വടക്കാഞ്ചേരി: സബ് ഇന്‍സ്പെക്ടറെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി പാലിയത്ത് പറമ്പില്‍ പരേതനായ വിജയന്റെ മകനും പാലക്കാട് ടൗണ്‍ സ്റ്റേഷനിലെ എസ്ഐയുമായ രതീഷ് എന്ന മുനിദാസി (50)നെയാണ് വടക്കാഞ്ചേരിയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിന്റെ വര്‍ക്ക് ഏരിയയില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. പനിയും ചുമയും അനുഭവപ്പെട്ടിരുന്നതായും ശരീരമാസകലം വേദനയുള്ളതായും എസ്ഐ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതായി പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ മൃതദേഹത്തില്‍ തൊടാവൂയെന്നും കുറിപ്പിലുള്ളതായി സൂചനയുണ്ട്. അമ്മ സുലോചനയും മുനിദാസും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി അസുഖം മൂലം അമ്മ സഹോദരന്റെ വീട്ടിലേക്ക് പോയി. സംഭവം നടക്കുമ്പോള്‍ മുനിദാസ് ഒറ്റയ്ക്കായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. കുടുബ പ്രശ്നവും, ആരോഗ്യ പ്രശ്നവുമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനിലായിരുന്ന ഇദ്ദേഹം പിന്നീട് പാലക്കാട്ടേക്ക് മാറി. രേഖ സഹോദരിയും, രാജേഷ് സഹോദരനുമാണ്.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ, കുന്നംകുളം എസിപി ടി.എസ്. സിനോജ്, എന്നിവര്‍ സ്ഥലത്തെത്തി. വടക്കാഞ്ചേരി സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. മുനിദാസിന് കൊവിഡില്ലെന്ന് ആന്റിജന്‍ ടെസ്റ്റില്‍ സ്ഥിരീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: