ഉപനിഷത്ത് എന്ന വാക്കിന് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത് എന്നാണര്‍ത്ഥം. അതായത് ബ്രഹ്മസ്വരൂപത്തിന് സമീപമുള്ളത് ഉപനിഷത്ത്. ആധ്യാത്മിക ശാസ്ത്രത്തിന്റെ ആദിമസാഹിത്യരൂപമാണ് വേദം. ഋഗ് യജുര്‍ സാമാഥര്‍വം എന്ന് വേദം നാല്. വേദങ്ങളുടെ ഭാഷ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉപനിഷത്തുകള്‍. ആരണ്യകങ്ങളുടെ അനുബന്ധവും വേദമന്ത്രങ്ങളുടെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തന്നെയാണിവ.
ഉപനിഷത്തുകള്‍ വിചിന്തനം ചെയ്യുന്ന വിഷയങ്ങള്‍ ഈശ്വരന്, ജഗത്ത്, ജീവന് എന്നിവയാണ്. ജനനത്തിന് മുന്‍പ് എന്ത്? മരണത്തിന് ശേഷം എന്ത്? ഇവയ്ക്കിടയിലുള്ള വെറും യാദൃശ്ചികതയോ ജീവിതം? ഗൂഢരഹസ്യങ്ങളാകവേ ഉപനിഷത്തുകള്‍ ചര്‍ച്ചചെയ്യുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡം തന്നെ ഉപനിഷത്ത്.
മനുഷ്യജീവിതമഹായാത്രയെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ നാല് ഘട്ടങ്ങളായി നമ്മുടെ പൂര്‍വികരായ ഋഷിമാര്‍ വിഭജിച്ചു. ഉത്തമവിദ്യാഭ്യാസഘട്ടമാണ് ബ്രഹ്മചര്യം. മാതൃകാപരമായ കുടുംബജീവിതമാണ് ഗാര്‍ഹസ്ഥ്യം. ജീവിതത്തിന്റെ വലുതും ചെറുതുമായ കര്‍മങ്ങളില്‍നിന്നും പിന്‍വാങ്ങി പരമപുരുഷാര്‍ത്ഥത്തിനായുള്ള തയ്യാറെടുപ്പാണ് വാനപ്രസ്ഥം.പൂര്‍ണമായ ബന്ധവിമോചനം തന്നെ സംന്യാസം. ഇതത്രെ ആശ്രമചതുഷ്ടയം.
മനീഷികളായ മഹര്‍ഷിമാര്‍ ആശ്രമചതുഷ്ടയത്തെ സംഹിത, ബ്രാഹ്മണം, ആരണഅയകം, ഉപനിഷത്ത് എന്നിവയുമായി ബന്ധപ്പെടുത്തി. ബ്രഹ്മചര്യം സംഹിതയുമായും ഗാര്‍ഹസ്ഥ്യം ബ്രാഹ്മണവുമായും വാനപ്രസ്ഥം ആരണ്യകവുമായും സംന്യാസം ഉപനിഷത്തുമായും ചേര്‍ത്തുനിര്‍ത്തി. വേദാന്തമാമല്ലൊ ഉപനിഷത്ത്. ധ്യാനാത്മകമായ ജീവിതത്തില്‍ ഋഷീശ്വരന്മാര്ക്ക് ലഭിച്ച ഉള്‍ക്കാഴ്ചകളും വെളിപാടുകളുമാണ് യഥാര്‍ത്ഥത്തില്‍ ഉപനിഷത്തുകള്‍. ദര്‍ശനശാസ്ത്രമാണിത്.
ഉപനിഷത്തുകള്‍ അനേകമുണ്ടെങ്കിലും അവയില്‍ 108 എണ്ണം പ്രധാനം. അതില്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് 10എണ്ണം മാത്രം. ജ്ഞാനമാര്‍ഗപ്രദര്‍ശകങ്ങളായ ദശോപനിഷത്തുകള്‍ ഇവയാകുന്നു. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, ഐതരേയോപനിഷത്ത്,ഛാന്ദോഗ്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.
ദശോപനിഷത്തുകളില്‍ പ്രസിദ്ധവും പ്രധാനവുമാണ് പ്രശ്നോപനിഷത്ത്. അറിയാനാഗ്രഹിക്കപ്പെട്ടു ചോദിക്കുന്നതെന്തോ അതാണ് പ്രശ്നം. പ്രശ്നം വെറും ചോദ്യമല്ല, വാദവിഷയമാണ് പ്രശ്നം.
അഥര്‍വവേദത്തില്‍ പിപ്പലാദശാഖയുടെ ബ്രാഹ്മണഭാഗത്തുള്ളതാണ് പ്രശ്നോപനിഷത്ത്. 50 ശാഖകളുള്ള അഥര്‍വവേദത്തിന്റെ മൂന്ന് ശാഖകളിലൊന്നാണ് പ്രശ്നോപനിഷത്ത്. മുണ്ഡകവും മാണ്ഡൂക്യവുമാണ് മറ്റ് രണ്ടെണ്ണം. പ്രശ്നങ്ങളുടെയും പരിഹാരങ്ങളുടെയും ഈ ഉപനിഷത്തിന് ആറധ്യായങ്ങളാണുള്ളത്.
ഉന്നതിയും വിശുദ്ധിയുമുള്ള ഗുരുശിഷ്യസംവദാമാണ് ഈ ഉപനിഷത്തിലെ ഉള്ളടക്കം. ഉപനിഷത്തിലെഗുരു പിപ്പലാദന്‍. ഭഗവാന് ഋഷി എന്നൊക്കെ ഉപനിഷത്ത് ഉദ്ദേഹത്തെ വിളിച്ചാദരിക്കുന്നു. വൈശേഷികമത സ്ഥാപകനായ കണാദന്‍ തന്നെയല്ലേ പിപ്പലാദന്‍? കണവാദം – അണുപരിണാമവാദം – അവതരിപ്പിച്ച ഋഷി. കണം- പിപ്പലി-ഭക്ഷിച്ച് ഏറെക്കാലം ജീവിച്ചതിനാല്‍ കണാദന്‍ പിപ്പലാദനായി. വിദ്യാകുതുകികളായ ആറ് യുവാക്കള്‍ പ്രശ്നങ്ങളുമായി പിപ്പലാദന്റെ അടുത്തെത്തി. ഈ വിദ്യാര്‍ത്ഥികളെ ഒന്ന് പരിചയപ്പെടാം. ഭരദ്വാജന്റെ മകനായ സുകേശന്, ശിബിയുടെ പുത്രനായ സത്യാകാമന്, ഗര്‍ഗഗോത്രത്തില്‍ പിറന്ന സൗര്യായണി, കോസലദേശക്കാരനും അശ്വലപുത്രനായ കൗസല്യന്‍, വിദര്‍ഭദേശക്കാരനായ ഭാര്ഗവന്, കത്യന്റെ മകനായ കബന്ധി. ഇവര്‍ പ്രശ്നങ്ങളുടെ ഭാണ്ഡവും പേറി, സമിത്പാണികളോടെ പിപ്പലാദന്റെ അരികില്‍ വിനയാന്വിതരായിനിന്നു.സമിത്തെന്നാല്‍ ചമത. ഒഴിഞ്ഞ കൈകളുമായി രാജാവിനെയോ ദേവതകളെയോ ഗുരുവിനെയോ കാണാന്‍ പോകരുതെന്ന് പ്രമാണം.രാജാവിന് തിരുമുല്‍ക്കാഴ്ചയും ദേവതയ്ക്ക് വഴിപാടും ഗുരുവിന് ദക്ഷിണയും കരുതണം. ചമതക്കെട്ടാണ് ഇവിടെ ദക്ഷിണ. മഹര്ഷിമാര്ക്ക് ഹിതവും പ്രിയവും ഇതുതന്നെ. അവര്‍ പ്രശ്നങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: