ആധുനിക കേരളത്തിലെ ആത്മീയ ചിന്തകരില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ ആശയാദര്‍ശങ്ങള്‍ സഫലമാക്കുന്നതില്‍ ജീവിതാന്ത്യം പരിശ്രമിച്ച ശിഷ്യന് തീര്‍ഥപാദപരമഹംസ സ്വാമികളുടെ 82ാം സമാധിവാര്‍ഷികമാണ് ഇന്ന്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ 1881 ഒക്ടോബര്‍ 20 ന് ജനിച്ച നാരായണ കുറുപ്പ് എന്ന പരമഹംസ സ്വാമികള്‍ ആണ് ശ്രീ ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ച തീര്‍ഥപാദ സംന്യാസ സമ്പ്രദായത്തെ പ്രാവര്‍ത്തികമാക്കിയത്. തീര്‍ഥപാദ സംന്യാസ സമ്പ്രദായത്തിന്റെ ശാശ്വതീകരണത്തിനായി കോട്ടയം ജില്ലയിലെ വാഴൂരും പത്തനംതിട്ട ജില്ലയില്‍ എഴുമറ്റൂരും സ്വാമികള്‍ ആശ്രമം സ്ഥാപിച്ച് ഹിന്ദു ധര്‍മ്മാനുഷ്ഠാനങ്ങളെ ജിജ്ഞാസുക്കള്‍ക്ക് പരിശീലിപ്പിച്ചിരുന്നു. എഴുമറ്റൂര്‍ പരമഭട്ടാരാശ്രമം 108-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആശ്രമങ്ങളുടെ ലക്ഷ്യത്തെ സ്വാമികള്‍ ഇങ്ങനെ പറയുന്നു. ‘പരിപാവനമായ ഭാരതദേശത്തെ അമൂല്യ സമ്പത്ത് ബ്രഹ്മാത്മൈക്യ ബോധ പ്രകാശകമായ അദൈ്വതജ്ഞാന സിദ്ധാന്തമാകുന്നു. ആ സിദ്ധാന്തത്തിന്റെ പ്രക്രിയകളേയും പരിശീലനങ്ങളെയും പരിപാലിച്ചു കൊണ്ടു പോകുന്നതിനാണ് നമുക്ക് ആശ്രമങ്ങളും ജീവിതം തന്നെയും ഉണ്ടായിരിക്കേണ്ടത്.അത് ആത്മസമ്പത്താകുന്നു. മനുഷ്യരെ ആത്മാവില്‍ ഉയര്‍ത്തി നിര്‍ത്തുക എന്നുള്ളതായിരിക്കേണം നമ്മുടെ മുദ്രാവാക്യം. അസാത്വികങ്ങളായ വികാരഭാവങ്ങളെയും മലീമസഭാവങ്ങളെയും സര്‍വഥാ പരിവര്ജിക്കേണ്ടതാകുന്നു. മതാഭാസങ്ങളുടെയും ദുരാചാരങ്ങളുടെയും ദുരാക്രമണത്തിന് നമ്മുടെ ആശ്രമങ്ങളില്‍ ഒരിക്കലും പ്രവേശനം അനുവദിച്ചുകൂടാത്തതാകുന്നു. കര്‍മത്തെയും ഭക്തിയെയും ജ്ഞാനത്തെയും അവയുടെ സാത്വികഭാവങ്ങളില് തന്നെ നിയന്ത്രിച്ചു കൊള്ളേണ്ടതാകുന്നു.’
108 സംവത്സരം പിന്നിട്ട ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്വന്ഷന് പരമഹംസ സ്വാമികള്‍ മുന്‍കൈയെടുത്ത് ആരംഭിച്ചതാണ്. എന്‍എസ്എസിന്റെ രൂപീകരണത്തില്‍ പരമഹംസ സ്വാമികളുടെ സഹകരണത്തെ കുറിച്ച് മന്നം അനുസ്മരിച്ചിട്ടുണ്ട്. 1938 ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളില്‍ സ്വാമികള്‍ സമാധി പ്രാപിച്ചു. വാഴൂരാശ്രമത്തിലെ ശിവപ്രതിഷ്ഠയോടുകൂടിയ സമാധി പീഠവും ചട്ടമ്പിസ്വാമി ഷഷ്ഠിപൂര്‍ത്തി സ്മാരകാശ്രമമായ എഴുമറ്റൂര്‍ പരമഭട്ടാരാ ശ്രമവും ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉയരുന്നതിലൂടെ ഈ മഹാത്മാവിന്റെ ലോകോപകാരപ്രവര്ത്തനങ്ങള് വരുംതലമുറയ്ക്ക് പ്രയോജനപ്രദമാക്കാന്‍ സാധിക്കും.
സ്വാമി ഗൗരീശാനന്ദ തീര്‍ഥപാദര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: