കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെതിരെ വഞ്ചനാക്കേസ്. മൂന്നു കേസുകളാണ് ചന്ദേര പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് ഡയറക്ടര്‍മാര്‍ക്കുമെതിരെയും മൂന്ന് വഞ്ചനാക്കേസെടുത്തു. സ്വര്ണക്കടയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചു നല്‍കിയില്ലെന്ന പരാതിയിലാണ് കേസെന്ന് പോലീസ് പറഞ്ഞു. ചെറുവത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്വര്‍ണക്കടയുടെ ചെയര്‍മാനായിരുന്നു ഖമറുദ്ദീന്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്കിയ പരാതിയിലാണ് കേസ്. മാനേജിങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍ക്കെതിരെയും കേസുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ചപൂട്ടിയിരുന്നു. 800ഓളം പേര് നിക്ഷേപകരായ സ്ഥാപനത്തില്‍ അവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈമാറി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ എംഎല്‍എയും സംഘവും നേടിയെടുത്തത്.
കാടങ്കോട്ടെ അബ്ദുള്‍ ഷുക്കൂര്‍ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ നിക്ഷേപം ഇങ്ങനെയായിരുന്നു. കമ്പനിയുടെ മറവില്‍ സ്വകാര്യമായാണ് നിക്ഷേപം സ്വീകരിച്ചത്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബെംഗളൂരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പ്പന നടത്തിയിരുന്നതായും ആരോപണമുണ്ട്. പലര്‍ക്കും നിക്ഷേപത്തുക തിരിച്ചു നല്‍കിയെങ്കിലും നിരവധി പേര്‍ക്ക് പണം കിട്ടാനുണ്ടെന്നാണ് വിവരം. കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ കോടതി മുഖാന്തരമല്ലാതെ പോലീസിന് കേസെടുക്കാനുള്ള അധികാരമില്ലെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ഖമറുദ്ദീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: