കണ്ണൂര്‍ : ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ പാനൂരില്‍ തക്കസമയത്ത് ചികിത്സിക്കാന്‍ ഡോക്ടര്‍ എത്താത്തതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു. മാസം തികയാതെയുള്ള പ്രസവത്തില്‍ അടിയന്തിര ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ഹനീഫ- സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
എട്ടാം മാസത്തിനിടെ ഇന്ന് രാവിലെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുന്നത്. യുവതിയെ പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് പ്രസവിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തൊട്ടടുത്ത സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ഭര്‍ത്താവ് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍ അതിന് തയ്യാറായില്ല. വീട്ടിലേക്ക് നേഴ്സിനെ പോലും അയയ്ക്കണമെന്ന ആവശ്യം നിരസിക്കുകയായിരുന്നു.
വിവരം അറിഞ്ഞ പ്രദേശത്തെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിളിച്ചറിയിച്ച പ്രകാരം പോലീസ് വരെ ഡോക്ടറോട് യുവതിയുടെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല.
പിന്നീട് അവിടെ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലെത്തി സംഭവം അറിയിക്കുകയും അവിടെ നിന്നും ഡോക്ടറും നേഴ്സുമെത്തി പൊക്കിള്‍കൊടി മുറിച്ചു. എന്നാല്‍ ഇവരെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് നവജാത ശിശു മരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതോടെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: