കാസര്‍കോട്: സമാധിയായ എടനീര്‍ മഠാധിപതി ശ്രീ കേശവാനന്ദഭാരതി സ്വാമികള്‍ ആദ്ധ്യാത്മിക-സാമൂഹ്യ സാംസ്കാരിക-വിദ്യാഭ്യാസ-കലമേഖലയിലെ സൂര്യതേജസ്സായിരുന്നു. ആദ്ധ്യാത്മിമിക പ്രവര്‍ത്തനത്തിന്റെ കൂടെ തന്നെ സാമൂഹ്യ ഇടപെടലുകളും നടത്തി സമൂഹത്തിന് ദിശാബോധം നല്കാന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായിരുന്നു എടനീര്‍മഠം. മഠത്തിനകത്ത് തന്നെ വിദ്യാലയം സ്ഥാപിച്ച് അത് സര്‍ക്കാറിന് കൈമാറിയത് കേശവാനന്ദ സ്വാമിജിയാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യം എന്തിന്റെ പേരിലും മാറ്റാനാകില്ലെന്ന് സ്വാമിജി നേടിയ ചരിത്രവിധി മഠത്തില്‍ പേരില്‍ ഇന്നും തിളങ്ങിനില്ക്കുന്നു.
ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യയുടെ പരമ്പരയില്‍പ്പെട്ടതാണ് എടനീര്‍ മഠം. തൃശ്ശൂരില്‍ നിന്ന് കാശിയാത്ര തുടങ്ങിയ തോടകാചാര്യ തളിപ്പറമ്പ് തൃച്ചംബരം മഠത്തില്‍ താമസിച്ചു. അവിടന്ന് പുറപ്പെട്ട് എടനീരില്‍ എത്തിയപ്പോള്‍ ചാതുര്‍മാസ വ്രതക്കാലം തുടങ്ങി. എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ താമസിച്ച് അദ്ദേഹം വ്രതം അനുഷ്ഠിച്ചു. അത് കഴിഞ്ഞ് കാശിക്ക് പുറപ്പെടാനൊരുങ്ങിയ സ്വാമിയെ നാലുവീട്ട് തറവാട്ടുകാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചു. മഠത്തിന് ആവശ്യമായ സഹായവും അവര്‍ വാഗ്ദാനം ചെയ്തു. അതിനെത്തുടര്‍ന്നാണ് ഇന്നത്തെ മഠം നിര്‍മിച്ചതെന്നാണ് വിശ്വാസം.
1968ല്‍, 19ാം വയസ്സിലാണ് ശ്രീ കേശവാനന്ദ ഭാരതി ശ്രീപദംഗലവരു, ശ്രീ ഈശ്വരാനന്ദ ഭാരതി സ്വാമിയുടെ പിന്‍ഗാമിയായി എടനീര്‍ മഠത്തിന്റെ തലവനാകുന്നത്. ആദി ശങ്കരാചാര്യരുടെ ആദ്യത്തെ നാല് ശിഷ്യന്മാരില് ഒരാളായ ശ്രീ തോട്ടാകാചാര്യയുടെ വംശത്തില്‍പ്പെട്ടതാണ് കുടുംബം നടത്തുന്ന മഠം.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകന് കേശവാനന്ദ പത്തൊന്‍പതാം വയസ്സില്‍ 1960 നവംബര്‍ 14ന് ആണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതിസ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു അത്.
മഠാധിപതിയാകുന്നതിനുമുമ്പ് സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ കേശവാനന്ദ സ്വാമി യക്ഷഗാനം പഠിച്ച് അവതരിപ്പിക്കുകയും അതിനായി പാടുകയും ചെയ്യുമായിരുന്നു. കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതം സ്വയം പഠിച്ചെടുത്ത സ്വാമി കച്ചേരി നടത്താറുണ്ട്. കന്നട, തുളു, മലയാളം, ഹിന്ദി, മറാഠി, സംസ്കൃതം ഭാഷകളില്‍ ഭക്തിഗാനങ്ങള്‍ പാടും. പല ഭക്തിഗാനങ്ങളും സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയതും ആയിരിക്കും.
മലയാളത്തിലും കന്നടയിലും ഭക്തിഗാനങ്ങളുടെ സി.ഡി. സ്വാമി പുറത്തിറക്കിയിട്ടുണ്ട്. നാടകങ്ങള്‍ സ്വയം എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്. ഇന്ന് മഠത്തിനൊപ്പം വിദ്യാലയങ്ങളും കലാട്രൂപ്പും ഗോശാലയും പ്രവര്‍ത്തിക്കുന്നു. 1973 വരെ മഠത്തിന്റെ വിദ്യാലയങ്ങളില്‍ അറിവ് തേടിയെത്തുന്നവര്‍ക്കെല്ലാം സൗജന്യമായി അന്നം നല്‍കിയിരുന്നു. 30 കലാകാരന്മാരുള്ള ഗോപാലകൃഷ്ണ യക്ഷഗാന കലാമണ്ഡലി ദക്ഷിണ കര്‍ണാടകയിലും തുളുനാട്ടിലും പ്രശസ്തമാണ്. ഗോകുല്‍ ട്രസ്റ്റിന് കീഴില്‍ ഇപ്പോള്‍ 20 പശുക്കളുണ്ട്. ദിവസവും രാവിലെ ഗോപൂജയ്ക്ക് ശേഷമാണ് സ്വാമി ഭക്ഷണം കഴിച്ചിരുന്നത്. മഠത്തിലെന്നും കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ച് കലാകാരന്മാര്ക്ക് പ്രോത്സാഹനം നല്കാന് ശ്രദ്ധിച്ചിരുന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു കേശവാനന്ദ ഭാരതി സ്വാമി.
ഭരണഘടന മൗലികാവകാശം സംരക്ഷിച്ച മഹാനായിരുന്നു കേശവാനന്ദ ഭാരതി: ശ്രീകാന്ത്
ആദ്ധ്യാത്മിക മേഖലയില്‍ നിന്നു കൊണ്ട് ഭരണഘടന മൗലികാവകാശം സംരക്ഷിച്ച മഹാനായിരുന്നു എടനീര്‍ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു.
ആദ്ധ്യാത്മിക കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ച് സമൂഹത്തിന് ദിശാബോധം നല്കിയ ആചാര്യനാണ് ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജി. ആദ്ധ്യാത്മിക മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സ്വാമിജി കര്‍ണാടക സംഗീതം യക്ഷഗാനം തുടങ്ങിയ കലകള്‍ക്ക് വലിയ പ്രോത്സാഹനം നല്കിയ വ്യക്തിയായിരുന്നു. സ്വയം സംഗീതകാരനും യക്ഷഗാന കലാകാരനുമായിരുന്നു.
ഭരണഘടനയുടെ മൗലിക അവകാശ സംരക്ഷണത്തിനായി ധീരോദാത്തമായ നിയമ പോരാട്ടം നടത്തിയ അപൂര്‍വ്വ ആചാര്യന്മാരില് ഒരാളാണ് സ്വാമിജികള്‍. മൗലികാവകാശ സംരക്ഷണത്തിന് ലോകചരിത്രത്തില്‍ ഇടം നേടി ഭാരതത്തിന് തന്നെ അഭിമാനമായി മാറിയ സന്യാസി ശ്രേഷ്ഠനാണ് അദ്ദേഹം. ലോകത്ത് എവിടെയും ഭരണഘടന പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും നിയമവിദഗ്ധര്‍ക്കും പഠനവിഷയമാണ് കേശവാനന്ദ ഭാരതി സ്വാമികള്‍ നടത്തിയ മൗലിക അവകാശ സംരക്ഷണ കേസ്. ജാഡ ഇല്ലാതെ എല്ലാവര്ക്കും സ്നേഹ വാത്സല്യത്തോടെ അനുഗ്രഹാശിസ്സുകളേകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആധ്യാത്മിക മേഖലയില്‍ മാത്രമായി തന്റെ പ്രവര്‍ത്തനമേഖല ഒതുക്കി നിര്‍ത്താതെ വലിയ രീതിയില്‍ സമൂഹത്തിന് ദിശാബോധത്തൊടെ വെളിച്ചമേകിയ സൂര്യതേജസ്സായിരുന്നു കേശവാനന്ദ ഭാരതി സ്വാമികളെന്ന് അഡ്വ. കെ.ശ്രീകാന്ത് അനുസ്മരിച്ചു.
അനുശോചിച്ചു
കാസര്‍കോട്: എടനീര്‍ മഠാധിപതി ശ്രീ കേശവാനന്ദഭാരതിയുടെ ദേഹവിയോഗത്തില്‍ അനുശോചനപ്രവാഹം. ആര്‍എസ്എസ് അഖിലഭാരതീയ കുടുംബ പ്രബോധന്‍ കജംബാടി സുഹ്രഹ്മണ്യ ഭട്ട്, ചിന്മയമിഷന് കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, നളീന്‍കുമാര്‍കട്ടീല്‍ എം.പി., ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, സഹകാര്‍ ഭാരതി അഖിലേന്ത്യ സെക്രട്ടറി അഡ്വ.കെ.കരുണാകരന്, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.രമേശ്, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.പി.മുരളീധരന്, അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.എ.സി അശോക് കുമാര്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം പി.ആര്.സുനില്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹരീഷ്നാരംപാടി, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം ഐ.കെ.രാംദാസ് വാഴുന്നവര്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു, എസ്പി ഡി.ശില്പ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: