തിരുവല്ല: കൊറോണ മഹാമാരിക്കാലത്ത് അടിയന്തര സ്വഭാവമുള്ള 108 ആംബുലന്‍സുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിച്ച് സര്‍ക്കാര്‍ കൈകഴുകുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലായിരുന്നു നേരത്തെ 108 ആംബുലന്‍സ് സര്‍വീസ്. അന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ മാത്രമായിരുന്നു സേവനം.
ഇത് പിന്നീട് സംസ്ഥാനമൊട്ടാകെ കനിവ് 108 ആംബുലന്‍സ് സര്‍വീസ് എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ കീഴില്‍ 1400 ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പ്രതിസന്ധി കാലഘട്ടത്തിലാണ് കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിച്ചത്. ഇവരുടെ ക്രിമനല്‍ പശ്ചാത്തലം ഉണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിക്കാതെയായിരുന്നു നിയമിച്ചത്. ഇതിന് ആരോഗ്യ വകുപ്പാണ് ഉത്തരവാദിയെന്ന് പോലീസിനുള്ളില്‍ നിന്ന് വരെ വാദം ഉയര്‍ന്നിട്ടുണ്ട്.
സ്കൂള്‍ ബസ്സിന്റെ ഡ്രൈവറായി ഒരാളെ നിയോഗിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. അര്‍ദ്ധരാത്രിയിലടക്കം യുവതികളെയും കുട്ടികളെയും കൊണ്ട് സഞ്ചരിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഈ നിയമം ബാധകമാക്കിയിട്ടില്ല. ആറന്മുളയില് ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിമനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു. ഇയാളുടെ പേരില്‍ വധശ്രമം അടക്കമുള്ള കേസുകള്‍ ആലപ്പുഴ ജില്ലയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് പത്തനംതിട്ട പോലീസ് പറയുന്നത്. പോലീസ് വെരിഫിക്കേഷന് നടന്നിരുന്നുവെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ ഡ്രൈവര്‍മാരായി വരുന്നത് ഒഴിവാക്കാമായിരുന്നുവെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: