തിരുവല്ല: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടില്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ കേരളം ഒന്നാമതാണെന്ന് പിആര്‍ ഏജന്‍സികളെ വച്ച് പ്രചാരണം നടത്തിയ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും തലയുയര്‍ത്താന്‍ കഴിയുന്നില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് 24 മണിക്കൂറും പ്രസംഗിക്കുന്നിടത്താണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ കൊറോണ പോസിറ്റീവായ സ്ത്രീ രോഗികളെ ഒറ്റയ്ക്ക് എന്തിന് കെയര്‍ സെന്ററിലേക്ക് വിട്ടെന്ന ചോദ്യത്തിനും ആരോഗ്യ വകുപ്പിന് വ്യക്തമായ മറുപടിയില്ല. രാത്രിയില്‍ രോഗികളെ പ്രത്യേകിച്ച് സ്ത്രീകളെ കൊണ്ടുപോകുമ്പോള്‍ അടുത്തുളള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് ആംബുലന്‍സിന് പോലീസ് അകമ്പടി തേടാമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സ്ത്രീ രോഗികളെ അര്‍ദ്ധരാത്രിയില്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി പോലീസിന്റെ സഹായം തേടാതെയിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൊറോണ രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ നിലവില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് രോഗിക്കൊപ്പമുള്ളത്. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകനോ, സന്നദ്ധ പ്രവര്‍ത്തകനോ വേണ്ടതാണ്. യാത്രാ മധ്യേ രോഗിക്കോ അല്ലെങ്കില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കോ എന്തെങ്കിലും അസ്വസ്ഥതയോ മറ്റോ ഉണ്ടായാല്‍ ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. കൊവിഡ് രോഗികളെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശയുടെ പ്രവര്‍ത്തനവും താളം തെറ്റി. സ്ത്രീകളെയും കുട്ടികളെയും ഒറ്റയ്ക്ക് ആംബുലന്‍സില്‍ കയറ്റി വിടുമ്പോള്‍ വീര്‍പ്പടക്കി പിടിച്ച് ഇരിക്കാനെ ബന്ധുക്കള്‍ക്ക് കഴിയുന്നുള്ളൂ. ചികിത്സാ കേന്ദ്രത്തില്‍ രോഗി സുരക്ഷിതമായി എത്തിയോ എന്ന് പോലും വിളിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: