കൊച്ചി: വിമര്‍ശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലങ്ങിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ബാലന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികളെ പിഎസ്സി വിലക്കിയ സംഭവവും ഉണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതുസ്വഭാവമായ ഏകാധിപത്യ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.കണ്ണൂര്‍ മാഫിയയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എഴുത്തുകാരനും ചിന്തകനുമായ സി.ആര്. പരമേശ്വരന് പറഞ്ഞു.
ജനാധിപത്യത്തില്‍ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നത് വോട്ടുബാങ്കുകളാണ് പിന്‍വാതില്‍ നിയമനങ്ങളാല്‍ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് തൊഴില്‍ രഹിതരും അവരുടെ കുടുംബങ്ങളും ഒരു വോട്ട് ബാങ്കാകണം. വരാനിരിക്കുന്ന ചെകുത്താന്മാര്ക്കും അത് ഒരു പാഠമാകണം. പിന്‍വാതില്‍ നിയമനം കാരണം നിയമനം ലഭിക്കാതെ പോയവരുടെ കരുവാളിച്ച മുഖങ്ങള്‍ ഉറക്കം കെടുത്തുന്നവയാണ്. ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന മത്സരപരീക്ഷയില്‍ ജയിച്ചു റാങ്ക് നേടുക, ഒരു നിയമനത്തിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോള്‍ ആ സ്ഥാനങ്ങള്‍ പിന്‍വാതില്‍ നിയമനങ്ങളിലൂടെ നാലാംകിടക്കാരായ പാര്ട്ടിയടിമകള് കൊണ്ട് പോകുന്നത് കാണുക. തങ്ങളുടെ ദാരുണാവസ്ഥയെ കുറിച്ച് അല്‍പ്പമൊന്നു കരഞ്ഞാല്‍ ഈ പരാദങ്ങളാല്‍ ഡീബാര്‍ ചെയ്യപ്പെടുക. ഇതെന്തൊരു സമൂഹമാണ്!
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഭരണമാഫിയക്കെതിരെ ചെറിയ ഒരു വിമര്‍ശനം ഉയര്‍ന്നാല്‍ സമൂഹ്യമാധ്യമങ്ങളില്‍ ഒച്ചയും തെറിയുമായി ചാടി വീഴുന്ന കഴുതപ്പുലികളില്‍ ഭൂരിഭാഗവും ഇത്തരം പരാദങ്ങള്‍ ആണ്. അതില്‍ വര്‍ഗ്ഗഭേദമൊന്നുമില്ല. ശിപായി മുതല്‍ വൈസ് ചാന്‍സലര്‍മാര്‍ വരെയുള്ളവര്‍ ഈ പറ്റിത്തീനിക്കൂട്ടത്തില് ഉണ്ടാകും. നീതിനിഷ്ഠയുള്ള ഒരു രാജ്യമായിരുന്നെങ്കില്‍ ഇത് പോലുള്ള പരസഹസ്രം കാരണങ്ങളാല്‍ അഭിനവ ചെഷ്സ്ക്യുവും പാദദാസന്മാരും പണ്ടേക്കു പണ്ടേ തിരോഭവിക്കുമായിരുന്നു. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ജില്ലാ തലങ്ങളില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ ഫാക്ട് ചെക്ക് എന്നൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: