1892ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന് കേരളം ഒരു ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. അന്ന് കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ചനീച വേര്‍തിരിവുകളും അവര്‍ക്ക് സമൂഹം നല്‍കിയിരുന്ന പിന്തുണയും കണ്ട് മനംനൊന്താണ് സ്വാമി അപ്രകാരം കേരളത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, 1936ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുമ്പോള്‍ മഹാത്മാഗാന്ധിതന്നെ രാജാവിനെ പ്രശംസിക്കുകയും ഭാരതത്തിലെ മറ്റ് നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറിനെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 1892നും 1936നും ഇടയില്‍ കേരളീയ സമൂഹം സമഗ്രമായ ഒരു സാമൂഹിക നവോത്ഥാനത്തിന് വിധേയമായി എന്നാണല്ലോ മേല്പറഞ്ഞ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍, ഈ സമഗ്രമായ സാമൂഹിക നവോത്ഥാനത്തിന്റെ മുഖ്യശില്പി വിദ്യാധിരാജ ചട്ടമ്പിസ്വാമികളായിരുന്നു എന്നു കാണാനാകും.
എല്ലാ അനാചാരങ്ങളും കൊടികുത്തിവാണിരുന്ന കാലത്ത്, തിരുവനന്തപുരം നഗരത്തില്‍ കണ്ണമ്മൂലയില്‍ ഉള്ളൂര്‍ക്കോട് എന്ന ദരിദ്രഭവനത്തില്‍ 1853 ആഗസ്റ്റ് 25നാണ് (ചിങ്ങമാസത്തിലെ ഭരണി നാളില്‍) സ്വാമികള്‍ ഭൂജാതനായത്. അച്ഛന് വാസുദേവശര്‍മ്മ എന്ന നമ്പൂതിരി, അമ്മ നങ്ങെമ്മ പിള്ള എന്ന നായര്‍ സ്ത്രീ. അക്കാലത്ത് ബ്രാഹ്മണ പിതാവിന് നായര്‍ സ്ത്രീയില്‍ ജനിക്കുന്ന കുട്ടിക്ക് ചെലവിനു കൊടുക്കേണ്ടതില്ലെന്ന വിശ്വാസം നിലനിന്നിരുന്നു. എന്തെങ്കിലും തുക വീട്ടുചെലവിനു നല്കിയാലും ‘ബ്രഹ്മസ്വമാണേ തറവാടു മുടിയുമേ’ എന്നൊക്കെ പറഞ്ഞ് ആ തുക സ്വീകരിക്കാനും വീട്ടുകാര്‍ ധൈര്യപ്പെടിരുന്നില്ല. നങ്ങമ്മപ്പിള്ള സമീപത്തുള്ള കൊല്ലൂര്‍ അത്തിയറമല എന്ന സനാതന ബ്രാഹ്മണഭവനത്തിലെ അടിച്ചുതളിക്കാരിയായിരുന്നു. നിര്‍ധനയായ അമ്മയോടൊപ്പം കടുത്ത ദാരിദ്ര്യം അനുഭവിക്കുക എന്നതായിരുന്നു ബാല്യം മുതല്‍ സ്വാമികളുടെ നിയോഗം. അച്ഛനമ്മമാര്‍ ബാലനു നല്കിയ പേര് ‘അയ്യപ്പന്’ എന്നായിരുന്നു. കുഞ്ഞന്‍ എന്ന ഓമനപ്പേരിലായിരുന്നു കുട്ടി അറിയപ്പെട്ടിരുന്നത്.
ജന്മനാ ജ്ഞാനദാഹിയായിരുന്ന ബാലന് മലയാളം അക്ഷരമാല പിതാവില്‍നിന്നും വശമാക്കി. സംസ്കൃതപഠനം ശൂദ്രനായ കുഞ്ഞന്‍ നിഷിദ്ധമായിരുന്നു. എന്നാല്‍ കൊല്ലൂര്‍ അണിയറമഠത്തില്‍ ശാസ്ത്രി, ഉണ്ണികള്‍ക്ക് സംസ്കൃതം പഠിപ്പിക്കുന്നത് ഒരു ഭിത്തിക്ക് പിന്നില്‍ മറഞ്ഞുനിന്ന് കുഞ്ഞന്‍ കേട്ടുപോന്നിരുന്നു. ക്രമേണ ശാസ്ത്രി ഈ വിദ്യാമോഷണം അറിയാന്‍ ഇടയായി. പരീക്ഷിച്ചു നോക്കിയപ്പോള്‍, താന്‍ പകര്‍ന്നു നല്കിയ വിദ്യ, ഈ പരോക്ഷ ശിഷ്യന് പ്രത്യക്ഷ ശിഷ്യന്മാരെക്കാള്‍ വശമാക്കിയിരിക്കുന്നതായി കണ്ടു. അത്ഭുതാധീനനായ ശാസ്ത്രി, കുഞ്ഞന്‍ ക്ലാസ്മുറിയുടെ ഒരു മൂലക്കിരുന്ന് പഠിക്കാന്‍ അവസരം നല്കി. അങ്ങനെ സിദ്ധരൂപം, അമരകോശം, ലഘുകാവ്യങ്ങള്‍ എന്നിവ കുഞ്ഞന്‍ ശാസ്ത്രിയില്‍നിന്ന് സമ്പാദിച്ചു.
ജ്ഞാനസമ്പാദനത്തില്‍ കുഞ്ഞന്‍പിള്ളയുടെ ഉത്സാഹം കണ്ട് അടുത്ത ബന്ധുവും ജ്യേഷ്ഠസ്ഥാനീയനുമായ കൃഷ്ണപിള്ള കുഞ്ഞനെ പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു. മലയാളത്തിലും സംസ്കൃതത്തിലും സാമാന്യമായ അറിവു നേടിയിരുന്ന കുഞ്ഞന്‍ രാമന്‍പിള്ളയാശാന്റെ വിദ്യാലയത്തില്‍നിന്നും നേരിട്ടു പഠിച്ചതിലധികം പരോക്ഷമായാണ് പഠിച്ചത്. രാമന്പിള്ളയാശാന് ‘ജ്ഞാന പ്രജാഗരം’ എന്ന ഒരു സദസ്സ് നടത്തിയിരുന്നു. അവിടെ ചര്‍ച്ചകള്‍ക്കായി പ്രൊഫസര്‍ സുന്ദരംപിള്ള, സ്വാമിനാഥ ദേശികര്‍, തൈക്കാട്ട് അയ്യാസ്വാമികള്‍ എന്നിവര്‍ വരാറുണ്ടായിരുന്നു. അവരില്‍നിന്ന് വേദം, യോഗാഭ്യാസത്തിന്റെ ഉപരിമുറകള്‍, തമിഴ്, ദ്രാവിഡ വിജ്ഞാനശാഖകള്‍ എന്നിവയില്‍ അഗാധമായ അറിവ് കുഞ്ഞന്‍പിള്ള സമ്പാദിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സദസ്സില്‍ പങ്കെടുക്കാനെത്തിയ സുബ്ബാജടാസ്വാമികള്‍ എന്ന മഹാപണ്ഡിതനെ സ്വാമിനാഥ ദേശികരിലൂടെ കുഞ്ഞന്‍പിള്ള പരിചയപ്പെട്ടു. കുഞ്ഞനെ ഇഷ്ടപ്പെട്ട സുബ്ബാജടാപാഠികള്‍ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്കു മടങ്ങുമ്പോള്‍ കുഞ്ഞനെയും കൂട്ടി. തമിഴ്നാട്ടില്‍, കല്ലാക്കുറിച്ചിയില്‍ സുബ്ബാജടാപാഠികളോടൊപ്പം നാലുവര്‍ഷം ചെലവഴിച്ച കുഞ്ഞന്‍പിള്ള വേദവേദാന്താദികളില്‍ അഗാധ പാണ്ഡിത്യവും ആത്മീയ മേഖലയില്‍ അനുഭവസമ്പത്തും ആര്‍ജിച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു അവധൂതന്റെ അനുഗ്രഹവുംകുഞ്ഞന്‍പിള്ളക്കു ലഭിച്ചു. അന്ന് കുഞ്ഞന്‍പിള്ളക്ക് 28 വയസായിരുന്നു പ്രായം. പൂര്‍ണജ്ഞാനിയായ അവധൂതനായാണ് കുഞ്ഞന്‍പിള്ള നാട്ടില്‍ തിരിച്ചെത്തിയത്.
അപ്പോള്‍, കേരളം എന്ന ഭ്രാന്താലയം അദ്ദേഹത്തപ്പോലൊരു ഭവരോഗ വൈദ്യന്റെ ചികിത്സക്കായി കാത്തുനില്ക്കുകയായിരുന്നു. ജ്ഞാനിയായ കുഞ്ഞന്‍പിള്ള സദാ സഞ്ചാരിയായിട്ടാണ് ശേഷിച്ച ജീവിതം കഴിച്ചുകൂട്ടിയത്. സ്വാമിതിരുവടികളെ സ്വീകരിക്കാന്‍ ജിജ്ഞാസുക്കളായ കേരളീയര്‍ ഏറ്റവും താല്പര്യം പ്രകടിപ്പിച്ചിരുന്നു. സഞ്ചാരത്തിനിടയില്‍ ഏതെങ്കിലും ശിഷ്യനോടൊത്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. അപ്പോള്‍, സ്വാമികളെ കാണാന്‍ ജിജ്ഞാസുക്കളായ നാട്ടുകാര്‍ അവിടെ ഒത്തുചേരും. ജാതിമതഭേദമന്യേ എല്ലാ സത്യാന്വേഷികളെയും സ്വാമികള്‍ സ്നേഹപൂര്‍വം സ്വീകരിക്കുകയും അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. മനുഷ്യരെ മാത്രമല്ല പശു, നായ, പൂച്ച തുടങ്ങി എല്ലാ ജീവികളെയും സ്വാമികള്‍ സ്വസഹോദരങ്ങളെപ്പോലെ കരുതി. എല്ലാ ജീവികളിലും ഈശ്വരനെയും ഈശ്വരനില്‍ എല്ലാ ചരാചരങ്ങളെയും കണ്ടിരുന്ന സ്വാമികള്‍ക്ക് യാതൊരുവിധ ഭേദഭാവവും മനുഷ്യനും മനുഷ്യനും തമ്മിലോ മനുഷ്യനും കൃമികീടങ്ങള്‍ തമ്മില്‍ പോലുമോ ഉണ്ടായിരുന്നില്ല. ഈവിധം, ജാതീയമോ അല്ലാതെയോ ഉള്ള യാതൊരു ഭേദഭാവനയും സ്വാമിതിരുവടികള്‍ക്ക് സാധ്യമായിരുന്നില്ല.
സദാ സഞ്ചാരിയായിരുന്ന സ്വാമി, ഓരോ സ്ഥലങ്ങളിലും വീണ്ടും വരികയും സത്യദര്‍ശിയായ ഋഷിയെന്ന നിലയില്‍ ജനങ്ങളെ വിഭാഗീയതകള്‍ വിസ്മരിച്ചുകൊണ്ട് സര്‍വം വല്ലഭം ബ്രഹ്മ എന്ന വേദാന്തസത്യം പൂര്‍ണമായും പ്രകടമാക്കുന്ന ഒരു ശ്രേഷ്ഠജീവിതത്തില്‍ പങ്കാളികളാക്കുകയും ചെയ്തു. പണ്ഡിതനും സത്യദര്‍ശിയും കാഴ്ചയില്‍ ഗംഭീരപുരുഷനുമായിരുന്ന സ്വാമികളുടെ ഈ വിധമായ പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ മാമൂല് പ്രിയന്മാര് ധൈര്യപ്പെട്ടില്ല. നീണ്ട 43 വര്‍ഷക്കാലം ഈ വിധം ഒരു ശ്രേഷ്ഠ ജീവിതത്തില്‍ ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് കേരളത്തിന്റെ സാമൂഹിക നവോത്ഥാനം സ്വാമികള്‍ അനായാസമായി സാധിക്കുകയുണ്ടായി. തിരുവിതാംകൂര്‍, കൊച്ചി, മലബാറിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാല്‍നടയായിത്തന്നെ വീണ്ടും എത്തിക്കൊണ്ടിരുന്ന സ്വാമികളെ സംബന്ധിച്ചിടത്തോളം കഠിനപ്രയത്നംതന്നെ വേണ്ടിവന്നിരുന്നു. എന്നാല്‍ ജനഹൃദയങ്ങളില്‍ വന്നുചേര്‍ന്ന ആത്മീയ, സാമൂഹിക പുരോഗതി അവര്‍തന്നെ അറിഞ്ഞില്ല എന്നതാണ് സത്യം.
നിര്‍ധന കുടുംബത്തില്‍ ജനിച്ച് നിര്‍ധനനായിത്തന്നെ 70 വര്‍ഷവും 8 മാസവും 12 ദിവസവും സ്വാമികള്‍ ജീവിച്ചു. പില്ക്കാലത്ത് ശ്രീനാരായണഗുരുദേവന്‍ മുതലായ മഹാത്മാക്കള്‍ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക മേഖലകളില്‍ വരുത്തിയ പുരോഗതി ചട്ടമ്പിസ്വാമികള്‍ വരുത്തിയ ശ്രേഷ്ഠമായ മാറ്റങ്ങളുടെ അടിത്തറയിലായിരുന്നു എന്നത് അംഗീകരിച്ചേ മതിയാകൂ.
സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍
(ശ്രീവിദ്യാധിരാജ സേവാശ്രമം, കുടക്കച്ചിറ, കോട്ടയം)
9847329992
പ്രതികരിക്കാൻ ഇവിടെ എഴുതുക: