പുരാന് പുരസ്കാരം, കാലടി ശ്രീകൃഷ്ണ ക്ഷേത്ര സുവര്‍ണ മുദ്ര പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: