കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയുടെ മറവില്‍ മൂന്നു ദിവസമായി കേരളത്തില്‍ പലയിടത്തും സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായിട്ടും പ്രതികരിക്കാതെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം. വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവരടക്കം മുതിര്‍ന്ന കേന്ദ്ര നേതാക്കളില്‍ ഒരാളും ഒരക്ഷരം മിണ്ടിയിട്ടില്ല.
ദിവസവും രാവിലെ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ട്വിറ്ററില്‍ പോസ്റ്റുകളിട്ട് വിമര്‍ശിക്കുന്നവരാണ് രാഹുലും വേണുഗോപാലും. അടുത്ത ദിവസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ ചോദ്യോത്തരവേള ഉപേക്ഷിച്ചത് ജനാധിപത്യവിരുദ്ധമെന്ന് പ്രതികരിക്കുകയും ഇത് വിവാദമാക്കുകയും ചെയ്ത വേണുഗോപാല്‍, സിപിഎം കാണിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളെപ്പറ്റി മിണ്ടിയിട്ടില്ല. നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും നേതാക്കളുടെ വീടുകള്‍ അക്രമിക്കുകയും ചെയ്തിട്ടും പ്രതികരിക്കാത്തത് കേന്ദ്രത്തിലെ സിപിഎം-കോണ്‍ഗ്രസ് ബന്ധം കാരണമാണെന്നാണ് അണികളുടെ സംസാരം.
കേരളത്തില്‍ വലിയ വിവാദത്തിന് കാരണമായ ഇരട്ടക്കൊല കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഗുണ്ടാപ്പടകളുടെ ഏറ്റുമുട്ടലുകളില്‍ സംഭവിച്ചതാണെന്ന് വ്യക്തമായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വാള്‍പ്പയറ്റും പുറത്തായിരുന്നു. കൊന്നവരും കൊല്ലപ്പെട്ടവരും ഗുണ്ടാ സംഘങ്ങളിലുള്ളവരാണെന്ന ആരോപണവും ശക്തം. എന്നാല്‍, സ്വര്‍ണക്കടത്തും, ജലീല്‍ വിവാദവും മറ്റും മറയ്ക്കാന്‍ സിപിഎം ഇത് രാഷ്ട്രീയക്കൊലകളാക്കി മാറ്റിയെടുത്തു.
ഈ വിഷയത്തിലും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം പ്രതികരിച്ചിരുന്നില്ല. അതിനു പിന്നാലെ തന്നെ ക്രമസമാധാനം ആകെത്തകര്ത്ത് അക്രമങ്ങള്‍ അരങ്ങേറി. ഹൈക്കമാന്‍ഡ് ഇത് കണ്ടതേയില്ല. നടക്കാന്‍ പോകുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലെത്താന്‍ പോകുകയാണ്. ഇവര്‍ പരസ്പരം പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നു. ബീഹാറിലും തമിഴ്നാട്ടിലുമടക്കം രണ്ടു പാര്‍ട്ടികളും സഖ്യത്തിലാണ്. കേരളത്തില്‍ മാത്രമാണ് പരസ്യമായ സഖ്യമില്ലാത്തത്. അക്രമത്തിന്റെ പേരില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് എന്തെങ്കിലും സാധ്യതകളുണ്ടെങ്കില്‍ അതുകൂടി കളയേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ചിന്തയെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: