ബളാല്‍: ബളാല്‍ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴിങ്ങാട് തട്ടില്‍ ആയിരത്തി എണ്ണൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ചെങ്കല്ലറകള്‍ കണ്ടെത്തി. മഹാശിലാ കാലഘട്ടത്തിലെ സ്മാരകങ്ങളായ രണ്ടു ചെങ്കല്ലറകളാണ് കുഴിങ്ങാട് തട്ടിലെ റവന്യൂ ഭൂമിയിയില്‍ കണ്ടെത്തിയത്. കാട് മൂടിയ നിലയില്‍ രണ്ട് അറകളാണ് അവിടെയുണ്ടായിരുന്നത്. അടുത്തദിവസം കാട് തെളിച്ചു. അതോടെയാണ് കൂടുതലാളുകള്‍ അത് ശ്രദ്ധിച്ച് തുടങ്ങിയത്.
കല്ലഞ്ചിറയിലെ റമീസ്, സക്കറിയ, ഹംസ എന്നീ വിദ്യാര്‍ത്ഥികള്‍ അവരുടെ യു ട്യൂബ് ചാനല്‍ മല്ലു സോണില്‍ പോസ്റ്റ് ചെയ്ത ‘കാട്ടിലെ ഗുഹ’ എന്ന വീഡിയോ ശ്രദ്ധയില്‍ പെട്ട കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനുമായ നന്ദകുമാര്‍ കോറോത്ത് പ്രദേശവാസിയും നെഹ്റു കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനുമായ കെ.വി. വിനീഷ്കുമാറിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാട്ടിലെ ഗുഹ എന്ന് പേരിട്ട ഗുഹകള്‍ ആയിരത്തി എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ജനങ്ങളുടെ ചരിത്രം പറയുന്ന ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചത്.
കൊത്തുപണികളോടുകൂടിയ കവാടമുള്ള വലിയ ഒരു ചെങ്കല്ലറയും വലിപ്പം കുറഞ്ഞ മറ്റൊരു ചെങ്കല്ലറയുമാണ് കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള ഉള്‍ഭാഗത്ത് പല വലിപ്പത്തിലും ആകൃതിയിലുമുള്ള മണ്‍പാത്രങ്ങളും കണ്ടെത്തി. മഹാശിലാ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ അവരുടെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായാണ് ചെങ്കല്ലറകള്‍ നിര്‍മ്മിച്ചിരുന്നത്. മുനിയറ, കല്‍പ്പത്തായം എന്നിങ്ങനെ വിവിധ പേരുകളിലാണ് പ്രാദേശികമായി ചെങ്കല്ലറകള്‍ അറിയപ്പെടുന്നത്. ചെങ്കല്ലറകള്‍ക്ക് പുറമെ നന്നങ്ങാടി, തൊപ്പിക്കല്ല്, കുടക്കല്ല് എന്നിവയും മഹാശിലാ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. ശവസംസ്കാര ചടങ്ങിനായാണ് ഇത്തരത്തിലുള്ള ഗുഹകള്‍ നിര്‍മിച്ചിരുന്നതെന്ന് നന്ദകുമാര്‍ കോറോത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: