ഹൈന്ദവ സങ്കല്പങ്ങളും, ആരാധനാ മൂര്‍ത്തികളും തെരുവില്‍ അധിക്ഷേപിക്കപ്പെടുന്നതിന് ഒരുവട്ടം കൂടി സാക്ഷ്യം വഹിച്ചാണ് ഈ ഓണക്കാലവും കടന്നുപോയത്. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയേയും ഭക്തശിരോമണിയായ മഹാബലിയേയും അപകീര്‍ത്തിപ്പെടുത്തുകയും വക്രീകരിക്കുകയും ചെയ്യുന്ന പ്രവണത തുടങ്ങിയിട്ട് നാളേറെയായി. ഇത്തവണ അതിന് ആക്കവും തൂക്കവും, ആക്രമണ സ്വഭാവവും ഏറിയെന്ന് മാത്രം. മതപരിവര്‍ത്തന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങളും, സവര്‍ണ- അവര്‍ണ ഭിന്നിപ്പിലൂടെ രാഷ്ടീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ഇടത് ബുദ്ധിജീവികളും ചേര്‍ന്ന് തുടക്കമിട്ടതാണ് വാമന-മാവേലി ചിത്രവധം. നിര്‍ഭാഗ്യവശാല്‍ ഇത്തവണ സര്‍ക്കാരും പ്രതിപക്ഷ ജനപ്രതിനിധികളും ഇത് നേരിട്ട് ഏറ്റെടുത്ത കാഴ്ച്ചയാണ് കണ്ടത്.
ഇത്തരം അവഹേളനങ്ങള്‍ ഓരോ ഓണക്കാലത്തും അരങ്ങേറുമ്പോള്‍ അതിന്റെ പിന്നിലുള്ള മതപരവും രാഷ്ട്രീയപരവുമായ കാരണങ്ങളെന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. എന്തുകൊണ്ട് ഇവ തടയപ്പെടുന്നില്ലെന്നും പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വാമന-മഹാബലി സങ്കല്പങ്ങളെ വികലമാക്കുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചത് ഇടതുപക്ഷ ബുദ്ധിജീവികളും, സാഹിത്യകാരന്മാരുമാണ്. വാമനനെ സവര്‍ണതയുടെയും, ബ്രാഹ്മണ്യത്തിന്റെയും പ്രതീകമാക്കി ശത്രുപക്ഷത്ത് നിര്‍ത്തി ഇകഴ്ത്തുക. മഹാബലിയെ ചതിക്കപ്പെട്ടവന്റെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീകമാക്കി സഖാവ് പരിവേഷം ചമച്ച് തങ്ങളുടേതാക്കുക. സമത്വസുന്ദരമായ മാവേലി നാട് എന്ന സങ്കല്പത്തെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുമായി കൂട്ടിക്കെട്ടി, സാദൃശ്യപ്പെടുത്തുക. അതിലൂടെ, തങ്ങള്‍ അടിമകളായി കരുതി ചൂഷണം ചെയ്ത് വോട്ടുബാങ്കുകളാക്കിപ്പോരുന്ന പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തുക. കമ്യൂണിസ്റ്റുകള്‍ തുടങ്ങി വച്ച ഈ തന്ത്രം തങ്ങള്‍ക്കും ആയുധമാക്കാമെന്ന് ഹിന്ദു ഇതര മതങ്ങളിലെ മതപരിവര്‍ത്തന ലോബികള്‍ കരുതുന്നത് സ്വാഭാവികം. ഹിന്ദുവിന് പണവും, സഹായവും, വീടുമൊക്കെ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്ന ലോബികള്‍, അതിനൊപ്പം അവനെ വിശ്വാസപരമായി തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന രണ്ടാം ഘട്ടത്തിലെക്ക് കടക്കുന്നു. അതിന് ആദ്യം ചെയ്യുന്നത് ശിവനും കൃഷ്ണനും രാമനും ഭദ്രകാളിയും വാമനനും എല്ലാം തെറ്റായിരുന്നു എന്ന് സ്ഥാപിക്കലാണ്. അതിനുശേഷമാണ് സ്വന്തം മതത്തിന്റെയും, ദൈവത്തിന്റെയും നന്മയും, മേന്മയും പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.
ഇനി ഓണസങ്കല്പങ്ങളെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ ഹിന്ദുക്കള്‍ക്ക് നിസഹായരായി, വേദനയോടെ നോക്കിനില്‍ക്കെണ്ടി വരുന്ന ദുരവസ്ഥയ്ക്ക് കാരണമെന്തെന്നും പരിശോധിക്കണം. തീര്‍ച്ചയായും അത് ഹിന്ദുവിന് സ്വന്തം വേദ-പുരാണങ്ങളിലുള്ള അജ്ഞതകൊണ്ടുതന്നെയാണ്. വേദങ്ങളോ, ഉപനിഷത്തുക്കളോ, പുരാണ ഗ്രന്ഥങ്ങളോ മിക്കവരും വായിച്ചിട്ടില്ല. ആധികാരികമായി പഠിക്കുവാനോ, പഠിപ്പിക്കുവാനോ സംവിധാനങ്ങളില്ല. ഉള്ളവയുടെ പ്രയോജനം ഉപകാരപ്പെടുത്താറുമില്ല. പുരാണ കഥകളാകട്ടെ ഇടത് സഹയാത്രികരായ സാഹിത്യകാരന്മാര് തങ്ങളുടെ ഭാവനകളും, ആശയ സംഹിതകളും കുത്തി നിറച്ച് വികലമാക്കുകയും ചെയ്തു. മഹാബലി കേരളത്തിലെ രാജാവായിരുന്നുവെന്നും, കുടവയറനും, കോമാളി വേഷക്കാരനുമായ ദ്രാവിഡ രാജാവായിരുന്നുവെന്നുമാണ് ഇടതു സാഹിത്യകാരന്മാരും ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചത്.തങ്ങളുടെ വികല ഭാവനകള്‍ക്ക് മേമ്പൊടിയായി, അദ്ദേഹത്തെ പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തിയെന്നും പടച്ചു വിട്ടു.
ദശാവതാരത്തിലും, ഭാഗവതത്തിലും പറയുന്ന, സര്‍വ്വലോകങ്ങളും അടക്കിവാണ ഇന്ദ്രസേന ചക്രവര്‍ത്തിയാണ്, മഹാബലവാനായിരുന്നതിനാല്‍ മഹാബലി എന്നറിയപ്പെട്ടിരുന്നത്. പ്രജാവത്സലനും ദാനശീലനും ഭക്തനുമായിരുന്ന മഹാബലിക്ക് മോക്ഷം നല്‍കാനാണ് ഭഗവാന് വാമനനായി അവതരിച്ചത്. ഭക്തശിരോമണിയായിരുന്നെങ്കിലും അഹങ്കാരം എന്ന ഒരു കുറവ് മഹാബലിക്ക് ഉണ്ടായിരുന്നു. അതുകൂടി നീക്കം ചെയ്യാനാണ് ഭഗവാന് മൂന്നടി മണ്ണ് ദാനമായി ചോദിച്ചതും രണ്ട് അടികൊണ്ട് പ്രപഞ്ചമാകെ അളന്നെടുത്തതും. മൂന്നാമത്തെ അടിവയ്ക്കാന്‍ സ്ഥലം ചോദിച്ചപ്പോഴാണ്, താന്‍ സ്വന്തമെന്ന് കരുതിയതൊന്നും തന്റേതല്ലെന്ന് മഹാബലിക്ക് ബോധ്യമായത്. അഹന്ത അടങ്ങി ശുദ്ധമായ മനസ്സോടെ പ്രണമിച്ച് ഭഗവാന്റെ പാദം തന്റെ ശിരസ്സില്‍ വയ്ക്കാന്‍ മഹാബലി അഭ്യര്‍ത്ഥിക്കുകയായിരുന്നു. അതോടെ പൂര്‍ണമായും പരിശുദ്ധനായ ബലിക്ക് മോക്ഷം നല്‍കുകയും അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി അവരോധിക്കുകയുമാണ് ഭഗവാന് ചെയ്തത്. അതുവരെ സ്വര്‍ഗതുല്യമായ സുതലത്തില്‍ വാഴാന്‍ അനുവദിക്കുകയും അവിടെ താന്‍ സ്വയം കാവല്‍ ഉണ്ടാകും എന്ന് അറിയിക്കുകയാണ് വാമനമൂര്‍ത്തിയായ മഹാവിഷ്ണു ചെയ്തത്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി പുരാണത്തില്‍ എവിടേയും പരാമര്‍ശമില്ല. പിന്നെ, ഇതില്‍ എവിടെയാണ് അനീതി. തന്റെ ഭക്തന് മോക്ഷം നല്കാന് ഭഗവാന് വാമനനായി അവതരിച്ച സുദിനമാണ് തിരുവോണം.
ഇന്ദ്രതുല്യ ഭാവവും, രൂപ സൗകുമാര്യവും മഹാബലിക്ക് ഉണ്ടായിരുന്നതായി പുരാണങ്ങള്‍ വര്‍ണ്ണിക്കുന്നു. ആ വാങ്മയ ചിത്രം അടിസ്ഥാനമാക്കി കുഞ്ഞിക്കുട്ടന്‍ തമ്പുരാനും, രാജാ രവിവര്‍മ്മയും മഹാബലിയുടെ ചിത്രം വരച്ചിട്ടുണ്ട്. ആ സ്ഥാനത്താണ് കുടവയറനും, കോമാളിയുമാക്കി മഹാബലിയെ അവതരിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ ഹിന്ദുവിന് സാധിക്കാത്തതുകൊണ്ടാണ് ഈ ഓണക്കാലത്തും വാമന നിന്ദയും, മഹാബലി നിന്ദയും പരിധി വിട്ടത്.
പി. ബി. വൈക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: