ഇടുക്കി: തര്‍ക്കഭൂമിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിയ്‌ക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി വരുന്നത്.
ഫയര്‍ വുഡ് ആവശ്യത്തിനുള്ള അനുമതിയുടെ മറവിലാണ് വന്‍തോതില്‍ മരം മുറിച്ച് ജില്ലയ്‌ക്ക് വെളിയിലേക്ക് കടത്താന്‍ നീക്കം നടന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍, ദേവികുളം സബ് കളക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡിഎഫ്ഒയെ ആണ് സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ ചുമതലപ്പെടുത്തിയത്.
അതേ സമയം വിവരം അറിയാനായി ബന്ധപ്പെട്ട ജന്മഭൂമി ജില്ലാ ലേഖകനോട് ഫോണില്‍ മോശമായി സംസാരിച്ച സംഭവത്തില്‍ റേഞ്ച് ഓഫീസർക്കെതിരെ നടപടി എടുക്കുമെന്നും ഡിഎഫ്ഒ എം.വി.ജി. കണ്ണന്‍ വ്യക്തമാക്കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന സൂര്യനെല്ലി എസ്റ്റേറ്റ് അപ്പര്‍ ഡിവിഷണിലെ മരങ്ങളാണ് വെട്ടി കടത്താന്‍ ശ്രമം നടന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ പരിധിയിലുള്ള സ്ഥലം ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന്റെ കീഴിലാണ് വരുന്നത്. ഇവിടെ നിന്നാണ് 50 മെട്രിക് ടണ്‍ മരം മുറിച്ച് പെരുമ്പാവൂരിലെ പ്ലൈവുഡ് നിര്‍മ്മാണ കമ്പനിയിലേക്ക് കടത്താന്‍ അനുമതി നല്‍കിയത്.
എല്ലാ വിവരങ്ങളും പരിശോധിച്ചാണ് അനുമതി നല്‍കിയതെന്നും വീഴ്ചയില്ലെന്നുമാണ് ഡിഎഫ്ഒ അടക്കം ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ സംഭവത്തില്‍ വലിയ അഴിമതി നടന്നതായി കാട്ടി വാര്‍ത്ത വന്നതോടെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ ജന്മഭൂമിയോട് പറഞ്ഞു.
വകുപ്പ് തല നടപടിക്ക് ശുപാര്‍ശ
സംഭവത്തില്‍ വനംവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയതായും മരം മുറിയ്‌ക്കാനുള്ള അനുമതിയുടെ മറവില്‍ കടത്താനുള്ള അനുമതി നല്‍കിയെന്നും കണ്ടെത്തലുണ്ട്. ഇന്നലെ സമര്‍പ്പിച്ച ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ സമര്‍പ്പിക്കണം. തലക്കാട് ചെക്ക് പോസ്റ്റ് വഴി കടത്തിക്കൊണ്ട് പോയ മരങ്ങളുടെ അളവും മുറിച്ചിട്ടിരിക്കുന്ന മരങ്ങളുടെ അളവ് എടുത്ത് ഇതിന്റെ വില അധികൃതരില്‍ നിന്ന് ഈടാക്കണമെന്നും കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സബ് കളക്ടര്‍ വ്യക്തമാക്കുന്നു. അതേ സമയം സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം ഏല്‍പ്പിച്ചതിലും പ്രതിഷേധം ഉയരുന്നുണ്ട്.
റേഞ്ച് ഓഫീസര്‍ക്ക് തെറ്റുപറ്റി
മരങ്ങള്‍ മുറിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് അനുമതി നല്‍കിയതെന്ന് മൂന്നാര്‍ ഡിഎഫ്ഒ പറഞ്ഞു. പെരുമ്പാവൂരിന് കൊണ്ടുപോകാനുള്ള പാസ് നല്‍കിയത് ദേവികുളം റേഞ്ച് ഓഫീസറാണ്, ഇതില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട്. കമ്പനി അധികൃതര്‍ ആര്‍ഒയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തില്‍ പാസ് നേടിയതെന്നാണ് മനസിലാക്കുന്നത്.
വലിയ മരത്തടികള്‍ ഫയര്‍ വുഡ് ആവശ്യത്തിനായി ഉപയോഗിക്കാന്‍ പറ്റില്ല, ഇതാണ് പെരുമ്പാവൂരിന് കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. ഈ തരത്തിലാണ് പാസ് നല്‍കിയതെന്നാണ് വിവരം. മരത്തടികള്‍ പുറത്തേക്ക് പോയിട്ടില്ല, മുറിച്ചിട്ടവ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎഫ്ഒ പറഞ്ഞു. മൂന്നാര്‍ ആര്‍ഒ ഹരീന്ദ്രകുമാറാണ് ദേവികുളം റേഞ്ചിന്റെ അധികചുമതല നിലവില്‍ വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: