ഭുവനേശ്വര്‍: ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ നിര്‍മിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം നടന്നത് ഒഡീഷയിലെ ബാലസോറിലുള്ള എ.പി.ജെ അബ്ദുല്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വെച്ചാണ്. ശബ്ദാതിവേഗത്തില്‍ മിസൈലുകള്‍ പായിക്കുന്നതിനു സഹായിക്കുന്നതാണ് ഹൈപര്‍സോണിക് ടെക്നോളജി ഡെമണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) സാങ്കേതികതയെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള എപിജെ അബ്ദുല്‍ കലാം ടെസ്റ്റിങ് സെന്ററില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ട്വീറ്റ് ചെയ്തു.
11.03നു നടത്തിയ പരീക്ഷണത്തില്‍ അഗ്നി മിസൈല്‍ ബൂസ്റ്ററാണ് വെഹിക്കിളിനെ ഉയരങ്ങളിലെത്തിക്കാന്‍ ഉപയോഗിച്ചത്. അഞ്ചു മിനുട്ട് നീണ്ട പരീക്ഷണത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സൂപ്പര്‍ സോണിക് വേഗം സാധ്യമാക്കുന്ന സ്ക്രാംജെറ്റ് എന്ജിന് ഉപയോഗിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനകം ശബ്ദത്തെയും വെല്ലുന്ന വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപര്‍സോണിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ പുതിയ സാങ്കേതികതയുടെ സഹായത്തോടെ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. സെക്കന്‍ഡില്‍ രണ്ടു കിലോമീറ്ററിലധികമായിരിക്കും മിസൈലിന്റെ വേഗം.
ആയുധങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വിജയകരമായ പരീക്ഷണം. ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയുടെയും അദേഹത്തിന്റെ ഹൈപ്പര്‍സോണിക് മിസൈല്‍ ടീമിന്റെയും നേതൃത്വത്തിലാണ് ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്. ഒരു സെക്കന്‍ഡില്‍ 2 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കെല്‍പ്പുള്ളവയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: