കൊച്ചി: സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ത്തിയ കസ്റ്റംസ് ഉന്നതനെ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത് കൃത്യതയാര്‍ന്ന അന്വേഷണത്തിലൂടെ. മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവ് ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയ ഫയല്‍ വിശദമായ ഡിജിറ്റല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. രേഖ പകര്‍ത്തുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ക്യാമറ, ഇതു പുറത്തേക്ക് അയയ്ക്കുന്നതിന് ഉപയോഗിച്ച ഫോണ്‍, ഐഎംഇ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചാണ് മൊഴി ചോര്‍ത്തിയത് കസ്റ്റംസ് സൂപ്രണ്ട് പത്മരാജന് നമ്പ്യാരാണന്ന് തെളിയിച്ചത്.
വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയ്ക്ക് പകരം ബ്ലൂടൂത്തിലൂടെ മൊഴിപ്പകര്‍പ്പ് മറ്റൊരു ഫോണിലേക്ക് അയച്ചത് ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും സൂക്ഷ്മതയോടെയാണ് ഉദ്യോഗസ്ഥന് ഇക്കാര്യം ചെയ്തിരിക്കുന്നതെന്നുമുള്ളതിന്റെ വ്യക്തമായ സൂചനയാണ്. സ്വപ്നയുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് നിയോഗിച്ചത് അസി. കമ്മീഷണര്‍ എന്‍.എസ്. ദേവ്, സൂപ്രണ്ട് വി. വിവേക്, ഒരു വനിത ഓഫീസര്‍ എന്നിവരെയായിരുന്നു. പത്മരാജന് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നിട്ടും സ്വപ്നയുടെ മൊഴിയെടുക്കുന്ന സമയത്തും ഇയാളുമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും. ഫോണില്‍ നിന്നു ചോര്‍ന്ന ദൃശ്യങ്ങള്‍ അതേപടിയല്ല സമൂഹമാധ്യമങ്ങളില്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങള്‍ ക്രോപ്പ് ചെയ്ത് വൃത്തിയാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ ആസൂത്രണമുണ്ടായിട്ടുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
സ്ഥലംമാറ്റപ്പെട്ട അസി. കമ്മീഷണര്‍ അനീഷ് രാജാണ് ജിഎസ്ടി വിഭാഗത്തില്‍ നിന്ന് ഇയാളെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലേക്ക് കൊണ്ടുവന്ന് സ്വപ്നയുടെ മൊഴിയെടുക്കാന്‍ ചുമതലപ്പെടുത്തിയത്.
പത്മരാജന് നമ്പ്യാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയും, തന്റെ ഫേസ്ബുക്കിലൂടെയും നിരന്തരം സിപിഎം അനുകൂല പോസ്റ്റുകളിട്ടിരുന്നു. മൊഴിപ്പകര്‍പ്പിന്റെ ചിത്രത്തിലെ ഭാഗങ്ങളില്‍ പത്മരാജന് നമ്പ്യാരുടെ ഓഫീസ് ടേബിള്‍ ഭാഗങ്ങളും, ഫയലുകളും ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: