തിരുവനന്തപുരം: ഓണക്കിറ്റില്‍ പപ്പടത്തിന് പകരം അപ്പളം നല്കി ഓണ സദ്യയെ സര്‍ക്കാര്‍ കളങ്കിതമാക്കിയതിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയിട്ടും വെട്ടിപ്പ് നടത്താന്‍ തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങിയ വിഷമടങ്ങിയ അപ്പളം വിതരണം ചെയ്യുകയായിരുന്നു.
ഇസ്കോ കറി പൗഡര്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ്, ഹഫ്സര്‍ ട്രെഡിങ് കമ്പനി എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പപ്പടം നല്കാന് ടെന്റര്‍ നല്‍കിയത്. എന്നാല്‍ ഹഫ്സര്‍ ട്രെഡിങ് കമ്പനി വിതരണം ചെയ്തത് അപ്പളവും.
സാധാരണ 15 ദിവസം വരെ ഉപയോഗിക്കാവുന്നതാണ് പപ്പടം. എന്നാല്‍ ഓണക്കിറ്റിലേക്ക് ഹഫ്സര്‍ നല്കിയ അപ്പളത്തിന് മൂന്നു മാസം കാലാവധിയുണ്ട്. ഓണക്കിറ്റിലെത്തിയപ്പോള്‍ അപ്പളം, ശ്രീശാസ്താ കേരള പപ്പടമെന്ന പേരിലുമായി. പപ്പടത്തിനുള്ള ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹഫ്സര്‍ ട്രേഡിങ് കമ്പനി നല്കിയ അപ്പളത്തില് ഉഴുന്നിന്റെ അളവു വളരെക്കുറവായിരുന്നു. ഇതില്‍ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതല്‍.
തമിഴ്നാട്ടില്‍ അപ്പളത്തിന് പാക്കറ്റിന് 6.30 രൂപയാണ്. എന്നാല്‍ ഇവിടെ 9.62 രൂപയ്ക്കാണു വാങ്ങിക്കൂട്ടിത്. അതും ഗുണനിലവാരമില്ലാത്തവ. ഗുണനിലവാരം ഉറപ്പാക്കാന്‍ സപ്ലൈകോയില്‍ പ്രത്യേക സംവിധാനവും ഉദ്യോഗസ്ഥരുമുള്ളപ്പോഴാണിത്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തിയാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഇവിടെ അട്ടിമറിച്ചു. പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് വിവരം. കിറ്റ് വിതരണം നാലു മാസത്തേക്കു കൂടി നീട്ടിയതോടെ കരാറുകാരും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്ന് ഖജനാവില്‍ നിന്നും തട്ടുന്നത് കോടികളായിരിക്കും.
ശര്‍ക്കരയും പപ്പടവും ഒഴിവാക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ നല്കുന്ന കിറ്റിലെ അടുത്ത മൂന്നു മാസം ശര്‍ക്കരയും പപ്പടവും ഇല്ല . ഓണത്തിന് നല്കിയ കിറ്റിലെ ശര്‍ക്കരയും പപ്പടവും ഗുണനിലവാരമില്ലാത്തതാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത മൂന്നു മാസത്തെ കിറ്റില്‍ നിന്നും ഇവ രണ്ടും നീക്കിയതെന്നാണ് വിവരം. ഇതിന് പകരം ഒരു കിലോ പഞ്ചസാര നല്‍കും . ഇന്നലെ രാത്രിയോടെയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: