കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്തുന്നതിനെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളില്‍ വ്യത്യസ്തമായ അഭി്രപായങ്ങള് രൂപപ്പെട്ടിരിക്കുകയാണ്. കോവിഡ് വ്യാപനവും നിയമസഭയുടെ ചുരുങ്ങിയ കാലാവധിയും മുന്‍നിര്‍ത്തി കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പ്രതിപക്ഷം പൊതുവെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നീട്ടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇപ്പോഴത്തെ സ്ഥിതിക്ക് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാവുന്നതാണെന്ന അഭിപ്രായം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് തുടക്കത്തില്‍ത്തന്നെ മുന്നോട്ടുവച്ചിരുന്നു. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ നിലപാട്.
നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഉത്തരവാദിത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനുമാണ്. മതിയായ കാരണമില്ലാതെ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കില്ലെന്നും, ഒഴിവുവരുന്ന സമയം മുതല്‍ അടുത്ത ഒരുവര്‍ഷംവരെ പ്രവര്‍ത്തന കാലാവധിയുണ്ടെങ്കില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നതാണ് ചട്ടമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. അതേസമയം സര്‍ക്കാര്‍ മാത്രമല്ല, എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ആവശ്യപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നത് പരിഗണിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന്റെകൂടെ പിന്തുണയുണ്ടെങ്കില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്നത് പൊതു ആവശ്യമായി കമ്മീഷന്റെ മുന്നില്‍ വയ്ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
കോവിഡ് വ്യാപനത്തിനു പുറമെ നിയമസഭയുടെ കുറഞ്ഞ കാലാവധി ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നതില്‍ യുക്തിയുണ്ട്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നവംബര്‍ ഇരുപത്തിയൊന്പതിന് മുന്‍പ് ഉപതെരഞ്ഞെടുപ്പ് നടത്താനാവുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കണം. അങ്ങനെ വരുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചുവരുന്നവര്‍ക്ക് നാല്-അഞ്ച് മാസം മാത്രമേ എംഎല്‍എയായി തുടരാനാവൂ. ഒരൊറ്റ നിയമസഭാ സമ്മേളനത്തിലാണ് ഇവര്‍ക്ക് പങ്കെടുക്കാനാവുക. ഈയൊരു സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്കായി വേണ്ടിവരുന്ന 12 കോടി രൂപ അനാവശ്യ ചെലവായി മാറും. കോവിഡ് വ്യാപനം രൂക്ഷമായ കൊല്ലം ജില്ലയിലാണ് ചവറ മണ്ഡലം വരുന്നതെന്ന ആശങ്കയും അസ്ഥാനത്തല്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് തെരഞ്ഞെടുപ്പ് നേരിടാനും സിപിഎമ്മിനും കോണ്‍ഗ്രസിനും ഭയമാണ്. സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള അഴിമതിക്കേസുകളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും, അങ്ങേയറ്റം കുത്തഴിഞ്ഞ സമ്പദ്വ്യവസ്ഥയും സര്‍ക്കാരിന്റെ പ്രതിച്ഛായ തീര്‍ത്തും നശിപ്പിച്ചിരിക്കുന്നു. കിട്ടുന്ന ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ ഇടതുമുന്നണിക്കെതിരെ വിധിയെഴുതും. ഐക്യമുന്നണിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുന്നണിയുടെ കെട്ടുറപ്പും ജനവിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സിപിഎമ്മും സര്‍ക്കാരുമായി ഒത്തുകളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന വികാരം ജനങ്ങളില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തല്‍ ഇടതു-വലതു മുന്നണികള്‍ക്കുണ്ട്. ഇക്കാരണങ്ങളാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുകൂട്ടരും ഇഷ്ടപ്പെടുന്നില്ല. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രതികരണം പ്രവചിക്കാനാവില്ലല്ലോ.
സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നില്ലെങ്കിലും കോവിഡിന്റെ സാമൂഹ്യവ്യാപനം കേരളത്തില്‍ സംഭവിച്ചുകഴിഞ്ഞു. ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യത്തിന്റെ മറ്റിടങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുമ്പോള്‍ അക്കൂട്ടത്തില്‍ കേരളം വരുന്നില്ല. ഇവിടെ അനുദിനമെന്നോണം രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ നിലയനുസരിച്ച് വളരെ പെട്ടെന്നൊരു മാറ്റം ഇക്കാര്യത്തില്‍ പ്രതിക്ഷിച്ചുകൂടാ. അപ്പോള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേതുപോലെ വന്‍തോതില്‍ ജനപങ്കാളിത്തമുണ്ടാകുന്നതും, പരസ്പരം അടുത്ത് ഇടപഴകേണ്ടിവരുന്നതും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കാം. ഇതൊഴിവാക്കാന്‍ പ്രചാരണത്തിലും വോട്ടെടുപ്പിലും കര്‍ശനമായ മാനദനണ്ഡങ്ങളോടെയും സുരക്ഷാസംവിധാനങ്ങളോടെയും വേണം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് സമവായത്തിലെത്തിച്ചേരാന് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: