മേലാങ്കോട്ട്: അധ്യാപക ദിനത്തില്‍ കുട്ടി ടീച്ചറുടെ ഒന്നാം ക്ലാസ് വൈറലാകുന്നു. മേലാങ്കോട്ട് എ.സി. കണ്ണന് നായര്‍ ഗവ.യു.പി.സ്കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ നാലു വയസ്സു മാത്രം പ്രായമുള്ള അക്ഷര കൃഷ്ണയാണ് ഓണ്‍ലൈന്‍ ക്ലാസിലൂടെ താരമാകുന്നത്.
സാരി ചുറ്റി കൈയില്‍ പുസ്തകവുമായി എത്തുന്ന ‘ടീച്ചര്‍’ കൂട്ടുകാരോട് ഓണ വിശേഷം അന്വേഷിച്ചു കൊണ്ടാണ് തന്റെ ആറു മിനിട്ട് ദൈര്‍ഘ്യമുള്ള ക്ലാസ് തുടങ്ങുന്നത്. ഒന്നാം തരത്തിലെ വീടെന്ന പാഠഭാഗമാണ് വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളെന്നു തോന്നിക്കുന്ന രീതിയില്‍ രസകരമായി അവതരിപ്പിച്ചത്. ക്ലാസില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിന്റെ സഹായത്തോടെ ഒന്നു മുതല്‍ പത്ത് വരെയുള്ള സംഖ്യകള്‍ പഠിപ്പിക്കുമ്പോള്‍ മുമ്പിലുള്ള എല്ലാ കുട്ടികളും തെറ്റാതെ പഠിച്ചുവെന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യുന്നുണ്ട് ‘ടീച്ചര്‍’.
വീട് നല്ല വീട്, അപ്പുവിന്റെ വീട്’ എന്ന പാട്ട് ഒറ്റയ്ക്കും കൂട്ടായും പാടിയും പഠിപ്പിച്ചും ക്ലാസ് മുന്നോട്ട് പോകുമ്പോള്‍ പരിശീലനം ലഭിച്ച അധ്യാപികയാണെന്നേ തോന്നൂ. ഇതുവരെ ഒരു ക്ലാസിലും ഇരിക്കാന്‍ അവസരം ലഭിക്കാത്ത അക്ഷര ഓണ്‍ ലൈന്‍ ക്ലാസ് കണ്ട് നേടിയ പരിചയം മാത്രം വെച്ച് അവതരിപ്പിച്ച അധ്യാപിക വേഷം തുടക്കത്തില്‍ തന്നെ ഹിറ്റായതിന്റെ സന്തോഷത്തിലാണ് മേലാങ്കോട്ട് സ്കൂളിലെ അധ്യാപകരും കുട്ടികളും. മേലടുക്കം മണ്ണടിയിലെ ഐ.ടി.വിദഗ്ദ്ധനായ ജി.ജയന്റെയും ബാം ഗവ.ഹൈസ്കൂള്‍ ജീവനക്കാരി സംഗീതയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: