ഉപ്പള: ഒരു ഇടവേളക്കുശേഷം ഉപ്പളയില്‍ വീണ്ടും അധോലോക സംഘങ്ങളുടെ അക്രമം വ്യാപകമാകുന്നു. അധോലോക സംഘങ്ങള്‍ അടക്കിവാഴുന്ന ഉപ്പളയില്‍ വീണ്ടും ഗുണ്ടകള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ഉപ്പളയിലെ ഒരു വീടിന് നേരെ ബുധനാഴ്ച രാത്രി വെടിയുതിര്‍ത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ വീട്ടുടമ വെടിവെപ്പ് നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നതോടെ സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത ഉയര്‍ന്നിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു ചുവന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പ് നടന്നതിനെ കുറിച്ച് വ്യക്തമായ ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് മഞ്ചേശ്വരം പോലീസിന്റെ വിശദീകരണം. ബുധനാഴ്ച രാത്രി 10 മണിയോടെ ഉപ്പള കൈക്കമ്പയിലെ ഒരു യുവാവിന്റെ വീടിന് നേരെയാണ് കാറിലെത്തിയ സംഘം രണ്ട് തവണ വെടിയുതിര്‍ത്തത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടികൂടിയതോടെ അക്രമികള്‍ കാറെടുക്കാന്‍ കഴിയാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
കാര്‍ രേഖകള്‍ പരിശോധിച്ചതില്‍ കാഞ്ഞങ്ങാട് രജിസ്റ്റര്‍ ചെയ്ത കാറാണിതെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വെടിവെപ്പുണ്ടായത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്തായതിനാല്‍ റോഡ് അടച്ചിട്ടിരുന്നു. ഇതുവഴി വാഹനങ്ങള്‍ കടത്തി വിടുന്നില്ല. വെടിവെപ്പുണ്ടായ വീടിന് കുറച്ച് അകലെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കാര്‍ ഇവിടെ നിര്‍ത്തി നടന്നെത്തിയാണ് സംഘം വെടിയുതിര്‍ത്തതെന്നാണ് പോലീസ് സംശയയിക്കുന്നത്. കാര്‍ ബന്തിയോട്ടെ സര്‍വ്വീസ് സെന്ററില്‍ വെച്ചതാണെന്നും ജീവനക്കാരുടെ വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ റോഡരികില്‍ നിര്‍ത്തിയതാണെന്നും ബോധിപ്പിച്ച് രണ്ട് പേരെത്തിയിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു. ഇതുവരെ നടന്ന അന്വേഷണത്തില്‍ വെടിവെപ്പ് നടന്നുവെന്നതിന് തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: