അബുദാബി: പാലസ്തീനെ പൂര്‍ണമായും കൈയൊഴിഞ്ഞ് യുഎഇ. പാലസ്തീനു വേണ്ടി 1972ല്‍ തയാറാക്കിയ ഇസ്രയേല്‍ ബഹിഷ്കരണ നിയമം യുഎഇ റദ്ദാക്കി. ഫെഡറല്‍ നിയമം നമ്പര്‍ 15 പിരിച്ചുവിട്ട് 2020ലെ ഫെഡറല്‍ നിയമം യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പുറത്തിറക്കി.
ഇസ്രായേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനായി യുഎഇ കരാര്‍ ഉണ്ടാക്കിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന ഇസ്രയേല്‍ ബഹിഷ്കരണ നിയമം റദ്ദാക്കിയത്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രായേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രായേല്‍ പൗരന്മാരുമായോ ഇസ്രയേല്‍ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഉണ്ടാക്കുന്നതിനും സാധിക്കും.
എല്ലാത്തരം ഇസ്രായേലി ചരക്കുകളും ഉല്‍പ്പന്നങ്ങളും യുഎഇയില്‍ പ്രവേശിപ്പിക്കാനും കൈമാറ്റം ചെയ്യാനും കൈവശം വയ്ക്കാനും വ്യാപാരം നടത്താനും ഇനി അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: