പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രാദയത്തില്‍ അടിമുടി മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം. ദേശീയ കാഴ്ചപ്പാടോടെയുള്ള വിദ്യാഭ്യാസ സമ്പ്രദായമെന്ന നാളുകള്‍ പഴക്കമുള്ള ആവശ്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നത്. പുതിയ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് അനിരുദ്ധ് ദേശ്പാണ്ഡെ. നാഷണള്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്ക്) മുന്‍ അംഗവും വിദ്യാഭ്യാസ വിദഗ്ധനും കോളേജ് പ്രൊഫസറുമായ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖാണ്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അനിരുദ്ധ് ദേശ്പാണ്ഡെ ഓണ്‍ലൈനിലൂടെ ജന്മഭൂമി പ്രതിനിധികളായ എം. ബാലകൃഷ്ണന്, എസ്.സന്ദീപ് എന്നിവര്‍ക്ക് നല്കിയ അഭിമുഖം.
- പുതിയ വിദ്യാഭ്യാസ നയത്തിലേക്ക് നയിച്ചത് എന്താണ്?
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍, ബ്രിട്ടീഷ് ഭരണത്തില്‍ നടന്നുവന്ന വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് തുടര്‍ന്നത്. എന്നാല്‍ തുല്യവും സമഗ്രവുമായ ഒരു വിദ്യാഭ്യാസ നയം എന്നത് അപ്പോഴും സ്വപ്നമായി. സ്വാതന്ത്ര്യത്തിന് ശേഷം ചെറിയ ചില മാറ്റങ്ങള്‍ വന്നെങ്കിലും ഒരു വലിയ പരിഷ്കരണം എന്നത് യാഥാര്‍ത്ഥ്യമായില്ല. ഇക്വാലിറ്റി (തുല്യത), അഫോര്‍ഡബിലിറ്റി (വാഹകശേഷി), അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വം) എന്നീ മൂന്നു പ്രധാന ഘടകങ്ങളില്‍ ഊന്നിയുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ഏതു മേഖലയിലും അനിവാര്യമാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം മുഴുവന്‍ തെറ്റാണെന്ന നിലപാട് എനിക്കില്ല. എന്നാല്‍ ആധുനിക കാലഘട്ടത്തിനനുസൃതമായ ഘടനാപരമായ മാറ്റങ്ങള്‍ എല്ലായിടത്തും ആവശ്യമാണ്. വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം രാജ്യത്തിന്റെ ജിഡിപിയുടെ ആറുശതമാനത്തിലേക്ക് എത്തിക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര് സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ 2016 മെയ് മാസത്തിലാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പരിഷ്കരണ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം കരട് ദേശീയ വിദ്യാഭ്യാസ നയം 2016നായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. 2017 ജൂണില്‍ വിഖ്യാത ശാസ്ത്രജ്ഞന് പത്മവിഭൂഷണ്‍ ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയില്‍ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള കമ്മറ്റി രൂപീകരിച്ചു. കമ്മറ്റി 2019 മെയ് 31ന് ദേശീയ വിദ്യാഭ്യാസ നയം 2019ന്റെ കരട് മാനവ വിഭവശേഷി വികസന മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ നയമാണ് കന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. 2015 ജനുവരി മുതല്‍ രണ്ടുലക്ഷത്തിലേറെ നിര്‍ദ്ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിന് ലഭിച്ചതെന്നു കൂടി ഓര്‍ക്കണം.
- സ്വാതന്ത്ര്യത്തിന് ശേഷവും പതിറ്റാണ്ടുകളായി തുടരുന്ന കൊളോണിയല്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ പുതിയ വിദ്യാഭ്യാസ നയം വഴി സാധ്യമാകുമോ?
പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം മൂലം രാജ്യത്തെ ഒരു കുട്ടിക്കും പഠിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകത. കേവലം ജയപരാജയങ്ങളല്ല, ഏകപക്ഷീയമായ പഠന രീതികളുമല്ല; മള്‍ട്ടി പര്‍പ്പസ് എഡ്യുക്കേഷന്‍ (വിവിധോദേശ്യ വിദ്യാഭ്യാസം) ആണ് പുതിയ നയത്തിന്റെ കാതല്‍.
ഒരുദാഹരണം പറയാം. ബിരുദ പഠനം മൂന്നുവര്‍ഷമോ നാലുവര്‍ഷമോ ആവാം. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷം ആയാല്‍ അഡ്വാന്‍സ് ഡിപ്ലോമ, മൂന്നുവര്‍ഷത്തിന് ശേഷം ബാച്ചിലര്‍ ഡിഗ്രി, നാലുവര്‍ഷത്തിന് ശേഷം ഗവേഷണത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇടയ്ക്ക് പഠനം അവസാനിപ്പിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും എന്നതാണ് പുതിയ സമ്പ്രദായത്തിന്റെ മേന്മ. സമഗ്രമായ മള്‍ട്ടി ഡിസിപ്ലിനറി എഡ്യുക്കേഷന്‍ എന്നത് ഇന്ത്യക്ക് പുതുതാണ്. ബഹുമുഖമായ പാഠ്യപദ്ധതി, വിഷയങ്ങളുടെ സര്‍ഗ്ഗാത്മകമായ ചേരുവകള്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം, ഉചിതമായ സര്‍ട്ടിഫിക്കേഷനോടു കൂടിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ എന്നീ സവിശേഷതകളാണ് മള്‍ട്ടി-ഡിസിപ്ലിനറി അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാഭ്യാസം വിഭാവനം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലുടനീളം വിദ്യാര്‍ത്ഥികളുടെ ഗവേഷണ ശേഷി വര്ദ്ധിപ്പിച്ചുകൊണ്ടുവരുന്നതിന് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും ഇതോടൊപ്പമുണ്ടാവും. മെഡിക്കല്‍-നിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ മേഖലയെയും ഒരൊറ്റ കുടക്കീഴിലാക്കി ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (എച്ച്ഇസിഐ) കൂടി രൂപീകരിക്കുന്നതോടെ അടിമുടി മാറ്റമാവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വരുംകാലങ്ങളില്‍ ദൃശ്യമാവുക.
- ജയപരാജയങ്ങളുടെ ക്ലാസ് മുറികള്‍ക്ക് അവസാനം വരുത്തുന്നതാണ് പുതിയ വിദ്യാഭ്യാസ നയം എന്നാണ് ആരോപണം. എന്തൊക്കെ ഘടനാപരമായ മാറ്റങ്ങളാണ് നിലവിലെ വിദ്യാഭ്യാസ രീതികളില്‍ വരുത്തുന്നത്?
നേരത്തെ പറഞ്ഞ ഡിഗ്രി മാതൃക തന്നെ ഉദാഹരണം. ഇടയ്ക്ക് പഠനം അവസാനിപ്പിക്കുന്ന വിദ്യാര്‍ഥിക്ക് ഏതുവരെ പഠിച്ചോ അതിനനുസൃതമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിവിധ കാരണങ്ങളാല്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നവര്ക്ക് ഇത് ഏറെ പ്രതീക്ഷകള്‍ നല്കുന്നു. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നേടിയ പലവിധ സര്‍ട്ടിഫിക്കറ്റുകള്‍ അക്കാദമിക് ക്രെഡിറ്റ് രൂപത്തില്‍ ഡിജിറ്റല്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് വഴി കൈമാറി ബിരുദം നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. പരാജയം ഒന്നിന്റെയും അവസാനമല്ല എന്ന കാഴ്ചപ്പാടാണ് ഈ ആശയത്തിന് പിന്നില്‍.
- സ്കൂള്‍ പഠനകാലത്ത് തന്നെ ഒരു വിദ്യാര്‍ത്ഥിക്ക് പത്തോളം ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരം ലഭിക്കുമെന്ന് പറയുന്നു. എങ്ങനെയാണിത്? ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷാ പഠനത്തെ പുതിയ നയം പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ആരോപണം?
10+2+3 എന്ന നിലവിലെ രീതിക്ക് പകരം 5 + 3 + 3 + 4 എന്നതാണ് പുതിയ സ്കൂള്‍ സമ്പ്രദായം. അതായത് 3-8, 8-11, 11-14, 14-18 വയസ്സുകാര്‍ക്കായി പാഠ്യപദ്ധതി പുനക്രമീകരിക്കും. മൂന്നുവര്‍ഷത്തെ അങ്കണവാടി/പ്രീപ്രൈമറി സ്കൂള്‍ വിദ്യാഭ്യാസവും പന്ത്രണ്ട് വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസവുമാണ് പുതിയ നയപ്രകാരം വിഭാവനം ചെയ്തിരിക്കുന്നത്. ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ തൊഴിലധിഷ്ടിത വിദ്യാഭ്യാസവും നല്‍കും.
അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലുള്ള പഠനമാണ് ഏറ്റവും പ്രധാനം. മാതൃഭാഷയോ പ്രാദേശിക ഭാഷയോ വഴി പഠനം സാധ്യമാകുന്നത് വഴി കുട്ടികളുടെ വിഷയങ്ങള്‍ പഠിക്കാനുള്ള കഴിവ് ഉയര്‍ത്താനാവും. ഇതുവരെ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാവാത്ത 3-6 വയസ്സുകാരെക്കൂടി ഉള്‍പ്പെടുത്തുക വഴി ആഗോളതലത്തില്‍ ഒരു കുട്ടിയുടെ മാനസിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക ഘട്ടമായി കണക്കാക്കുന്ന ആ പ്രായത്തെ നമുക്ക് പരമാവധി ഉപയോഗിക്കാന്‍ സാധിക്കും. അഞ്ചാം ക്ലാസിലെ കുട്ടിക്ക് രണ്ടാംക്ലാസില്‍ പഠിപ്പിച്ചതു പോലും എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ത്രിഭാഷാ പഠന സമ്പ്രദായമാണ് ചിലര്‍ക്ക് ഇഷ്ടമാവാത്തത്. ആറു മുതല്‍ എട്ടു ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സംസ്കൃതം അടക്കമുള്ള ഇന്ത്യയുടെ ഭാഷകള്‍ തെരഞ്ഞെടുത്ത് പഠിക്കുന്നതിനുള്ള അവസരം പുതിയ നയം നല്‍കുന്നുണ്ട്. ഇംഗ്ലീഷിനെയോ മറ്റേതെങ്കിലും വിദേശഭാഷകളെയോ അകറ്റി നിര്‍ത്തുന്ന യാതൊന്നും പുതിയ നയത്തിലില്ല. സെക്കന്‍ഡറി തലത്തില്‍ നിരവധി വിദേശഭാഷകള്‍ പഠിക്കുന്നതിനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കുണ്ട് താനും.
നിലവാരം ഉയര്‍ത്തും, ലക്ഷ്യം കാല് നൂറ്റാണ്ട്
നാഷണള്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്ക്) മുന്‍ അംഗവും വിദ്യാഭ്യാസ വിദഗ്ധനും ആര്‍എസ്എസ് അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖുമായ അനിരുദ്ധ് ദേശ്പാണ്ഡെ ഓണ്‍ലൈനിലൂടെ ജന്മഭൂമി പ്രതിനിധികളായ എം. ബാലകൃഷ്ണന്, എസ്. സന്ദീപ് എന്നിവര്‍ക്ക് നല്കിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
- വിദ്യാഭ്യാസത്തെ കേന്ദ്രീകൃതമാക്കുകയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയുമാണ് പുതിയ നയമെന്നാണ് ആരോപണം?
തികച്ചും തെറ്റായ ആരോപണമാണത്. പുതിയ നയം നടപ്പാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന യാതൊന്നും ഇതിലില്ല. ചില പഠനരീതികളെ രാജ്യത്തുടനീളം ഏകരൂപത്തിലാക്കുന്നത് അതിന്റെ ഗുണാത്മകതയ്ക്ക് വേണ്ടിയാണ്. ഇന്ത്യന്‍ ആംഗ്യഭാഷയ്ക്ക് ഏകരൂപം നല്‍കുന്നത് തന്നെ ഇതിനൊരു ഉദാഹരണമാണ്.
പുതിയ നയപ്രകാരം ജില്ലാ പരിഷത്ത്, മുനിസിപ്പാലിറ്റി സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കേണ്ടിവരും. ഇതൊക്കെ താഴെത്തട്ടില്‍ സാധ്യമാക്കാന്‍ വിവിധ സര്‍ക്കാരുകളുടെ ഏകോപനം ആവശ്യമാണ്. സ്പെഷ്യല്‍ എക്കണോമിക് എഡ്യുക്കേഷന്‍ സോണുകള്‍ ചില മേഖലകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്ത്താനാവാശ്യമാണ്.
- സമയബന്ധിതമായി നയംമാറ്റം നടപ്പാക്കുമെന്നതിന്റെ സൂചനകള്‍ പോലും പുതിയ വിദ്യാഭ്യാസനയ പ്രഖ്യാപനശേഷവും ഇല്ലെന്നാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില കേന്ദ്രങ്ങളില്‍നിന്നുള്ള ആരോപണം. എന്നാല്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതിയ പലരും നയംമാറ്റത്തെ സ്വാഗതം ചെയ്യുന്നുണ്ട്?
അടുത്ത അമ്പതുവര്‍ഷത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള മാറ്റമാണ് പുതിയ വിദ്യാഭ്യാസ നയം എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷമുള്ള മാധ്യമ വാര്‍ത്തകള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ അടുത്ത 25 വര്‍ഷമാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം ഉയര്‍ത്താന്‍ പുതിയ നയം വഴിതുറക്കും. പഠനം ഉപേക്ഷിക്കുന്ന വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പുതുവഴികള്‍ തുറക്കുന്നതാണ് നയം. പെണ്‍കുട്ടികള്‍ക്ക് സവിശേഷ പ്രാധാന്യം നല്കുന്ന പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് വലിയ സാമൂഹിക മാറ്റത്തിന് വഴിതുറക്കും. കേന്ദ്രസര്‍ക്കാര്‍ വലിയ സംവിധാനമാണ് നയം മാറ്റത്തിനായി ഒരുക്കാന്‍ പോകുന്നത്. മുപ്പതു ശതമാനം വിദ്യാഭ്യാസ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറും. സ്വകാര്യ-സര്‍ക്കാര്‍ പിന്തുണയോടെയുള്ള പുതിയ നയം നഗര-ഗ്രാമ വത്യാസം വിദ്യാഭ്യാസ മേഖലയില്‍ ഇല്ലാതാക്കും. വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ കരിയറിനും തൊഴില്‍ ലഭ്യതയ്ക്കും ഊന്നല്‍ നല്കുന്ന വിദ്യാഭ്യാസ രീതി രാജ്യത്തിന്റെ യുവജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ളതാണ്. ഇതു തന്നെയാണ് എല്ലാവരും പുതിയ നയത്തെ സ്വാഗതം ചെയ്യാനുള്ള പ്രധാനകാരണവും.
- കോളേജുകളുടെ സ്വയംഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയം. കേരളത്തിലെ സാഹചര്യത്തില്‍ സ്വയംഭരണ കോളേജുകള്‍ക്കെതിരെ പലപ്പോഴും വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നടക്കം കനത്ത വിമര്‍ശം വന്നിട്ടുണ്ട്. സര്‍വ്വകലാശാലകളുടേയും സര്‍ക്കാരുകളുടേയും നിയന്ത്രണത്തിനപ്പുറമാണ് സ്വയംഭരണ കോളേജുകള്‍ എന്ന ആശങ്ക നിലനില്‍ക്കെ, പുതിയ നയം ഇത്തരം കോളേജുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കില്ലേ?
ഇത്തരത്തിലുള്ള ആശങ്കകളുടെ യാതൊരു ആവശ്യവുമില്ല. സ്വയംഭരണ കോളേജുകള്‍ എന്നാല്‍ എല്ലാവര്ക്കും സര്‍വ്വസ്വാതന്ത്ര്യവും നല്കുന്നു എന്ന അര്‍ത്ഥമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാവും ഇതെല്ലാം നടപ്പാവുക. സ്വയംഭരണ കോളേജുകളെ നിയന്ത്രിക്കാന്‍ റെഗുലേറ്റിംഗ് കൗണ്‍സില്‍ ഉണ്ടാവും. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്ക്) മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കണം എല്ലാ സ്വയംഭരണ കോളേജുകളുടേയും പ്രവര്‍ത്തനം. നിരന്തരമായ മേല്‍നോട്ടം ഉണ്ടാവും. അതോറിറ്റി വിത്തൗട്ട് അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്വമില്ലാത്ത അധികാരം) എന്ന സ്ഥിതി ഒരിടത്തും ഉണ്ടാവില്ലെന്നുറപ്പാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണാത്മകത കര്‍ശനമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും സ്വയംഭരണാധികാരങ്ങള്‍ നല്‍കുക. അല്ലാതെ എല്ലാവര്ക്കും സ്വയംഭരണം നല്കുന്ന സ്ഥിതി പുതിയ നയത്തിലുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: