മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനും കൂട്ടരും നടത്തിയത് ആസൂത്രിത സാമ്പത്തിക തട്ടിപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. കമറുദ്ദീനെ അറസ്റ്റ് ചെയ്യുക, എം.എല്‍. എ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികഠ റൈയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുനന്നു അദ്ദേഹം.
പണം തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഒരേ സ്വഭാവമുളള വ്യാപാരത്തിന് ഏഴോളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ രൂപീകരിച്ചത്. സ്വാഭാവികമായ കച്ചവടത്തിനിടെ വന്നുപോയ നഷ്ടമാണ് പ്രതിസന്ധിക്ക് കാരണമെന്ന കമറുദ്ദീന്റെയും കൂട്ടരുടേയും വിശദീകരണം വിശ്വസിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പണം തിരിച്ചു കൊടുക്കാമെന്ന കമറുദ്ദീന്റെ വാഗ്ദാനം പൊള്ളയാണ്. വ്യാപാര ഇടപാട് സുതാര്യാമാണെങ്കില്, സ്വര്‍ണ്ണ കച്ചവടത്തിന് ആരില്‍ നിന്നെല്ലാം പണം സംഹരിച്ചെന്നും ആരൊക്കെയാണ് നിക്ഷേപകരെന്നും ആര്‍ക്കൊക്കെ എത്ര പണം തിരിച്ചു നല്‍കാനുണ്ട് തുടങ്ങിയ വിശദാംശങ്ങള്‍ പരസ്യമായി പറയാന്‍ എംഎല്‍എ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. കമറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തിന്റെ വിവരങ്ങളും ബാധ്യതകളെ കുറിച്ച് പരസ്യപ്പെടുത്താന്‍ തയ്യാറാകണം. അനധികൃത പണ സമാഹരണവും പണാപഹരണവും നടന്നിട്ടുള്ളതായി ബിജെപി കുറ്റപ്പെടുത്തി. കമറുദ്ദീന്റെ സ്ഥാപനങ്ങളുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടന്നും ശ്രീകാന്ത് ആരോപിച്ചു.
കോടികള്‍ തട്ടിയെടുത്ത കമറുദ്ദീനെ ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. മുസ്ലീം ലീഗിന്റെ സക്കാത്ത് വാങ്ങി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. കേസുകള്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം മന്ദഗതിയിലാണ് പ്രതിഷേധം ശക്തമാകുമ്പോള്‍ അന്വേഷണമെന്ന ചെപ്പടി വിദ്യകാണിച്ച് കമറുദ്ദീന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോമാലി സഖ്യം കമറുദ്ദീന് രക്ഷാകവചം ഒരുക്കിയിരിക്കുകയാണെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ശ്രീകാന്ത് പറഞ്ഞു.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭ കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ടാരി, എസ്സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ കയ്യാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ അഡ്വ നവീന്‍രാജ്, ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത് ഷെട്ടി, ഒബിസി മോര്‍ച്ച മണ്ഡം പ്രസിഡന്റ് ചന്ദ്രഹാസ പൂജാരി, ബിജെപി ജില്ലാ കമ്മറ്റി അംഗം യാദവ ബഡാജെ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബാബു മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി സന്തോഷ് ദൈഗോളി, തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് ബി.എം സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: