ആചാര്യന്മാര്‍ മനുഷ്യായുസ്സ് നൂറായി കണക്കാക്കിയിട്ട് അതിനെ നാലു ഘട്ടങ്ങളാക്കിയിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ. ഓരോന്നിനും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വീതം. ആദ്യത്തെ ഇരുപത്തഞ്ചു വര്‍ഷങ്ങളില്‍ കാമക്രോധങ്ങളെല്ലാം അടക്കി, ‘ഛാത്രാണാം അദ്ധ്യയനം തപഃ’ (വിദ്യാര്‍ഥികളുടെ തപസ്സ് അധ്യയനമാണ്) എന്ന ആപ്തവചനമനുസരിച്ച് വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാഭ്യാസത്തില്‍ തത്ത്വശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും ഉള്‍പ്പെടുന്നു. അതിനുശേഷം അമ്പതു വയസ്സുവരെ ഗാര്‍ഹസ്ഥ്യത്തിന്റെ നിയമങ്ങളനുസരിച്ച് വിവാഹജീവിതം നയിക്കുന്നു. പിന്നീട് അമ്പതു മുതല്‍ വാനപ്രസ്ഥം. അതു സംന്യാസത്തിനുള്ള – സമ്പൂര്‍ണത്യാഗത്തിനുള്ള – ഒരു പരിശീലനകാലമാണ്. ഇവിടെ ശ്രീരാമകൃഷ്ണന്റെ ഒരു വചനം നമുക്ക് ഓര്‍ക്കാം: ‘ഇടയ്‌ക്കിടെ നിര്‍ജനസ്ഥാനത്തു പോയി ഈശ്വരധ്യാനം ചെയ്യണം… പിന്നെ, ഈശ്വരനില്‍ ഭക്തിയും വിശ്വാസവും വന്നുകഴിഞ്ഞാല്‍ ഒട്ടൊക്കെ അനാസക്തനായി ജീവിക്കാന്‍ സാധിക്കും. ഒന്നുരണ്ടു കുട്ടികള്‍ പിറന്നുകഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ആങ്ങളയും പെങ്ങളുംപോലെ ജീവിക്കണം. എന്നിട്ട്, ഇനി മനസ്സ് ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകരുതേ, പിള്ളകളൊന്നും പിറക്കാനിടവരരുതേ, എന്ന് സര്‍വദാ ഈശ്വരനോടു പ്രാര്‍ഥിക്കണം.’
ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം. അതിനാല്‍ എല്ലാ കാര്യത്തിലും അച്ചടക്കമില്ലാതെ ജീവിക്കുന്ന ഗൃഹസ്ഥര്‍ അമ്പതു വയസ്സാകുമ്പോഴേയ്‌ക്കുതന്നെ പടുവൃദ്ധനാവുകയും പിന്നെ വാനപ്രസ്ഥമോ സംന്യാസമോ സ്വീകരിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇവര്‍ മനുഷ്യന്റെ ആത്യന്തികലക്ഷ്യത്തിലെത്താന്‍ കഴിയാതെതന്നെ മരിച്ചുപോകുന്നു. ഇതില്ലാതിരിക്കാന്‍ ചെറുപ്പത്തിലേതന്നെയുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. ജീവിതം പോകുന്നത് ധര്‍മമനുസരിച്ചാണോ എന്ന് ഓരോ ദിവസവും നാം പരിശോധിക്കേണ്ടിയിരിക്കുന്നു. വരവിനേക്കാള്‍ ചെലവുചെയ്യുന്നവര്‍, പാതിവ്രത്യമോ ഏകപത്‌നീവ്രതമോ ഇല്ലാത്തവര്‍, മക്കളെ ധര്‍മിഷ്ഠരായി വളര്‍ത്താത്തവര്‍, മാതൃ-പിതൃ-ഗുരുസേവ ചെയ്യാത്തവര്‍, ഈശ്വരപൂജ ചെയ്യാത്തവര്‍, വഴിവിട്ടു ജീവിക്കുന്നവര്‍- ഇത്തരക്കാര്‍ മനസ്സു ശുദ്ധമാക്കി ഈശ്വരാനുഭവം നേടാനുള്ള അസുലഭാവസരമാണ് പാഴാക്കുന്നത്. ദുര്‍ലഭമായ മനുഷ്യജന്മം കിട്ടിയിട്ട് ഈശ്വരദര്‍ശനത്തിനുവേണ്ടി ശ്രമിക്കാത്തവര്‍ ജനിച്ചതു വെറുതെയാണെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: