ന്യൂദല്‍ഹി : ഓക്സ്ഫഡുമായി ചേര്‍ന്ന് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചുകൊണ്ടിരുന്ന കൊറോണ വാക്സിന് പരീക്ഷണം താത്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഓക്സ്ഫഡിനൊപ്പം വാക്സിന് പരീക്ഷണം നടത്തിയിരുന്ന അസ്ട്ര സെനേകയുടെ വൊളന്റിയര്‍മാരില്‍ ഒരു സ്ത്രീക്ക് അജ്ഞാത രോഗം ബാധിച്ചതില്‍ യുകെയിലെ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ് കണ്ട്രോള് വിഭാഗം നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ വാക്സിന് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.
ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന് പരീക്ഷണം മറ്റ് രാജ്യങ്ങളില്‍ താത്കാലിമായി നിര്‍ത്തിവെച്ചത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പു നല്‍കിയില്ല മുതലായ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്കി ഡ്രഗ് കണ്ട്രോളിന്റെ അനുമതി ലഭിച്ചശേഷം വീണ്ടും പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യയിലെ 17 നഗരങ്ങളിലാണ് സിറം കൊറോണ വാക്സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തിവന്നിരുന്നത്.
അതേസമയം പരീക്ഷണം നിര്‍ത്തിവെച്ചത് താത്കാലികം മാത്രമാണ് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും. അജ്ഞാത രോഗം ബാധിച്ച വൊളന്റിയറെ നിരീക്ഷിച്ച് ഗവേഷണം തുടരുമെന്നും അസ്ട്ര സെനേകയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: