മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ബൈക്കുള ജയിലിലെത്തിച്ചു. ചൊവ്വാഴ്ച റിയയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് മുംബൈയിലെ പ്രത്യേക കോടതി റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ പരിഗണിക്കും.
റിയ ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ പ്രധാന കണ്ണിയാണെന്നും ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും എന്‍സിബി റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കി. ലഹരിമരുന്ന് എത്തിച്ചുനല്കാന് സഹോദരന് ഷോവിക്, വീട്ടു ജോലിക്കാരന് ദീപേഷ്, മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി റിയ കുറ്റസമ്മതം നടത്തിയതായും റിമാന്‍ഡ് അപേക്ഷയിലുണ്ട്. കേസില്‍ അറസ്റ്റിലായ ഷോവിക് ചക്രവര്‍ത്തി, ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവരെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
ബോളിവുഡിലെ 80 ശതമാനം പേരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഓണ്‍ലൈനിലൂടെ ഹാജരായപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ ലഹരി സിന്‍ഡിക്കേറ്റിനെ കുറിച്ച് എന്‍സിബി കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 25 പ്രമുഖരുടെ പേരും റിയ എന്‍സിബിയോട് വെളിപ്പെടുത്തിയതായി പുറത്തു വന്നിരുന്നു.
അതേസമയം, റിയയ്ക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും താരത്തിന് പിന്തുണയറിയിച്ചും ബോളിവുഡില്‍ പുതിയ ക്യാംപെയ്ന് ശക്തമാകുകയാണ്. സുശാന്തിനെ അറിയാവുന്നതു കൊണ്ടും അദ്ദേഹത്തെ ഓര്‍ത്തുമാണ് റിയയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതുവരെ നിശബ്ദമായിരുന്നതെന്ന് സംവിധായകന് അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: