കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്ഡ്വെയര് മോഷ്ടിക്കപ്പെട്ട കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ബീഹാര്‍ സ്വദേശി സുമിത്കുമാര്‍, രാജസ്ഥാന് സ്വദേശി ദയാറാം എന്നിവര്‍ക്കെതിരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ക്കെതിരെ വിവര സാങ്കേതിക നിയമപ്രകാരമുള്ള സൈബര്‍ ഭീകരവാദം, മോഷണം, മൂല്യമുള്ള വസ്തുവാണെന്ന അറിവോടെ എടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നു എന്‍ഐഎ വ്യക്തമാക്കി. കേസില്‍ അന്വേഷണം തുടരുകയാണെന്നും തുടര്‍ റിപ്പോര്‍ട്ടുകള്‍ പിന്നീട് സമര്‍പ്പിക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി.
2019 സപ്തംബറിലാണ് സംഭവം. അഞ്ചു മൈക്രോ പ്രോസസറുകള്‍, 10 റാമുകള്‍, അഞ്ച് എസ്എസ്ഡികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് മോഷണം പോയത്. കേരള പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. കൊച്ചിന് ഷിപ്പ് യാര്‍ഡിലെ 6500 ഓളം ജീവനക്കാരുടെ വിരലടയാളങ്ങളും ജീവനക്കാരുടെ പാദമുദ്രകളും പരിശോധിച്ച ശേഷമാണ് എന്‍ഐഎ പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എന്‍ഐഎ ഇരുവരെയും പോളിഗ്രാഫ് പരിശോധന നടത്തിയിരുന്നു. പെയിന്റിങ് ജോലികള്‍ നല്കിയ കരാറുകാരന്റെ ജോലിക്കാരാണ് പ്രതികളായ രണ്ടുപേരും. ചില സാധനങ്ങള്‍ പ്രതികള്‍ ഓണ്‍ലൈന്‍ വഴി വിറ്റു, ഇവ പിന്നീട് കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: