രാഷ്ട്രീയക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനമില്ലത്രേ. ഇത് പറഞ്ഞത് ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ ശിപായിയല്ല, മറിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. ഇതാണ് കേരള സര്‍ക്കാരിന്റെ പുതിയ അധികാര വികേന്ദ്രീകരണ രീതി. പ്രസിഡന്റ് മുതല്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വരെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയം നോക്കി തെരഞ്ഞെടുക്കുന്ന ഈ രാജ്യത്ത്, ഒരു സംസ്ഥാന ഭരണചക്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് പ്രഖ്യാപിക്കുന്നു അദ്ദേഹത്തിന്റെ കര്‍മ്മസ്ഥലമായ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രവേശനമില്ലെന്ന്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഇത്രയും പരസ്യമായി ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നെങ്കില്‍ അത് കേരളത്തില്‍ മാത്രമായിരിക്കും. അധികാരത്തിമിരം ബാധിച്ച ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തെ കാല്ച്ചുവട്ടില് ഞെരിച്ചമര്‍ത്തുമ്പോള്‍ പ്രതികരണശേഷിയില്ലാതെ പകച്ചു നില്ക്കുന്ന ഭരണകൂടം കേരളത്തിലല്ലാതെ വേറൊരിടത്തും കാണില്ല.
രാഷ്ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനമില്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറയാന്‍ ഉദ്ദേശിച്ചതും, പറഞ്ഞപ്പോള്‍ വിട്ടുകളഞ്ഞതും ‘സിപിഎംകാരല്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനമില്ല’ എന്നാണോ എന്തോ? കാരണം തീപിടുത്തത്തെത്തുടര്‍ന്ന് സെക്രട്ടേറിയേറ്റില്‍ അന്വേഷിച്ചെത്തിയ സിപിഎം അനുബന്ധ സംഘടനകളില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് തല്ലുകൊള്ളാതിരുന്നത്. സെക്രട്ടേറിയേറ്റ് ഭരിക്കുന്നതുതന്നെ സിപിഎം സര്‍വീസ് സംഘടനയായ എന്‍.ജി.ഓ. യൂണിയനാണ്. ഈ യൂണിയനറിയാതെ ഒരു കീറക്കടലാസ് പോലും അവിടെ ചലിക്കില്ല. അതാണ് അവരുടെ സംഘടനാശക്തി. അങ്ങനെയുള്ള സാഹചര്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനമില്ല എന്ന് പറഞ്ഞത് സി.പി.എം ഒഴികെയുള്ളവര്‍ക്ക് മാത്രം ബാധകമാകാനേ സാധ്യതയുള്ളൂ.
ഭരണത്തിന്റെ സമസ്തമേഖലകളിലും സമ്പൂര്‍ണ്ണ പരാജയമായ ഈ സര്‍ക്കാരിന് ആകെ അറിയാവുന്ന ഒരേ ഒരു തത്വം ചാര്‍വ്വാക സംഹിതയിലെ ”ഋണം കൃത്വാ ഘൃതം പിബേത്” എന്ന് മാത്രമാണ്. എവിടുന്നായാലും വേണ്ടില്ല, കടം വാങ്ങുക, നെയ്യും കൂട്ടി മൃഷ്ടാന്നം വിഴുങ്ങുക. കടം വാങ്ങിയത് തിരിച്ചു കൊടുക്കേണ്ടേ എന്ന ചോദ്യം വന്നാല്‍ അത് അപ്പോഴല്ലേ, അപ്പോള്‍ നോക്കാം എന്ന സൈദ്ധാന്തിക വിശദീകരണവും. അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കമ്യൂണിസമെന്ന ഇലാമപ്പഴം തിന്ന കുറേ സഖാക്കളും ഉള്ളിടത്തോളം ഈ ഭരണം സുരക്ഷിതമാണ്. എതിര് ശബ്ദമുയര്‍ന്നാല്‍ പകര്‍ച്ച വ്യാധി നിരോധന നിയമമനുസരിച്ചു കേസെടുക്കും. ഇതാണ് ലോകമെമ്പാടും കൊട്ടിഗ്ഘോഷിക്കുന്ന കേരള മോഡല്‍ ഭരണം.
സംസ്ഥാനത്തെ ഭരണയന്ത്രം ചലിപ്പിച്ച പ്രതിഭാധനരായ നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇരുന്ന കസേരയിലിരുന്നുകൊണ്ടാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് പറയുന്നത് സെക്രട്ടേറിയേറ്റില്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രവേശനമില്ലെന്ന്. ഈ പ്രസ്താവന കേള്‍ക്കുന്നവര്‍ക്ക് വിശ്വാസ് മേത്ത, കേരളത്തിന്റെ ചീഫ് സെക്രട്ടറിയാണോ അതോ സി.പി.എം. പാര്‍ട്ടി സെക്രട്ടറിയാണോ എന്ന് തോന്നിപ്പോകും. സെക്രട്ടേറിയേറ്റ് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസുവരെ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സമയത്ത് ചീഫ് സെക്രട്ടറിയുടെ, രാഷ്ട്രീയക്കാര്‍ക്ക് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശനം നിരോധനം നടപടി എന്തൊക്കെയോ ഒളിക്കാനും, മറയ്ക്കാനും വേണ്ടിയാണെന്നതില്‍ സംശയമില്ല.
ജന്മിത്തത്തിനും, മാടമ്പിത്തത്തിനും എതിരെ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍തന്നെയാണ്് ഉദ്യോഗസ്ഥരില്‍ ജന്മി – മാടമ്പി മനോഭാവം കൂടുതലാവുന്നത് എന്നതാണ് ഇവിടെയുള്ള വിരോധാഭാസം. ആദ്യം അകത്തുകയറിയവരെ കടക്കൂ പുറത്തെന്ന് പറഞ്ഞു ആട്ടിയിറക്കുകയായിരുന്നെങ്കില്‍, ഇപ്പോള്‍ അകത്തുകടത്താതെ പുറത്തു നിര്‍ത്താന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
എന്നും, എക്കാലവും അധികാരിവര്‍ഗ്ഗത്തിനെതിരെ പൊരുതാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഭരണത്തിലുള്ളപ്പോഴാണ് അധികാരിവര്‍ഗ്ഗം കയറുപൊട്ടിച്ചു പൊതുജനത്തിനുമേല്‍ കുതിരകയറുന്നത്. അതിന് ഐ.എ.എസ് എന്നോ, ഐ.പി.എസ് എന്നോ എന്‍.ജി.ഒ യൂണിയനെന്നോ ഉള്ള പക്ഷഭേദമില്ല. ഒറ്റ നിബന്ധനയേയുള്ളൂ, പാര്‍ട്ടിയുടെ ആശ്രിതനായിരിക്കണം. ഈ അധികാരമദം പൊട്ടിയ വെള്ളാനകളായ അധികാരിവര്ഗ്ഗത്തിന് കടിഞ്ഞാണിടാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അല്ലെങ്കില്‍ പൊതുജനം അധികാരികള്‍ക്ക് കടിഞ്ഞാണിന് പകരം മൂക്ക് കയറിടുന്നത് കാണേണ്ടിവരും.
അഡ്വ.രതീഷ് ഗോപാലന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: