1623ല്‍ വിശ്വമഹാനാടകകൃത്തായ വില്യം ഷേക്ക്സ്പിയര് രചിച്ച മാക്ബെത്ത് എന്ന ദുരന്തനാടകത്തിലെ സുപ്രസിദ്ധമായ വരികളാണ് ‘Fair is foul and Foul is Fair”. അദ്ദേഹം ഈ വരികള്‍ കുറിച്ചത്, സ്കോട്ട്ലന്‍ഡ് രാജാവിന്റെ ധീരസൈന്യാധിപനായിരുന്ന മാക്ബെത്തിന്റെ മനസ്സിലും ജീവിതത്തിലും സംഭവിക്കാന്‍ പോകുന്ന തകിടം മറിച്ചിലുകളെ സൂചിപ്പിക്കാനായിരുന്നുവെങ്കിലും ഇവ ഏറ്റവും പ്രസക്തവും യാഥാര്ത്ഥ്യവുമായിത്തീര്ന്നിരിക്കുന്നത്, 21-ാം നൂറ്റാണ്ടിലെ കേരളത്തില്‍ ശ്രീ പിണറായി വിജയന് നടത്തുന്ന ദുര്‍ഭരണത്തിന്റെ കാര്യത്തിലാണ്. നീതി അനീതിയായും, തിന്മ നന്മയായും അവതരിക്കുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന സമകാലീന കേരളത്തില്‍ ഓരോദിവസവും പുതിയ പുതിയ ദുരന്തങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും രോഗികളും ആദിവാസികളും ദളിതരുമൊക്കെ ഭരണകൂടഭീകരതയ്ക്ക് ഇരകളായിത്തീരുന്നു. ഇടത് ഭരണത്തിന്റെ ഈ കൊടിയ ദുരിതകാലത്ത്, സംരക്ഷണവും സമ്പത്തും സുഖവും നേടുന്നത് പാര്‍ട്ടിനേതാക്കളും അണികളും മാത്രമായിത്തീരുന്നു. വാമനമൂര്‍ത്തിയെ നിന്ദിച്ച് മഹാബലിയെ പുകഴ്ത്താന്‍ വെമ്പല്‍ കാട്ടുന്ന ഇടതു മന്ത്രിസഭയുടെ ഭരണം, വാസ്തവത്തില്‍ മഹാബലിയുടെ ഭരണകാലത്തെപ്പറ്റിയുള്ള സങ്കല്പത്തിന് നേര്‍വിപരീതമായി മാറിയിരിക്കുന്നു.
ഏറ്റവുമൊടുവില്‍ നടന്ന അധര്മ്മങ്ങളിലൊന്ന് ആറന്മുളയില് ആംബുലന്‍സില്‍ ഡ്രൈവര്‍, കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ച സംഭവമാണ്.
പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നതാണ് കേരളം നേരിടുന്ന ഓരോ കെടുതികളുടെ സമയത്തും പിണറായി ഭരണകൂടം അനുവര്‍ത്തിക്കുന്ന നയം. ഓഖിഫണ്ടും പ്രളയഫണ്ടും സ്വന്തം പോക്കറ്റിലാക്കിയ നേതാക്കളെ സംബന്ധിച്ചിടത്തോളം, ഈ രണ്ടു പ്രകൃതി ദുരന്തങ്ങളും അനുഗ്രഹമായിരുന്നു. നിപ്പ വൈറസിനെ തുരത്തിയോടിച്ചു എന്ന് പ്രചരിപ്പിച്ച് അവാര്‍ഡ് തട്ടിക്കൂട്ടാനുള്ള അവസരമായാണ് ആ മാരക രോഗാവസ്ഥയെ ഇവരുപയോഗിച്ചത്.
എന്താണ് കേരളത്തില്‍ അലിവിന്റെ അമ്മയായി വാഴ്ത്തപ്പെടുന്ന ആരോഗ്യമന്ത്രിയുടെ വകുപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്നലെ ഞെട്ടലോടെ നാം തിരിച്ചറിഞ്ഞു.
തനിക്ക് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്നറിഞ്ഞ ആ പത്തൊന്‍പതുകാരിയുടെ മാനസികാവസ്ഥ നമുക്കൂഹിക്കാവുന്നതേയുള്ളു. പോസിറ്റീവ് ആയേക്കുമോ എന്ന് ഭയപ്പെട്ട് ആളുകള്‍ ആത്മഹത്യചെയ്യുന്ന നാടാണിതെന്നോര്‍ക്കണം. പന്തളത്തുള്ള കോവിഡ് കെയര്‍ സെന്ററിലേക്കു പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കിട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി തയ്യാറായി കാത്തിരിക്കുന്നു. രാത്രി 10 മണിക്ക് ആംബുലന്‍സ് എത്തുന്നു. നല്‍പതുകാരിയായ മറ്റൊരു രോഗിയും ഡ്രൈവറും മാത്രമാണുള്ളത്. അടുത്തുള്ള പന്തളത്തെ ആശുപത്രിയില്‍ ഈ പെണ്‍കുട്ടിയെ എത്തിക്കുന്നതിന് പകരം,ദീര്‍ഘദൂരം സഞ്ചരിച്ച് മറ്റേ സ്ത്രീയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷം, തിരിച്ചു വരുന്ന വഴിക്ക് ആളൊഴിഞ്ഞ ഒരിടത്ത് വച്ച് വണ്ടി നിര്‍ത്തിയിട്ടാണ് പീഡനം നടത്തിയത്. അങ്ങനെ കോവിഡ് പോസിറ്റീവായ ഒരു സാധുപെണ്കുട്ടിയെ പൈശാചികമായി ആക്രമിച്ച നാടെന്ന ദുഷ്പേരുകൂടി കേരളത്തിന് മേല്‍ വന്നുചേരുന്നു.
ഇതിനെ ഭരണകൂട ഭീകരതയെന്ന് പറയുന്നതെങ്ങനെ? ഏതെങ്കിലുമൊരു ദുര്‍ബുദ്ധിയായ ആള് ചെയ്യുന്ന തെറ്റുകള്‍ക്ക് നാടുവാഴുന്ന നന്മമരങ്ങളെ കുറ്റപ്പെടുത്താനാകുമോ? ഏതു കാലത്തും ഏതു നാട്ടിലും കുറ്റവാസനയുള്ളവര്‍ ഉണ്ടാകില്ലേ? ഇത്തരം ചോദ്യങ്ങള്‍ നിര്ലോപമുയരുന്നുണ്ട്, സാംസ്കാരികകേരളത്തിലങ്ങോളമിങ്ങോളം. എന്നാല്‍ ഈ കുറ്റകൃത്യം നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി കേരള മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തന്നെയാണ് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കോവിഡ് ബാധിതരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് കൊണ്ടുപോകമ്പോള്‍ വാഹനത്തില്‍ ആ ഡ്രൈവര്‍ മാത്രം മതിയെന്ന് തീരുമാനിച്ചതാരാണ്? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളുടെ കാര്യത്തില്‍ വളരെ മുമ്പില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്നിരിക്കേ എന്തുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരോ സന്നദ്ധപ്രവര്‍ത്തകരോ നിര്‍ബന്ധമായും വാഹനത്തിലുണ്ടാകണമെന്ന് നിഷ്കര്ഷിച്ചില്ല? എന്തുകൊണ്ട് രാത്രികാലങ്ങളില്‍ ആംബുലന്‍സിന് പോലീസ് അകമ്പടിവേണമെന്ന് തീരുമാനിച്ചുകൂടാ? ഏതു മാനദണ്ഡങ്ങളനുസരിച്ചാണ് ആരോഗ്യവകുപ്പിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്? സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തത് യുവജനക്ഷേമബോര്ഡടക്കമുള്ള പാര്‍ട്ടി വിധേയരായതുകൊണ്ട് നാലേകാല്‍ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ബഹുഭൂരിപക്ഷം സഖാക്കളായിരുക്കുമെന്ന് നിസ്സംശയം പറയാം. എങ്കിലും ക്രിമിനല്‍ കേസ് പ്രതികളെ വകുപ്പില്‍ നിയമിക്കുമ്പോള്‍, അതിന്റെ പരിണതഫലമെന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതല്ലേ? വധശ്രമക്കേസിലെ പ്രതിയുടെ കയ്യില്‍ സ്ത്രീകളും കുട്ടികളുമെത്തിച്ചേര്ന്നാലുള്ള അവസ്ഥയെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ മറന്നുപോകുമോ?
ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലായിരുന്ന 108 ആംബുലന്‍സ് സര്‍വ്വീസ്, കൊറോണയുടെ മറവില്‍ സ്വകാര്യകമ്പനിയെ ഏല്പിച്ചത് ദുരുദ്ദേശത്തോടെയായിരിക്കുമോ? ഇങ്ങനെ സ്വകാര്യകമ്പനി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് നിയമനം നല്‍കുന്നതിന് മുന്‍പ് പോലീസ് വെരിഫിക്കേഷന് ആവശ്യമില്ലെന്ന് ആരാണ് തീരുമാനിച്ചത്? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആരോഗ്യമന്ത്രിയും തങ്ങളുടെ ഇഷ്ടക്കാരെ തിരുകികയറ്റുമ്പോള്‍ സ്ത്രീകളുടെ മാനത്തിന് എന്തു വിലയാണിവര്‍ കല്പിക്കുന്നത്?
ഒരു ദളിത്പെണ്‍കുട്ടിയാണ് ഈ സംഭവത്തില്‍ ഇരയാക്കപ്പെട്ടിരിക്കുന്നത്. കൗമാരം പിന്നിട്ടിട്ടില്ലാത്ത ഒരുവള്‍. എന്തേ സാംസ്കാരിക കേരളം ഇവള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നില്ല? എഴുതിയും വരച്ചും പാടിയും തെരുവിലാടിയും ഇവരാരും പ്രതിഷേധിക്കുന്നില്ല? പന്തളത്തെ ആശുപത്രിയിലേക്ക് അലറിക്കരഞ്ഞുകൊണ്ട് ഓടിച്ചെന്ന അവളുടെ നിലവിളി എന്തുകൊണ്ട് ബുദ്ധിജീവികളുടെ ചര്‍ച്ചയ്ക്ക് വിഷയമാകുന്നില്ല? കമ്യൂണിസ്റ്റ് കിരാതന്മാര്ക്ക് പിച്ചിച്ചീന്താനുള്ളതാണോ ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതം? കരുതലിന്റെ ആള്‍രൂപമെന്ന് വാഴ്ത്തപ്പെടുന്ന മുഖ്യമന്ത്രിക്ക് കരുതലുള്ളത് സ്വന്തം കുടുംബത്തോടുമാത്രമാണെന്ന് ഇതില്‍ക്കൂടുതല്‍ എങ്ങനെ തെളിയിക്കപ്പെടണം? പാര്‍ട്ടിയിലെ പ്രമുഖ കുടുംബത്തിലെ യുവരാജാക്കന്മാര് ലഹരിക്കടത്തു സംഘങ്ങളുടെ നേതൃനിരയിലുള്ളപ്പോള്‍ നൗഫല്മാര്ക്ക് കഞ്ചാവിനും രാഷ്ട്രീയപിന്ബലത്തിനും യാതൊരു പഞ്ഞവുമുണ്ടാകില്ല. നിസ്സഹായതയുടെ നെല്ലിപ്പലകയില്‍ നിന്നുകൊണ്ട്, ദയയ്ക്കു യാചിച്ച ആ പാവം പെണ്‍കുട്ടിയെ കടിച്ചുകീറിയ പിശാചിനെ ജാമ്യത്തിലിറക്കാനും നിയമസംരക്ഷണമേര്പ്പെടുത്താനും മറ്റുമായി, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവും സിഐടിയു സംസ്ഥാനഭാരവാഹിയുമായ ഒരാളാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയത് എന്നറിയുമ്പോള്‍, എന്തോര്‍ത്താണ് നാം സമാശ്വസിക്കേണ്ടത്? എന്തിലാണ് നാം പ്രത്യാശിക്കേണ്ടത്?
മകളെ, പൊറുക്കുക.
ഒറ്റപ്പെട്ട സംഭവമാണിതെന്നും, തെറ്റുതിരുത്തുമെന്നും നന്മമരം മൊഴിഞ്ഞിട്ടുണ്ട്. നിനക്കുണ്ടായ നഷ്ടം, നീ കുടിച്ചിറക്കിയ കൊടുംവേദന, അത് മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ഞങ്ങളെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു.
മകളെ, മാപ്പ്. നീ സ്വയം കരുത്തു നേടുക. ഞങ്ങളുടെയുള്ളിലെ വേവുണ്ട് നിനക്കൊപ്പം.
ഡോ. ജെ. പ്രമീളാ ദേവി
സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അംഗം
8606012819
പ്രതികരിക്കാൻ ഇവിടെ എഴുതുക: