തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയിലായിരിക്കെ ഓഫീസില്‍ വന്ന ഫയലില്‍ ഒപ്പിട്ടത് സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണത്തില്‍ പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും രണ്ട് തട്ടില്‍.
ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ന്യായീകരണവുമായി രംഗത്തെത്തി. അത് ഫിസിക്കല്‍ ഫയലാണെന്നും സ്കാന്‍ ചെയ്ത് അയച്ചതില്‍ ഒപ്പിട്ട് തിരിച്ചയച്ചപ്പോള്‍ കോപ്പിയെടുത്ത് ഫയലാക്കിയതാണെന്നും ഐസക്ക് വിശദീകരിച്ചു. എന്നാല്‍, വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പിട്ടത് താനാണെന്നും അത് ഡിജിറ്റല്‍ ഒപ്പാണെന്നും മുഖ്യമന്ത്രിയും വിശദീകരിച്ചു.
”ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകള്‍ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നല്‍കുന്നത്. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍, സ്കാന്‍ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പുവച്ച് സ്കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴ്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസില്‍ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത.” എന്നാണ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍, ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി തനിക്ക് അയച്ചു തന്നുവെന്നും അത് ഡിജിറ്റലായി ഒപ്പിട്ട് തിരിച്ചയച്ചുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇ-ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും തീരുമാനമെടുക്കാറുണ്ട്. ഐപാഡിലാണ് ഫയല്‍ അയയ്ക്കുന്നത്. വിവാദ ഫയല്‍ ഫിസിക്കല്‍ ഫയലാണ്. വായിച്ചു നോക്കി ഡിജിറ്റല്‍ ഒപ്പാണ് രേഖപ്പെടുത്തിയത്, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: