ഹരിപ്പാട്: കരുവാറ്റ 2145-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ വന്‍ മോഷണം, അഞ്ചര കിലോയോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാലര ലക്ഷത്തോളം രൂപയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും മോഷ്ടിച്ചു. ഇടപാടുകാര്‍ പണയം വെച്ച അഞ്ചു കിലോ 430 ഗ്രാം സ്വര്‍ണ്ണവും 4,43,743 രൂപയും, കമ്പ്യൂട്ടറുകളുമാണ് അപഹരിക്കപ്പെട്ടത്. ഇപ്പോഴത്തെ വില അനുസരിച്ച് സ്വര്‍ണ്ണത്തിന് 2,87,83,765 രൂപ വില വരും. സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റുമിന്റെ അടിവശം തുരന്ന ശേഷം ലോക്കര്‍, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും പണവും പുറത്ത് എടുക്കുകയായിരുന്നു.
ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണ്ണ ഉരുപ്പടികള്‍ 380 ഓളം ചെറിയ തുണിസഞ്ചിക ളി ലാ ക്കി യാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഉരുപ്പടികള്‍ സഞ്ചികളില്‍ നിന്നും പുറത്തെടുത്ത ശേഷം സഞ്ചികള്‍ ഇവിടെ തന്നെ ഉപേക്ഷിച്ചു. മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടറും രണ്ടു വലിയ ഗ്യാസ് സിലണ്ടറും ഒരു ചെറിയ സിലണ്ടറും ഇവിടെ നിന്നും കണ്ടെടുത്തു.
ഓണം അവധിക്കായി കഴിഞ്ഞ 27ന് വൈകിട്ടാണ് സംഘം അടച്ചത്. ഇന്നലെ രാവിലെ ജീവനക്കാരി ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഉടനെ സെക്രട്ടറിയെ അറിയിച്ചു കൊല്ലനെ വിളിച്ചു കതക് തുറന്ന് അകത്ത് കയറിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പിന്നീട് പോലീസ് എത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മോഷണത്തിന്റെ വ്യാപ്തി അറിയുന്നത്. മോഷണത്തിന് ങേഷം തെളിവ് നശിപ്പിക്കുന്നതിനായി മൂന്ന് കമ്പ്യൂട്ടറുകളും, സിസിടിവി ഹാര്‍ഡ് ഡിസ്കുകളും, മുന്നു ക്യാമറയും അപഹരിച്ചു.
ഓടും മേഞ്ഞ് മച്ചിട്ട സൊസൈറ്റി കെട്ടിടത്തിന്റെ അകത്ത് കള്ളന് എത്തിയത് എങ്ങനെയെന്ന് ഇതുവരെയും പോലീസിന് തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ പ്രധാന വാതിലിന് മുന്‍മ്പിലുള്ള ജനലിന്റെ ഒരിഞ്ച് കനമുള്ള കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്തു മാറ്റിയിട്ടുണ്ട്. പക്ഷേ ജനലിന്റെ കുറ്റികള്‍ക്കും,പലകകള്‍ കൊണ്ടുള്ള ജനല്‍ പാളികള്‍ക്കും യാതൊരു കേടും സംഭവിച്ചിട്ടില്ല. ഒന്നിലധികം പേര് സംഘത്തില്‍ ഉണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി. ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: