ഐസ്വാള്‍: ചട്ടമ്പി സ്വാമിയുടേയും ശ്രീനാരായണ ഗുരുവിന്റെയും ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുദേവനും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ കണ്ട മികച്ച ദാര്‍ശനിക പ്രതിഭകളും നവോത്ഥാന നായകന്മാരുമായിരുന്നു. അതിനാല്‍ ഇരുവരുടെയും ജീവിത ദര്‍ശനങ്ങള്‍ പാഠ്യവിഷയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പരസ്പര പൂരകങ്ങളും ,പരസ്പര ഹിതാനുസാരികളുമായിട്ടാണ് അവര്‍ കഴിഞ്ഞിരുന്നത്. ആത്മീയ ഉന്നതിയേയും ഭൗതീക ഉല്‍ക്കര്‍ഷത്തെയും കോര്‍ത്തിണക്കി സ്‌നേഹവും ജീവകാരുണ്യവും വാരിവിതറി ജാതിരഹിത സാമൂഹ്യ സംരചനയ്ക്കായിട്ടാണ് ഈ മഹാത്മാക്കള്‍ ഉദ്യമിച്ചത്. 1882 ഡിസംബറില്‍ കൊച്ചി സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ ചട്ടമ്പി സ്വാമിജിയെ സന്ദര്‍ശിച്ച് ചിന്മുദ്രയെക്കുറിച്ച് അനുഭവ ജ്ഞാനം സ്വായത്തമാക്കിയ ശേഷം ‘ കേരളത്തില്‍ക്കണ്ട അത്ഭുത പ്രതിഭയെന്നാണ് ” ചട്ടമ്പിസ്വാമിയെ വിശേഷിപ്പിച്ചതെന്നും ശ്രീധരന്‍പിളള ഓര്‍മിപ്പിച്ചു.
ശ്രീനാരായണ ഗുരുസ്വാമികളെ സന്ദര്‍ശിച്ച ശേഷം രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ദര്‍ശിച്ച മഹാത്മാക്കളില്‍ ശ്രീനാരായണ ഗുരുദേവനെക്കാള്‍ മികച്ചതോ, അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല’ എന്നായിരുന്നു പറഞ്ഞത്. ഭാരത നവോത്ഥാനത്തിന്റെ ലോകം അംഗീകരിച്ച മാനബിന്ദുക്കളായ സ്വാമി വിവേകാനന്ദനും, ടാഗോറും കണ്ടെത്തിയ ഈ മുത്തുകളെ എന്തുകൊണ്ട് കേരളം ആഴത്തില്‍ കണ്ടെത്താതെ പോയി എന്ന ദുഃഖസത്യം ഇപ്പോഴും അവശേഷിക്കുന്നതായി ഗവര്‍ണ്ണര്‍ പറഞ്ഞു. ദല്‍ഹി എന്‍എസ്എസ് സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: