കൊച്ചി: കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അമിത് നാരംഗ് അറിയിച്ചു. സെപ്തംബര്‍ 20ന് ആദ്യ സര്‍വീസ് തൂത്തുക്കുടിയില്‍ നിന്ന് ആരംഭിച്ച് 22ന് കൊച്ചി തുറമുഖത്ത് എത്തും. കൊച്ചിയില്‍ നിന്ന് സെപ്തംബര്‍ 26ന് കപ്പല്‍ മാലദ്വീപിലെത്തും. ഒക്ടോബര്‍ ഒന്നിന് അവിടെ നിന്ന് മടങ്ങും. എല്ലാ മാസവും രണ്ടോ മൂന്നോ സര്‍വീസുകള്‍ ഉണ്ടാകും. ഫെറി സര്‍വീസിനുള്ള ധാരണാപത്രം 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റും ഒപ്പുവച്ചിരുന്നു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ഫെറി സര്‍വീസ് ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാമ്പത്തികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കാല്‍വയ്പ്പാണ് പുതിയ ഫെറി സര്‍വീസെന്ന് അമിത് നാരംഗ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നോര്‍ത്ത് മാലദ്വീപിലെ കുല്‍ദുഫുഷി ദ്വീപിലും കപ്പല്‍ അടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പുകളുടെ ഭാഗമാണ് കപ്പല്‍ സര്‍വീസെന്ന് മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുന്ജയ് സുധീര്‍ പറഞ്ഞു.
കണ്ടെയ്നര്‍ കം ബള്‍ക്ക് വെസലായിരിക്കും സെപ്തംബര്‍ 20ന് ആദ്യയാത്ര നടത്തുകയെന്ന് ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യ സിഎംഡി എച്ച്.കെ. ജോഷി അറിയിച്ചു. 10 മുതല്‍ 12 ദിവസം വരെയാണ് മാലിദ്വീപലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കണക്കാക്കുന്നത്. ഇലക്ട്രിക്കല്‍ മെഷീനറി, ഫര്‍ണീച്ചര്‍, ടോയ്ലറ്റ് ഫിറ്റിങ്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇരുമ്പുരുക്ക് നിര്‍മാണ സാമഗ്രികള്‍, ഹോം അപ്ലയന്‍സസ്, പഴം പച്ചക്കറി അടക്കമുള്ള ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ മാലിദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നും സിഎംഡി അറിയിച്ചു.
കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്കും തിരിച്ചും പുതിയ കയറ്റുമതി ഇറക്കുമതി സാധ്യത തുറക്കുന്നത് കേരളത്തിന്റെ വാണിജ്യ മേഖലയ്ക്ക് ഏറെ ഗുണകരമാകുമെന്ന് കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന പറഞ്ഞു. ഷിപ്പിങ് മന്ത്രാലയ ഡയറക്ടര്‍ ടി. ജയശീലന്‍, തൂത്തുക്കുടി വിഒസി പോര്‍ട്ട് ചെയര്മാന് ടി.കെ. രാമചന്ദ്രന് എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: