കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രീകൃഷ്ണമാതൃക കൈവിട്ടതാണ് പ്രകൃതി നശിക്കാനും ജലാശയങ്ങള്‍ മലിനമാകാനും കാരണമായതെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഫേസ്ബുക്ക് ലൈവിലൂടെ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കുകയായിരുന്നു സ്വാമിജി.
കാളിയന് യമുനയെ വിഷമയമാക്കിയപ്പോള്‍ ഉണ്ണിക്കണ്ണന് കാളിയന്റെ ശിരസ്സില്‍ നൃത്തം ചെയ്തുകൊണ്ട് മനുഷ്യനെയും നദിയെയും സസ്യങ്ങളെയും ഇല്ലാതാക്കുന്ന വിഷവാനെ ആര്‍ക്കും ഉപദ്രവമില്ലാതാക്കി മാറ്റി. നമ്മുടെ ജലാശയങ്ങള്‍ പലരും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാളിയമര്‍ദ്ദനത്തന്റെ സന്ദേശം നാം ഇപ്പോള്‍ ഹൃദയത്തിലേറ്റേണ്ടിയിരിക്കുന്നു.
ഗംഗാ നദിയെ ശുദ്ധീകരിക്കാനുള്ള പദ്ധതി എത്രയോ ദശകങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിരുന്നു. ഓരോ ബജറ്റിലും തുക നീക്കിവച്ചിട്ടുണ്ടാകാം. എങ്കിലും ഗംഗ മലിനമായിത്തന്നെ തുടര്‍ന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഗംഗാ ശുദ്ധീകരണപദ്ധതി ശക്തിപ്രാപിച്ചു. ഇപ്പോള്‍ സ്വച്ഛമായി നദി ഒഴുകുന്നു. കൃഷ്ണ സന്ദേശത്തെ വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ഉള്‍ക്കൊണ്ട് ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നു സ്വാമി ചിദാനന്ദപുരി പറഞ്ഞു. പ്രകൃതിയെ നാം സംരക്ഷിക്കുമ്പോള്‍ പ്രകൃതി നമ്മെ സംരക്ഷിക്കുമെന്ന സന്ദേശം ഗോവര്‍ധന ഉദ്ധാരണത്തിലൂടെ ശ്രീകൃഷ്ണന് നല്കി.
ധര്മധ്വംസനത്തിന് ഏതേതു രീതിയിലാണോ ആസുരശക്തികള്‍ പ്രവര്‍ത്തിക്കുന്നത് അത് തിരിച്ചറിഞ്ഞു പ്രതികരിക്കുകയെന്നതാണ് വിജയം. പിഞ്ചുകുഞ്ഞിനെ താടകയ്ക്കു ലാളിക്കുന്നതിന് നല്കാന് മുതിര്‍ന്നവര്‍ തയാറായി. എന്നാല്‍, താടകയെ തിരിച്ചറിയാന്‍ കൃഷ്ണനു സാധിച്ചു. ഏതു രീതിയില്‍ നശിപ്പിക്കാന്‍ വന്നുവോ ആ രീതിയില്‍ തന്നെ അവളെ നശിപ്പിച്ചു.
ധര്‍മത്തിനെതിരായി നിലകൊള്ളുന്നത് ആരായാലും നിഗ്രഹിക്കപ്പെടേണ്ടതാണെന്ന് കംസവധത്തിലൂടെ തെളിയിച്ചു. പകരം രാജാവായില്ല. ധര്‍മവ്യവസ്ഥ പ്രകാരം രാജാവാകേണ്ടയാളെ രാജാവാക്കി വാഴിച്ചു. സര്വശാസ്ത്രസ്വരൂപനാണ് ഭഗവാനെങ്കിലും കുട്ടിയായിരിക്കെ, വിദ്യാഭ്യാസത്തിന് അകലെ അവന്തികാപുരിയില് സാന്ദീപനി മഹര്‍ഷിയുടെ അടുക്കലെത്തുക വഴി മാതൃകയായി. ജീവിതവിജയം വിദ്യയിലൂടെയാണെന്ന സന്ദേശം ഇതിലൂടെ സമൂഹത്തിനു ലഭിക്കുന്നുവെന്നും സ്വാമി ചിദാനന്ദപുരി സന്ദേശത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: