കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നയിച്ച് ലോകശ്രദ്ധ നേടിയ കാസര്‍കോട് എടനീര്‍ മഠാധിപതി ശ്രീ കേശവാനന്ദ സ്വാമിജി (79) സമാധിയായി. ഞായറാഴ്ച പുലര്‍ച്ചയോടെ മഠത്തില്‍ വച്ച് തന്നെയാണ് സമാധിയായത്. മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ, പത്തൊമ്പതാം വയസ്സില്‍ 1960 നവംബര്‍ 14നാണ് എടനീര്‍ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം. ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യയുടെ പരമ്പരയില്‍പ്പെട്ടതാണ് എടനീര്‍ മഠം.
1971ല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം കാസര്‍കോടിനു സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. ഈ കേസില്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ പാര്‍ലമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രില്‍ 24 നാണ് ആ ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട സമഗ്ര സംഭാവനയ്ക്ക് ദ ലോ ലീഗല്‍ അസിസ്റ്റന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ പ്രഥമ വി.ആര്. കൃഷ്ണയ്യര്‍ പുരസ്കാരം കേശവാനന്ദ ഭാരതിക്ക് ലഭിച്ചിരുന്നു.
ചരിത്രം രേഖപ്പെടുത്തിയ ചൂടേറിയ വാദവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും പ്രശസ്ത നിയമജ്ഞന് ടി.ആര്. ആന്ധ്യാരുജിനയുടെ ‘കേശവാനന്ദ ഭാരതി കേസ്: ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സ്ട്രഗിള്‍ ഫോര്‍ സുപ്രിമസി ബൈ സുപ്രീം കോര്‍ട്ട് ആന്‍ഡ് പാര്‍ലമെന്റ്’ എന്ന പുസ്തകത്തില്‍ വിസ്തരിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ ഇന്നും നിയമക്ലാസുകളില്‍ പഠനവിഷയമാണ് കേശവാനന്ദ ഭാരതി കേസ്. ഇന്നലെ വൈകിട്ടോടെ ഇടനീര്‍ മഠത്തില്‍ മുന്‍ മഠാധിപതിമാരെ സമാധിയിരുത്തിയ വൃന്ദാവനില്‍ സ്വാമിയെ സമാധിയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: