ഭാരതത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ലോകത്ത് മറ്റു ഭാഗങ്ങളില്‍ നില നിന്നിരുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഗുരുകുലസമ്പ്രദായമെന്ന് നാം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഗുരു പറയുന്നതിനപ്പുറത്തേക്ക് പോകരുതെന്ന നിലയില്‍ ഒതുങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഗുരുവാക്യം പറഞ്ഞിട്ടുള്ളത് ശ്രീ ശങ്കരാചാര്യര്‍ തന്നെയാണ്. അദ്ദേഹം ശിഷ്യന്മാരെ ഉപദേശിച്ചിരുന്ന പ്രധാന കാര്യം ഗുരുമുഖത്തു നിന്നായാലും ശാസ്ത്രം മാത്രമേ ഗ്രഹിക്കാവൂ എന്നതാണ്.
ശാസ്ത്രം എന്നാല്‍, ഗുരു പഠിപ്പിച്ച കാര്യം സ്വന്തം ജീവിതാനുഭവങ്ങളില്‍ ബോധ്യമാകുകയെന്നതാണ് വിവക്ഷ. ഏത് മഹത് തത്വമായാലും അതാരു പഠിപ്പിച്ചതായാലും സ്വ ജീവിതാനുഭവത്തില്‍ ബോധ്യമായാല്‍ മാത്രമേ സ്വീകരിക്കാവൂ എന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അധ്യാപക കേന്ദ്രീകൃതമോ വിദ്യാര്‍ഥി കേന്ദ്രീകൃതമോ ആയ പഠന സമ്പ്രദായത്തെയല്ല, സ്വാനുഭവത്തില്‍ സിദ്ധമാകുന്ന തത്വവിചാരം ഗ്രഹിക്കാന്‍ കഴിയുന്ന പഠന സമ്പ്രദായമാണ് സ്വീകാര്യം എന്ന് ശങ്കരാചാര്യര്‍ ഉദ്ഘോഷിച്ചു. ഈ ശങ്കരാചാര്യരെക്കുറിച്ചാണ്, കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രി, അദ്ദേഹം പിന്തിരിപ്പന് ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് എന്ന് വിശേഷിപ്പിച്ചത്. ഏത് മുഖ്യമന്ത്രിക്കും താന്‍ പ്രസംഗിക്കുന്ന കാര്യങ്ങളെക്കുറിച്ച് സവിശേഷമായ അറിവുണ്ടായിരിക്കണം എന്ന് ശഠിക്കാന്‍ ഒരാള്‍ക്കും കഴിയില്ല കാരണം, അത്രയേറെ വൈവിധ്യമായ വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പ്രസംഗിക്കേണ്ടി വരും. അപ്പോള്‍ വിവരവും വിവേകവുമുള്ള പ്രസംഗമെഴുത്തുകാരെ നിയമിക്കാന്‍ വിവേചന ശക്തിയുള്ള മുഖ്യമന്ത്രിമാര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ശ്രീനാരായണ ഗുരു ജയന്തി ദിവസം പ്രസംഗം എഴുതിക്കൊടുത്ത പ്രസംഗമെഴുത്തുകാരന് വിവേകമില്ല എന്നു മാത്രമല്ല അജ്ഞത വേണ്ടുവോളമുണ്ടുതാനും.
അത്തരം എഴുത്തുകാരെ ആശ്രയിച്ചാല്‍ വിവരക്കേട് വിളമ്പി മുഖ്യമന്ത്രിമാര്‍ അപഹാസ്യരായിത്തീരേണ്ടി വരും.
ശങ്കരാചാര്യരെ ഇന്ത്യയുടെ യശഃസ്തംഭമായി കരുതിയവരില്‍ ഒരാള്‍ മഹാകവി കുമാരനാശാനാണ്. ”ജഗദ് ഗുരുക്കന്മാര് എന്ന് അഭിമാനിക്കുവാന് ഹിന്ദുക്കളുടെ മതാചാര്യന്മാര് പലരുണ്ടെങ്കിലും അത്ഭുതകരമായ അദൈ്വത സിദ്ധാന്തത്തെ വിജയപൂര്‍വം സ്ഥാപിച്ച്, പ്രചാരപ്പെടുത്തി, അന്നും ഇന്നും ലോകം മുഴുവനുള്ള പണ്ഡിതന്മാരുടെ ഭക്തിബഹുമാനങ്ങള്‍ക്ക് പാത്രമായിത്തീര്ന്നിട്ടുള്ളത് സാക്ഷാല്‍ ശങ്കരാചാര്യര്‍ ഒരാള്‍ തന്നെയാകുന്നു. കേരളത്തിന്, അദ്ദേഹത്തിന്റെ ജന്മഭൂമിയെന്നതിനേക്കാള് അഭിമാന ജനകമായ ഒരു മാഹാത്മ്യം ഉണ്ടായിട്ടില്ലെന്നത് തീര്‍ച്ചതന്നെ.” (കുമാരനാശാന്റെ ഗദ്യ ലേഖനങ്ങള്‍. വാല്യം 2. പുറം 296). അങ്ങനെയുള്ള ശ്രീ ശങ്കരചാര്യരെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെഴുത്തുവിദ്വാന് ഈ വിധമുള്ള അപവാദങ്ങള്‍ എഴുതി അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ മുന്നില്‍ വരേണ്ടത് ശങ്കരാചാര്യര്‍ തന്നെയാണ്. കാരണം, വിദ്യാഭ്യാസ വ്യവസ്ഥയുടെ ഉദാത്ത മാതൃക ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത് ശ്രീശങ്കരനാണ്. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, അദൈ്വത സിദ്ധാന്തം അധ്യാപകന്, വിദ്യാര്‍ഥി, പാഠ്യവസ്തു എന്നിങ്ങനെയുള്ള ഭേദവിചാരങ്ങളേയും ഇല്ലാതാക്കുന്നു എന്നതുകൊണ്ടാണ്.
ഈ പശ്ചാത്തലത്തിലാണ് നവവിദ്യാഭ്യാസ നയം 2020 പ്രസക്തമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ അനേകം വിദ്യാഭ്യാസ കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കസ്തൂരി രംഗന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ്, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന പ്രശ്നത്തെ ആദ്യമായി അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം, അതായത് ഇംഗ്ലീഷ് വിദ്യാഭ്യാസം സ്ഥാപിക്കുന്നതിന് മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ നയരേഖയുടെ ആമുഖത്തില്‍ (1835) അദ്ദേഹം എഴുതി: ഇന്ത്യക്ക് അഭിമാനകരമായ ശാസ്ത്രം, തത്വചിന്ത, മതം, കല, സംസ്കാരം എന്നിങ്ങനെ യാതൊന്നുമില്ല. ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാ വിജ്ഞാന ശാഖകളേയും യൂറോപ്യന്‍ വിജ്ഞാന ശാഖകള്‍കൊണ്ട് മാറ്റിയെടുക്കണം. എങ്കിലേ ഈ രാജ്യത്തെ കീഴ്പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യം 1835 ഫെബ്രുവരിയില്‍ മെക്കാളെ പ്രഭു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും എടുത്തു പറഞ്ഞു. ആ വിദ്യാഭ്യാസത്തിന്റെ ഫലശ്രുതിയും അദ്ദേഹം പറയുന്നുണ്ട്- അങ്ങനെ വന്നാല്‍ കാഴ്ചയില്‍ ഇന്ത്യക്കാരും അഭിരുചിയിലും സംസ്കാരത്തിലും യൂറോപ്യന്മാരുമായ അഭിജാത തലമുറയെ സൃഷ്ടിക്കാന്‍ കഴിയും. മെക്കാളെ സായ്വിന് തെറ്റിയില്ല, അദ്ദേഹം ആഗ്രഹിച്ചതുപോലെ യൂറോപ്യന്മാരായ ഇന്ത്യക്കാരുണ്ടായി.
1905 ല്‍ ഹിന്ദ് സ്വരാജ് എഴുതിയപ്പോള്‍ ഈ യൂറോപ്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ഗാന്ധിജി അതി രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യന്‍ സാംസ്കാരിക അന്തര്‍ധാരയുടെ അടിസ്ഥാനത്തില്‍ ഒരു ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഗാന്ധിജി നടത്തിയ ആദ്യ ശ്രമമായിരുന്നു ഹിന്ദ് സ്വരാജ് രചന. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിലെത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ലേഡി മൗണ്ട് ബാറ്റണിന്റെ ആരാധകന് മാത്രമായിരുന്നില്ല, യൂറോപ്യന്‍ സംസ്കാരത്തിന്റെ പ്രചാരകനുമായിരുന്നു. അതിന്റെ ഫലമായാണ് ഇന്നത്തെ വികലമായ വിദ്യാഭ്യാസ നയം വികസിച്ചു വന്നത്.
ആ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ആധാരശ്രുതിയെ ആശ്രയിച്ചുകൊണ്ടാണ് നവവിദ്യാഭ്യാസ നയം 2020 രൂപീകരിച്ചിരിക്കുന്നത്. അതിന്റെ പ്രഥമ ലക്ഷ്യം ഊര്‍ജസ്വലവും കര്‍മനിരതവുമായ ഒരു വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ്. അത്തരം ഒരു വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കണമെന്നുണ്ടെങ്കില്‍ നമ്മുടെ വേരുകളില്‍ നിന്ന് ഊര്‍ജം വലിച്ചെടുക്കേണ്ടിവരും. എന്നാല്‍ മാത്രമേ കരുത്തുറ്റ വിദ്യാഭ്യാസ സമ്പ്രദായം രൂപീകരിച്ചെടുക്കാന്‍ പറ്റൂ. ഈ നവ വിദ്യാഭ്യാസ നയത്തില്‍ അധ്യാപനവും അധ്യാപകനും വിദ്യാര്‍ഥിയും പുനര്‍ നിര്‍വചിക്കപ്പെടുന്നു. യൂറോപ്പിനോടുള്ള അടിമത്തം ഇനിയും സഹിക്കുക എന്നു പറയുന്നത് 130 കോടി ഇന്ത്യാക്കാര്‍ക്ക് അപമാനകരം തന്നെ. ഇവരില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒഴിവാക്കുന്നു. കാരണം, കാള്‍ മാര്ക്സിന് ഇന്ത്യയെക്കുറിച്ച്, കമ്യൂണിസ്റ്റ് ശൈലിയില്‍ പറഞ്ഞാല്‍ ഒരു ചുക്കും അറിയില്ലായിരുന്നു. അതുകൊണ്ട് ഇന്ത്യ, പ്രാകൃത രാജ്യമാണെന്നും അവിടത്തെ ജനങ്ങള്‍ പ്രാകൃതരാണെന്നും അവര്‍ക്ക് വിദ്യാഭ്യാസവും സംസ്കാരവും ഇല്ലെന്നും യുറോപ്യന്‍ പക്ഷപാതി മാത്രമായ കാള്‍ മാര്‍ക്സ് എഴുതിയിട്ടുണ്ട്. അങ്ങനെ തന്റെ അജ്ഞതയ്ക്ക് അദ്ദേഹം സ്ഥിരപ്രതിഷ്ഠയും നല്കി. യൂറോപ്യന്‍ പക്ഷപാതികളായ എല്ലാവരും കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ ഈ വിദ്യാഭ്യാസ നയത്തെ വെറുക്കാനാണ് സാധ്യത. കാരണം അവര്‍ക്ക് എന്നും അഭികാമ്യം വൈദേശിക സമ്പ്രദായങ്ങളാണ്.
ആയതിനാല്‍ ഈ അധ്യാപക ദിനത്തില്‍ അധ്യാപക-വിദ്യാര്‍ഥി സമൂഹം ഈ പുതിയ വിദ്യാഭ്യാസ നയരേഖ സവിസ്തരം വായിക്കാനും ചര്‍ച്ചചെയ്യാനും സ്വയം സമര്‍പ്പിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
ഡോ. കെ.എസ്. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: