ആറന്മുള: ചീറിപ്പായുന്ന ചുണ്ടന് വള്ളങ്ങളുടെ കുതിപ്പില്ല, പമ്പാതീരം നിറഞ്ഞു നിന്നുള്ള വള്ളംകളി പ്രേമികളുടെ ആരവങ്ങളില്ല, എങ്കിലും ആറന്മുള ഭഗവാന്റെ പ്രതിഷ്ഠാദിനമായ ഉതൃട്ടാതി നാളില്‍ കരക്കാരുടെ ദുഃഖത്തിനിടയില്‍ ആശ്വാസത്തിന്റെ തുഴയെറിഞ്ഞപ്പോള്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവില്‍ വള്ളംകളി ആചാരപൂര്‍വം പ്രതീകാത്മകമായി.
അന്‍പത്തിരണ്ട് പള്ളിയോടങ്ങള്‍ പമ്പയുടെ നെട്ടായത്തില്‍ ഉതൃട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കണ്ട കരക്കാര്‍ക്ക്് ഇത്തവണ ഒരു പള്ളിയോടം പമ്പയിലൂടെ തുഴഞ്ഞെത്തിയപ്പോള്‍ വിങ്ങുന്ന ഹൃദയവേദനയിലും ആശ്വാസത്തിന്റെ തെളിനീര് നൈര്‍മല്യം. തുഴയെറിഞ്ഞ് രാവിലെ 10.15ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്കി. കൊവിഡ് മഹാമാരി കാരണം ഒരു പള്ളിയോടം പോലും ഇറക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒരു പള്ളിയോടത്തിന് അനുമതി ലഭിച്ചത് പള്ളിയോടക്കരകള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി.
പള്ളിയോടത്തിന്റെ കരനാഥന്മാര് തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റിലയും പുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി സെക്രട്ടറി പി.ആര്. രാധാകൃഷ്ണന്, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല എന്നിവര്‍ വെറ്റപുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും സമര്‍പ്പിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, കെ.ജി. രവി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍, കൊച്ചിന് ഷിപ്യാര്ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി. രാധാകൃഷ്ണമേനോന്, ദേവസ്വം അസി കമ്മീഷണര്‍ എസ് അജിത് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: