ആലപ്പുഴ: കായല്‍വിനോദ സഞ്ചാര മേഖലയില്‍ കണ്ണീരോണം. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ കായല്‍ ടൂറിസം രംഗം ആറു മാസത്തോളമായി പൂര്‍ണമായും സ്തംഭനത്തിലാണ്. ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ ആത്മഹത്യയുടെ വക്കിലാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സീസണ് പൂര്‍ണമായും നഷ്ടപ്പെട്ടു. തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള പണം കൊടുക്കാന്‍ പോലും പണമില്ലെന്ന് ഉടകള്‍ പറയുന്നു. പല ഹൗസ് ബോട്ടുകളും മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളും, പച്ചക്കറി കൃഷിയിടങ്ങളുമായി മാറി കഴിഞ്ഞു.
സര്‍വീസ് നടത്താതെ വെള്ളത്തില്‍ കെട്ടിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപണികള്‍ക്കായി വലിയ തുക മുടക്കേണ്ടി വരുന്നത് ഉടമകള്‍ക്ക് അമിത ഭാരവുമാവുന്നു. ബോട്ടുകളുടെ മേല്‍ക്കൂരയും മറ്റും മാറ്റാതെ പല ബോട്ടുകുളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ചോര്‍ന്നൊലിച്ച് അകത്തെ പ്ലൈവുഡും പെയിന്റിങ്ങും ഉള്‍പ്പെടെ നശിച്ചു. പ്രവര്‍ത്തിക്കാതെ എഞ്ചിനുകള്‍ കേടായി. ബോട്ടിനകത്തെ പലകകള്‍ നശിക്കാന്‍ തുടങ്ങി.
ആലപ്പുഴ, കുമരകം, കൊല്ലം മേഖലകളിലായി രണ്ടായിരം ഹൗസ് ബോട്ടുകളും ബോട്ടുകളിലും അനുബന്ധ മേഖലകളിലുമായി പതിനയ്യായിരത്തിനടുത്ത് തൊഴിലാളികളുമാണ് ഉള്ളത്. നിപയും 2018ലെ പ്രളയവും എല്ലാം ഹൗസ് ബോട്ട് ടൂറിസത്തിന് വലിയ തിരിച്ചടിയായിരുന്നു. 2018ലെ പ്രളയത്തില്‍ നിന്ന് കരകയറി വന്ന സമയത്തുണ്ടായ രണ്ടാം പ്രളയം വലിയ തോതില്‍ തന്നെ മേഖലയെ ബാധിച്ചു. കൊറോണ മുഴുവന്‍ സാദ്ധ്യതകളേയും തകര്‍ത്തു.
നിലവില്‍ ഹൗസ്ബോട്ട് ജിവനക്കാര്‍ ഉപജീവനത്തിനായി മറ്റു തൊഴില്‍ മേഖലകളില്‍ ചേക്കേറി കഴിഞ്ഞു. ഉടമകളാകട്ടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ്. ലക്ഷങ്ങള്‍ ബാങ്ക് വായപയെടുത്തും, ഉള്ള സമ്പാദ്യം മുടക്കിയുമാണ് ഭൂരിഭാഗം പേരും ഈ രംഗത്തേക്ക് എത്തിയത്.
ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് പലരും പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ മോറട്ടോറിയം പിന്‍വലിച്ചാലും ഹൗസ്ബോട്ട് മേഖലയിലുള്ളവരുടെ കയ്യില്‍ പണം വരണമെങ്കില്‍ ചുരുങ്ങിയത് ഒന്നര വര്‍ഷത്തിലധികം വരും. അതിനാല്‍ മോറട്ടോറിയം നീട്ടി നില്കാന് സര്‍ക്കാര്‍ നടപടിയുണ്ടാവണം എന്നതാണ് ബോട്ടുടമകള്‍ പറയുന്നത്. ഹൗസ് ബോട്ട് മേഖല സര്‍ക്കാര്‍ വരുമാനത്തില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. അതെങ്കിലും കണക്കിലെടുത്ത് പ്രത്യേക പാക്കേജ് ഉണ്ടാവണം എന്നതാണ് ഉടമകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: