പാലക്കാട് : ഭരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സിപിഎം പാര്‍ട്ടി ഓഫീസുകള്‍ പണിയുന്നതായി പരാതി. പാലക്കാട് വടക്കഞ്ചേരിയില്‍ കനാല്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് നിര്‍മിച്ചതായാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും സിപിഎം പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്.
മംഗലത്ത് ദേശീയ പാതയോട് ചേര്‍ന്നുള്ള പ്രദേശത്താണ് കയ്യേറ്റം. മംഗലം ഡാമില്‍ നിന്നും കൃഷി ആവശ്യത്തിന് വെള്ളം തുറക്കാറുള്ള കനാല്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. നേരത്തെ ഇവിടെ സിപിഎമ്മിന്റെ കൊടിയും, സ്തൂപവുമെല്ലാം സ്ഥാപിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ കരിങ്കല്‍ തറ കെട്ടി പാര്‍ട്ടി ഓഫീസ് പണിയാന്‍ ആരംഭിച്ചിരിക്കുകയാണ്. കെട്ടിടത്തിന് വാതിലും ജനലുമെല്ലാം സ്ഥാപിച്ച് കഴിഞ്ഞു.
വിഷയത്തില്‍ ചില പ്രദേശവാസികള്‍ തഹസില്‍ദാര്‍ക്ക് പരാതി കൊടുത്തിരുന്നു. തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും നിര്‍മാണം പൂനരാരംഭിക്കുകയുമായിരുന്നു.
ഭരണത്തിന്റെ മറപറ്റി ഇത്തരത്തില്‍ പൊതുമുതല്‍ കയ്യേറി പാര്‍ട്ടി സ്വത്താക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സിഐടിയു തൊഴിലാളികള്‍ക്ക് വേണ്ടി താത്കാലിക ഷെഡാണ് ഇതെന്നാണ് സിപിഎം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: