ചെന്നൈ: ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രാര്‍ത്ഥന ഫലം കണ്ടു. സുപ്രസിദ്ധ ഗായകന് എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെഗറ്റീവായി. മകന് എസ് പി ചരണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും മകന് അറിയിച്ചു.
വെന്റിലേറ്ററിലാണെങ്കിലും നല്ല ബോധത്തോടെയാണ് അദ്ദേമുള്ളത്. മരുന്നുകളോടും നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ് പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത്കെയറില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ടീമിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. അതീവ ഗുരുതരമായി തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധിച്ചുവരികയാണെന്നും ഡോക്റ്റര്‍മാര്‍ പലതവണ അറിയിച്ചിരുന്നു. ഒരോ നിമിഷവും നിരീക്ഷണത്തിലായിരുന്ന അദ്ദേഹം പതുക്കെ മരുന്നുകളോട് പ്രതികരിക്കുകയായിരുന്നു.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളില്‍ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ചിട്ടുണ്ട് . ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എസ്.പി.ബാലസുബ്രഹ്മണ്യം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു സ്ഥിരതാമസം.
ഫെയ്സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്.’ – എസ്പിബി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: