തിരുവല്ല: സ്വാശ്രയ ഭാരതം എന്ന ലക്ഷ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയം ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ആഭ്യന്തര റബ്ബര്‍ വിപണിയില്‍ വില ഉയരുന്നു. രണ്ടാഴ്ചയ്‌ക്കിടെ 11 രൂപയോളമാണ് വില വര്‍ധിച്ചത്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ആര്‍എസ്എസ്-4ന് 138 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 140 രൂപ വരെയെത്തി.
ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നത് കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അന്താരാഷ്‌ട്ര വിപണിയിലും റബ്ബര്‍ വില ഉയരുന്നുണ്ട്. ഇന്നലെ 151 രൂപയായിരുന്നു അന്താരാഷ്‌ട്ര വിപണിയിലെ വില. ആവശ്യം കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് അന്താരാഷ്‌ട്ര വിപണിയില്‍ റബ്ബര്‍ വില ഉയരാന്‍ കാരണം. തായ്ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഉത്പാദനം കുറവാണ്. പല രാജ്യങ്ങളും അണ്‍ലോക്ക് പ്രഖ്യാപിച്ചതും വ്യാവസായിക ഉത്പാദനം പുനരാരംഭിച്ചതും റബ്ബറിന്റെ ആവശ്യം കൂട്ടി.
ആഭ്യന്തര ടയര്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ടയര്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. ഈ തീരുമാനം ചൈനീസ് ടയര്‍ കമ്പനികള്‍ക്ക് കനത്ത പ്രഹരമായി. തദ്ദേശീയ ടയര്‍ ഉത്പാദനത്തെയും റബ്ബര്‍ അധിഷ്ഠിത വ്യവസായത്തെയും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവന്നത്. നേരത്തെ, നികുതി അടച്ച് എത്ര അളവില്‍ വേണമെങ്കിലും ടയര്‍ ഇറക്കുമതി ചെയ്യാമായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലേക്ക് ചൈനീസ് സെക്കന്‍ഡ്‌സ് ടയറുകളുടെ കുത്തൊഴുക്കയായിരുന്നു.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന്റെ 67 ശതമാനവും വാങ്ങിയിരുന്നത് ആഭ്യന്തര ടയര്‍ കമ്പനികളാണ്. കുറഞ്ഞ വിലയ്‌ക്കുള്ള ചൈനീസ് ടയറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ ആഭ്യന്തര കമ്പനികളുടെ ടയറുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. ഇതേത്തുടര്‍ന്ന് അവര്‍ ഉത്പാദനം കുറച്ചപ്പോള്‍ സ്വാഭാവിക റബ്ബറിന്റെ ആവശ്യം കുറയുകയും വിപണിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തെ കരാറുകളാണ് വന്‍തോതിലുള്ള ഇറക്കുമതിക്ക് വഴിവച്ചത്. പ്രതിവര്‍ഷം 11,000 കോടിയുടെ റബ്ബര്‍ ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. ഈ ഇറക്കുമതിക്കാണ് ഇപ്പോള്‍ അറുതിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: