കാസര്‍കോട്: അധോലോകങ്ങളുടെയും ഗുണ്ടകളുടെയും മാഫിയയ്ക്കളുടെയും കേന്ദ്രമായി എകെജി സെന്റര്‍ മാറിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പറഞ്ഞു. കര്‍ണാടക നര്‍കോട്ടിക് സെല്‍ അനേഷണത്തില്‍ പിടിയിലായ മയക്കുമരുന്നു മാഫിയ തലവന്‍ മുഹമ്മദ് അനൂപ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മയക്കുമരുന്ന് മാഫിയ, സ്വര്‍ണ കടത്തു കേസില്‍ കോടിയേരിയുടെ മക്കള്‍ക്കും ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശ്വസ്തത തകര്‍ന്നിരിക്കുകയാണ്. വ്യാജന്മാര് കടന്നുകൂടി ഓഫീസ് നിയന്ത്രിക്കുകയാണ്. ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. ബിജെപി യുടെ ചോദ്യത്തിന് മറുപടിയായി ഡിജിറ്റല്‍ ഒപ്പാണെന്ന പച്ചക്കള്ളമാണ് പറഞ്ഞ് പരത്തുന്നത്. ബിജെപി ആരോപിച്ച ഒപ്പ് ഡിജിറ്റലല്ല അത് ഫിസിക്കലാണ്. യഥാര്‍ത്ഥ ഒപ്പാണ് അതെങ്കില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് പ്രഫുല്‍ കൃഷ്ണ പറഞ്ഞു. വ്യാജന്മാര് ഫയലില്‍ ഒപ്പിടുന്നു, ഫയലുകള്‍ക്ക് തീ പിടിക്കുന്നു, സിസിടിവി ദൃശ്യങ്ങള്‍ നശിക്കുന്നു തുടങ്ങിയ അത്ഭുതങ്ങള്‍ സെക്രട്ടറിയേറ്റില്‍ അരങ്ങേറുന്നു. മണിച്ചിത്രതാഴ് എന്ന സിനിമയെ അനുസ്മരിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. മടാമ്പള്ളിയിലെ മനോരോഗിയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.ടി ജലീല്‍ പരിശൂധ ഖുര്‍ആന്റെ പേരില്‍ കടത്തിയതെന്താണെന്ന് വ്യക്തമാകണം. കേരളത്തില്‍ ഖുറാന്റെ ലഭ്യതയ്ക്ക് കുറവില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ജലീലിന്റെ സിരകളില്‍ ഇന്നും ഓടുന്നത് സിമിയുടെ രക്തമാണെന്ന് പ്രഫുല്‍ ആരോപിച്ചു
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ അഞ്ചു ലക്ഷം പേര്‍ക്ക് ജോലി കൊടുക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ എത്ര പേര്‍ക്ക് ജോലി കൊടുത്തുവെന്ന് ധവള പത്രമിറക്കാന്‍ തയാറാകണമെന്ന് പ്രഫുല്‍ പറഞ്ഞു. സ്വന്തയൊരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട ഉദ്യോഗാര്‍ത്ഥി ആത്മഹത്യാ ചെയ്തതിന് ഉത്തരവാദി പിണറായി വിജയനാണെന്ന് പ്രഫുല്‍ ആരോപിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് നയിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഫുല്‍ കൃഷ്ണ. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.സുരേഷ് കുമാര്‍ ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, ജില്ലാ സെക്രെട്ടറിമാരായ മണിലാല്‍ മേലത്ത്, വിജയകുമാര്‍ റൈ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധുര്, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി എന്നിവര്‍ പ്രസംഗിച്ചു. ബിജെപി ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എന്‍.ബാബുരാജ് സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: