എങ്ങനെ ജീവിക്കണമെന്ന അറിവ് കുട്ടികള്‍ക്കു വീട്ടില്‍നിന്നും സ്കൂളില്‍നിന്നും കിട്ടുന്നില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍ ഇത്രയേറെ അശാന്തിയുണ്ടാകുന്നത്! മക്കളെ മോക്ഷമാര്‍ഗ്ഗം കാണിച്ചുകൊടുക്കാത്ത അച്ഛനമ്മമാര്‍ ആ സ്ഥാനങ്ങള്‍ക്കു യോഗ്യരല്ലെന്നു ഭാഗവതം പറയുന്നു. കുട്ടികള്‍ക്കു വിദ്യാഭ്യാസം കൊടുത്ത്, ജോലി തരപ്പെടുത്തിക്കൊടുത്ത്, വിവാഹംകൂടി കഴിപ്പിച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നു കരുതുന്ന അച്ഛനമ്മമാര്‍ക്കുള്ള ഉപദേശമാണിത്. ഇത് അനുസരിക്കാത്തതുകൊണ്ടാണ് മക്കളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നത് അച്ഛനമ്മമാര്‍ക്കു കാണേണ്ടിവരുന്നത്. നമുക്കു ഭാഗവതം നോക്കാം:
”ഗുരുര്ന സ സ്യാത് സ്വജനോ ന സ സ്യാത്
പിതാ ന സ സ്യാത് ജനനീ ന സാ സ്യാത്
ദൈവം ന തത് സ്യാത് ന പതിശ്ച സ സ്യാത്
ന മോചയേദ് യഃ സമുപേതമൃത്യും.”
”ജനനമരണപ്രവാഹത്തിലേക്കു ചെന്നുചാടി നശിക്കാന്‍ ഭാവിക്കുന്ന ശിഷ്യനെ അതില്‍നിന്നു മോചിപ്പിക്കാന്‍ ശക്തനല്ലാത്ത ഗുരു, ഗുരുസ്ഥാനം വഹിക്കാന്‍ അര്‍ഹനല്ല. ആത്മഹത്യചെയ്യാന്‍ (ഈശ്വരദര്‍ശനത്തിനുവേണ്ടി ശ്രമിക്കാതെ മരിച്ചുപോകലാണ് ആത്മഹത്യ എന്ന് ആചാര്യന്മാര് പറയുന്നു.) ഭാവിക്കുന്നതിനെ കണ്ടിട്ടും അതില്‍നിന്നു പിന്‍വലിപ്പിക്കാന്‍ ശ്രമിക്കാത്ത ബന്ധുവിനെ ബന്ധുവെന്നു പറയാനും വയ്യ. ആ നിലയില്‍ വര്‍ത്തിക്കുന്ന പുത്രനെ രക്ഷിക്കാന്‍ ശക്തനല്ലാത്ത പിതാവ് പിതൃസ്ഥാനം വഹി ക്കാനും യോഗ്യനല്ല, മാതാവ് മാതൃസ്ഥാനം വഹിക്കാനും അര്‍ഹയല്ല. സേവ്യനായ ഈശ്വരന് സ്വസേവകനെ സംസാരമാര്ഗ്ഗത്തില്നിന്നു കരകയറ്റുന്നില്ലെങ്കില് ആ ദൈവം ദൈവവുമല്ല. ആ നിലയിലിരിക്കുന്ന ഭാര്യയെ രക്ഷിക്കാന്‍ അശക്തനായ ഭര്‍ത്താവ് ഭര്‍ത്തൃസ്ഥാനം വഹിക്കാനും യോഗ്യനല്ല.”
അദ്ധ്യാത്മവിദ്യാ വിദ്യാനാം (വിദ്യകളില്‍ ഞാന്‍ അദ്ധ്യാത്മവിദ്യയാണ്) എന്നാണ് ശ്രീകൃഷ്ണഭഗവാന് അരുളിച്ചെയ്യുന്നത്. അദ്ധ്യാത്മവിദ്യ ചെറുപ്പകാലത്തുതന്നെ സ്വന്തമാക്കി ജീവിതയുദ്ധത്തിനിറങ്ങുന്നതാണ് നമുക്കു നല്ലത്. എന്നുവെച്ചാല്‍, പ്രധാനമായും ധര്‍മ്മമേത് അധര്‍മ്മമേത് എന്നു പഠിക്കുക. ധര്‍മ്മമനുസരിച്ചു ജീവിക്കുന്നത് സുഖമേകുമെന്നും അധര്‍മ്മത്തില്‍ ചരിക്കുന്നത് ദുഃഖമേകുമെന്നും ഉള്‍ക്കൊള്ളുക. ധര്‍മ്മമേത് അധര്‍മ്മമേത് എന്നതിനെപ്പറ്റി വിവേകാനന്ദസ്വാമികള്‍ പറയുന്നതു നോക്കുക: ”മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നതു ധര്‍മ്മമാണ്; മറ്റുള്ളവരെ ഉപദ്രവിക്കുന്നതു പാപമാണ്. കരുത്തും ആണത്തവും ധര്‍മ്മമാണ്; അശക്തിയും ഭീരുത്വവും പാപമാണ്. സ്വാതന്ത്ര്യം ധര്‍മ്മമാണ്; പാരതന്ത്ര്യം പാപമാണ്. മറ്റുള്ളവരെ സ്നേഹിക്കുന്നത് ധര്‍മ്മമാണ്; മറ്റുള്ളവരെ വെറുക്കുന്നത് പാപമാണ്. ഈശ്വരനിലും സ്വാത്മാവിലുമുള്ള വിശ്വാസം ധര്‍മ്മമാണ്; സംശയം പാപമാണ്. ഏകത്വജ്ഞാനം ധര്‍മ്മമാണ്, നാനാത്വദര്‍ശനം പാപമാണ്.” ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ (ധര്‍മ്മത്തെ രക്ഷിക്കുന്നയാളെ ധര്‍മ്മം രക്ഷിക്കുന്നു) എന്ന് മഹാഭാരതവും ഉപദേശിക്കുന്നുണ്ടല്ലോ. അതിനാല്‍ അവര്‍ അധര്‍മ്മത്തെ ഒഴിവാക്കി ധര്‍മ്മം ചെയ്യാന്‍ ശ്രമിക്കുകയും താരതമ്യേന ദുഃഖാനുഭവത്തില്നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ധര്‍മ്മിഷ്ഠരില്‍ ചിലരും ദുഃഖിക്കുന്നത് മുന്ജന്മകര്മ്മംകൊണ്ടാണെന്ന് ആചാര്യന്മാര് വ്യക്തമാക്കുന്നുണ്ട്. ഒരാള്‍ ഒരു രോഗം വന്ന് അതിനു പ്രായശ്ചിത്തം ചെയ്യാതെ മരിച്ചാല്‍ അടുത്ത ജന്മത്തില് അതേ രോഗം വരുമെന്ന് ശാരദാദേവി പറയുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: