ന്യൂദല്‍ഹി: ഐപിഎല്ലിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി. പരിചയസമ്പന്നനായ ബാറ്റ്സ്മാന് സുരേഷ് റെയ്നയ്ക്ക് പിന്നാലെ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങും ഐപിഎല്ലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്റെ പിന്മാറ്റം.
യുഎഇയില്‍ ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് പതിമൂന്നാമത് ഐപിഎല്‍ അരങ്ങേറുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചില്‍ ഹര്‍ഭജനെപ്പോലെ പരിചയസമ്പന്നനായ സ്പിന്നറുടെ അഭാവം ചെന്നൈയ്ക്ക് തിരിച്ചടിയായേക്കും.
ഹര്ഭജന് സിങ് ഇത് വരെ യുഎഇയിലെ ചെന്നൈ ടീമിന്റെ ക്യാമ്പില്‍ എത്തിയിരുന്നില്ല. ടീം യുഎഇയിലേക്ക് പറന്നപ്പോള്‍ ഹര്ഭജന് ഇന്ത്യയില്‍ തങ്ങി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈയില്‍ നടന്ന ക്യാമ്പിലും പങ്കെടുത്തില്ല.
രണ്ട് കളിക്കാര്‍ക്കും 11 സപ്പോര്‍ട് സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റെയ്ന യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. രോഗം സ്ഥിരീകരിച്ച 13 പേരും 14 ദിവസത്തെ ക്വാറന്റൈനിലാണ്. ടീമിലെ ശേഷിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്നലെയാണ് ഫലം പുറത്തുവന്നത്. ആര്‍ക്കും രോഗമില്ല. ഇതിനെ തുടര്‍ന്ന് ടീം പരിശീലനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: