കോവിഡ് രോഗിയായ യുവതി അര്‍ദ്ധരാത്രി ഒരു കൊടും ക്രിമിനലിനാല്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കൊടിയ അനാസ്ഥയാണ്. സുരക്ഷിതയായി വീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് അയച്ച ആംബുലന്‍സില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത്. യുവതി എന്ന നിലയില്‍ മാത്രമല്ല കോവിഡ് രോഗിയെന്ന നിലയിലും നല്‍കേണ്ട സുരക്ഷ നല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതില്‍ ഒന്നാം പ്രതി കേരളത്തിന്റെ ആരോഗ്യ മന്ത്രിയാണ്; സംസ്ഥാന സര്‍ക്കാരാണ്.
സര്‍വ്വത്ര പാളിച്ച
രണ്ട് സ്ത്രീകളായ രോഗികളെ കയറ്റിയ ആംബുലന്‍സില്‍ വീട്ടമ്മയെ ഇറക്കിയതിനു ശേഷം രോഗിയായ യുവതിയെ തനിച്ച് ആംബുലന്‍സില്‍ അയച്ചത് കോവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്. സുരക്ഷിതയായി വീട്ടില്‍ കഴിഞ്ഞ യുവതി സര്‍ക്കാര്‍ അയച്ച ആംബുലന്‍സില്‍ കയറിയതിന് ശേഷം ആശുപത്രിയില്‍ യഥാസമയം എത്തിയെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ. സര്‍ക്കാര്‍ നല്കിയ ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഗുരുതരമായ വീഴ്ചയാണിത്.
ഏജന്‍സികള്‍ ഭരിക്കുന്ന കേരളം
ഏജന്‍സി നല്കിയ ഡ്രൈവറാണ്, പ്രതിയെ അറസ്റ്റ് ചെയ്തല്ലോ തുടങ്ങി ആരോഗ്യ മന്ത്രിയുടെ പ്രതികരണങ്ങള്‍ സംഭവത്തെ നിസ്സാരവത്കരിക്കുന്നതാണ്. കൊടിയ കുറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തുവെന്നത് വലിയ കാര്യമല്ല. ആരോഗ്യ മന്ത്രി പറഞ്ഞില്ലെങ്കിലും പ്രതി അറസ്റ്റ് ചെയ്യപ്പെടും. കുറ്റകൃത്യം നടക്കാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പ് കേടാണ്. എന്താണ് സര്‍ക്കാരിന് അഭിമാനിക്കാനുള്ളത്. ഏജന്‍സികള്‍ക്കും കണ്‍സല്‍ട്ടന്‍സികള്‍ക്കും സര്‍ക്കാരിനെ വിട്ടു കൊടുത്തിരിക്കുകയാണ്. കൊടും ക്രിമിനല്‍ എങ്ങിനെ സര്‍ക്കാര്‍ സൗകര്യപ്പെടുത്തുന്ന ആംബുലന്‍സില്‍ ഡ്രൈവറായി എത്തിയെന്നത് അന്വേഷിക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആരുടെയൊക്കെയോ പിന്തുണ ഇവര്‍ക്കുണ്ട്. മര്‍മ്മ പ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ക്രിമിനലുകളുടെ കൈയിലായ കേരളത്തിലാണ് നമ്മള് ജീവിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇവരെ നിയോഗിച്ചവരെയും പുറത്ത് കൊണ്ടുവരണം.
സെലക്ടീവ് പ്രതികരണങ്ങളുടെ കേരളം
ലോകത്തില്‍ മറ്റൊരിടത്തും ഇത്തരമൊരു ക്രൂരത ഉണ്ടായിട്ടുണ്ടാവില്ല. കേരളത്തെ നാണം കെടുത്തിയ സംഭവമാണിത്.എന്നാല്‍ ലോകത്ത് എവിടെയെങ്കിലും ചെറിയ സംഭവങ്ങള്‍ ഉണ്ടായാല്‍ പ്രതികരണവുമായി എത്തുന്ന കേരളത്തിലെ സാംസ്ക്കാരിക നായകന്മാര് ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം പാലിക്കുന്നു. ഇരകളുടെ ജാതിയും മതവും നിറവും രാഷ്ട്രീയവും നോക്കി പ്രതികരിക്കുകയാണ് ചിലര്‍. എന്നാല്‍ പിന്നാക്ക വിഭാഗത്തിലായതിനാല്‍ യുവതിക്ക് നീതി നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല.
ഞങ്ങള്‍ അവളുടെ കൂടെയുണ്ട്
നീതി നിഷേധിക്കപ്പെടുന്ന ഇരകള്‍ക്ക് പിന്തുണയുമായി മഹിളാ മോര്ച്ചയുണ്ടാവും. ക്രിമിനലിന്റെ ഭീഷണി വകവെക്കാതെ പീഡിപ്പിക്കപ്പെട്ടത് പുറത്തു പറയാന്‍ തയാറായത് കൊണ്ടാണ് കൊടിയ ക്രൂരത വെളിച്ചത്ത് വന്നത്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ പിന്നീട് സംരക്ഷണവും പിന്തുണയും ലഭിക്കപ്പെടാതെ ഒറ്റപ്പെട്ടു പോകാറുണ്ട്. എന്നാല്‍ യുവതിക്ക് നിയമ സംരക്ഷണം ഉറപ്പാക്കി, സര്‍ക്കാരിന്റെ അനാസ്ഥക്കെതിരായ പ്രതിഷേധ സമരവുമായി മഹിളാ മോര്‍ച്ച അവസാനം വരെ പോരാടും.
ദേശീയ വനിതാ കമ്മീഷനില്‍ പ്രതീക്ഷ.
കേരളത്തില്‍ നടന്ന ക്രൂരത ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്, പട്ടികജാതി കമ്മീഷന് എന്നിവയെല്ലാം ഇക്കാര്യത്തില്‍ ഇടപെടുമെന്നുറപ്പുണ്ട്. ഇടത് ഭരണത്തില്‍ സ്ത്രീകള്‍ക്ക് സംരക്ഷണമുറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുണ്ടാവും. ആരോഗ്യമേഖലയില്‍ അനുവദിച്ച കോടികളുടെ കേന്ദ്ര സഹായം എങ്ങിനെയാണ് വിനിയോഗിച്ചതെന്ന് സമഗ്ര അന്വേഷണം നടത്തണം.
സംസ്ഥാന വനിതാ കമ്മീഷന് പാര്‍ടി കമ്മീഷന്
സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. സ്വമേധയാ കേസെടുക്കുമെന്ന് പ്രഖ്യാപിക്കുകയല്ലാതെ എന്ത് തുടര്‍നടപടികളാണ് ഉണ്ടായിരിക്കുന്നത്.പാര്‍ടിക്ക് സ്വന്തമായി കോടതിയും പോലീസുമുണ്ടെന്ന് പറയുന്ന വനിതാ കമ്മീഷന് ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുകയാണ്. അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. ലോകത്തിന് മുമ്പില്‍ കേരളത്തെ നാണം കെടുത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന് എന്താണ് ചെയ്തത്?
അഡ്വ.നിവേദിത സുബ്രഹ്മണ്യന്
സംസ്ഥാന അദ്ധ്യക്ഷ, മഹിളാമോര്‍ച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: