കൊച്ചി: ലഹരിക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് അനൂപുമായുള്ള ബന്ധം പുറത്തായതോടെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളും സംശയത്തില്‍. അനൂപിന് ലക്ഷങ്ങള്‍ നല്കി സഹായിച്ചിട്ടുണ്ടെന്നു മാത്രമല്ല പല കമ്പനികളിലുമുള്ള പങ്കാളിത്തവും വിവാദമായി.
ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബിനീഷ് കോടിയേരി. ആരോപണമുയര്‍ന്ന സമയത്ത് തനിക്ക് ബി ക്യാപിറ്റലുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് പ്രതികരിച്ചത്. ബന്ധമല്ല പങ്കാളിത്തം തന്നെയുണ്ടെന്നാണ് ഇതിനകം പുറത്തു വന്നത്.
ഈ സമ്പത്തികകാര്യ സ്ഥാപനത്തിന്റെ പേരിലാണ് മുഹമ്മദ് അനൂപിന്റെ ഹോട്ടല്‍ സംരംഭത്തിന് ബിനീഷ് പണം മുടക്കിയത്. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിയിടപാടുകള്‍. കേസില്‍ അറസ്റ്റിലായവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിലും ബിനീഷിന് വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ആരോപണമുണ്ട്. ആഡംബര കാറുകളുടെ ബിസിനസ്, സിനിമകളുടെ ഫൈനാന്‍സിങ് എന്നിവ ബിനീഷ് നടത്തുന്നുണ്ടെന്നാണ് ആരോപണം.
അതിനിടെ, ബെംഗളൂരുവില്‍ ബിനീഷ് ഡയറക്ടറായി തുടങ്ങിയ രണ്ടു സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. സുപ്രീംകോടതിയിലെ അഭിഭാഷകന് കോശി ജേക്കബ്ബാണ് ബിനീഷ് ഡയറക്ടറായ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫോറക്സ് ട്രേഡിങ് എന്നിവയുടെ ഇടപാടുകളില്‍ അന്വേഷണം തേടി കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി നല്‍കിയത്. കണക്കുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഇവയുടെ അനുമതി റദ്ദാക്കിയിരുന്നു. ഈ ഇടപാടുകള്‍ വഴി സംഭരിച്ച പണമാണ് ബിനീഷ് ഹോട്ടലുകളില്‍ മുടക്കിയതെന്നാണ് പരാതി. ബിനീഷിന് മുഹമ്മദ് അനൂപുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: